നടന്ന് സ്‌കൂളില്‍ പോയിരുന്ന പഴയ തലമുറയുടെ പൊടിപിടിച്ച ഓര്‍മ്മച്ചെപ്പില്‍ നാരാങ്ങാമിഠായിക്കും പുളിമിഠായിക്കുമൊക്കെ ഏറെ മുന്നിലാണ് സ്ഥാനം. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഇത്തരം മിഠായികളുടെ ശേഖരമാണ് വൈക്കത്തു നടന്ന മാതൃഭൂമി കാര്‍ഷിക മേളയുടെ മറ്റൊരു പ്രത്യേകത.

പഴയകാല നാടന്‍ മിഠായികളുടെ വന്‍ശേഖരമുണ്ടിവിടെ. ജീരക മിഠായി, ഗ്യാസ് മിഠായി, തേന്‍ മിഠായി, ഇഞ്ചി മിഠായി, ചോക്ക് മിഠായി, എള്ളുണ്ട, തുടങ്ങി നൂറിലേറെ വിഭവങ്ങളുണ്ട് ഇവിടെ. 

കൊല്ലം സ്വദേശികളായ അജാസും നിജാസും ചേര്‍ന്നാണ് മിഠായി നിര്‍മ്മാണം നടത്തുന്നത്. 

സന്ദര്‍ശകര്‍ക്കായി കപ്പലണ്ടി മിഠായിയും മിക്‌സചര്‍ മിഠായിയും കടല വറുത്തതുമൊക്കെ ലൈവായി ഉണ്ടാക്കി നല്‍കുന്നുമുണ്ടിവര്‍.

ഈ സ്റ്റാളിനു മുന്നിലെത്തിയാല്‍ മുന്നോട്ടു നടക്കാനാകാതെ നമ്മെ പിടിച്ചു നിര്‍ത്തുന്നതും പണ്ട് നുണഞ്ഞ മിഠായിയുടെ മധുരം തന്നെ.