വൈക്കത്തു നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയില്‍ ശ്രദ്ധേയമായി റോസ് ഗാര്ഡന്. വിവിധ നിറത്തിലും തരത്തിലുമുള്ള റോസാച്ചെടികളാണ് വിപണനത്തിനായി മേളയിലെത്തിച്ചിരിക്കുന്നത്.
പട്ട് റോസയും, പനിനീര് റോസയും, ബഡ് ചെയ്തെടുത്ത വിവിധ റോസകളും പൂന്തോട്ടത്തെ മനോഹരമാക്കുന്നു. മഞ്ഞയും ചുവപ്പും നിറങ്ങള്‍ വാരിവിതറിയ മനോഹരമായ പൂന്തോട്ടം കാണുന്നതു തന്നെ കണ്ണിനഴകാണ്. 30 രൂപ മുതല്‍ 100 രൂപ വരെ വിലവരുന്ന റോസകളാണ് മേളയിലുള്ളത്.
കദളിപ്പൂവിന്റെ വിവിധ ഇനങ്ങള്‍ വിവിധയിനം ചെമ്പരത്തികള്‍ തെറ്റികള്‍ ജമന്തികള്‍ എന്നിവയൊക്കെ പൂന്തോട്ടത്തെ മനോഹരമാക്കുന്നു.
ചട്ടിയില്‍ കായ്ക്കുന്ന തായ്ലന്റ് മാവും പേരയുമാണ് തലമൂത്ത താരങ്ങള്‍. ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. തായ്ലന്റ് മാവിന് അഞ്ചടിപൊക്കമാണ്. 400 രൂപയാണ് തായ്ലന്റ് മാവിന്റെ വില. ആള് സീസണ് മല്ലിക, മല്‍ഗോവ, അല്‍ഫോണ്‍സ തുടങ്ങിയ ഇനം മാവിന് തൈകളുമുണ്ട്.
താങ്ങ് ആവശ്യമില്ലാത്ത കുറ്റിക്കുരുമുളക്, റംബൂട്ടാന് ദുരിയാന്‍, ആഫ്രിക്കന്‍ കശുമാവ്, വിശ്വശ്രീ ജാതി, ലക്ഷ്മി തരു, മുള്ളാത്ത, അത്തി, നാരകം, ചാമ്പ തുടങ്ങിയവയുടെയൊക്കെ തൈകളും ഇവിടെ ലഭ്യമാണ്.