ചക്ക സംസ്ഥാന ഫലമായി അംഗീകരിക്കപ്പെട്ടെങ്കിലും സംരംഭകത്വ വളര്‍ച്ചയില്‍ കര്‍ഷകര്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവോടെ ചക്ക സംരംഭകത്വ പരിശീലന പദ്ധതി ഒരുക്കുകയാണ് പത്തനംതിട്ട  ജില്ലയിലെ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം.

ദീര്‍ഘകാലം സൂക്ഷിച്ച് വെക്കാന്‍ കഴിയുന്ന സ്ഥിര പിപണിയിലേക്കുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാണ് കര്‍ഷക സംരംഭകര്‍ക്കാവശ്യം. ഇടിയന്‍ ചക്ക മുതല്‍ പഴുത്ത ചക്ക വരെയുള്ള വിവിധ ഘട്ടങ്ങളിലുള്ള ചക്കയുടെ പ്രാഥമിക സംസ്‌കരണത്തിനുള്ള സാങ്കേതിക പരിശീലനമാണ് അഞ്ച് ദിവസങ്ങളിലായി നടത്തുന്നത്.

സീസണില്‍ ധാരാളമായി വരുന്ന ചക്കകള്‍ കേടുവരാതെ സൂക്ഷിച്ച് വെക്കാനായി ഉണക്കുന്ന രീതികളാണ് നിര്‍ജലീകരണ തത്വത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലനത്തില്‍ നല്‍കുന്നത്.  നിരവധി ഉപോത്പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്നതാണ് പരിശീലനത്തിന്റെ ഗുണം.

ഗുണമേന്മ, പാക്കിങ്ങ്, ലൈസന്‍സിങ്ങ്, ബ്രാന്റിങ്ങ്, ലാബലിങ്ങ്, വിപണി എന്നീ സംരംഭകത്വ ശ്രേണികളെപ്പറ്റിയും അറിവു നല്‍കുന്നു. 

സംരംഭകത്വം തുടങ്ങാന്‍ താല്‍പര്യമുള്ള 30 പേര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക് ഫ്രൂട്ടിലാണ് പരിശീലനം നടത്തുന്നത്.

www.kvkcard.org എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

ഫോണ്‍: 0469 2662094 , 9995857449

Content highlights: Jack fruit processing, Agriculture