കൃഷിക്കനുയോജ്യമായ വളം അന്വേഷിച്ച് നടക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ വലിപ്പ ചെറുപ്പമില്ലാതെ എല്ലാത്തരം സസ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്രദമായ ജൈവവളമാണ് വേപ്പിന്‍ പിണ്ണാക്ക്. 

വൈക്കത്തു നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയിലെ ഒരു പ്രധാന പ്രദര്‍ശന-വിപണന ഇനമാണ് വേമ്പനാട് വേപ്പിന്‍ പിണ്ണാക്ക്. കായിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് വേപ്പിന്‍ പിണ്ണാക്ക് നിര്‍മ്മിക്കുന്നത്.

ആര്യവേപ്പിന്റെ പഴുത്ത് പാകമായി ഉണങ്ങിയ കുരു പൊടിച്ചാണ് വേപ്പിന്‍ പിണ്ണാക്ക് ഉത്പാദിപ്പിക്കുന്നത്. വേപ്പെണ്ണ വേര്‍തിരിച്ചെടുക്കാതെയാണ് പിണ്ണാക്ക് ഉത്പാദിപ്പിക്കുന്നത്. 

തെങ്ങ്, നെല്ല്, വാഴ, കവുങ്ങ്, റബര്‍, കുരുമുളക്, ഏലം, തേയില, പച്ചക്കറികള്‍, വിവിധയിനം ചെടികള്‍ എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ വളമാണ് വേപ്പിന്‍ പിണ്ണാക്ക്. 

ചെടിയുടെ വലിപ്പം അറിഞ്ഞുവേണം വളപ്രയോഗം നടത്താന്‍. ഈ വളപ്രയോഗം മൂലം ചെടിക്ക് ദോഷമായി ഒന്നും സംഭവിക്കില്ല. ചെടിക്ക് എന്നുമാത്രമല്ല, കര്‍ഷകനും ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ഉണ്ടാകില്ല. ഇതില്‍ നിന്ന് എണ്ണവേര്‍തിരിച്ചെടുക്കാത്തതുകൊണ്ടു തന്നെ ഒരു കീടനാശിനിയായി പ്രവര്‍ത്തിച്ച് ഒരു പരിധിവരെ കീടങ്ങളെ നിയന്ത്രിക്കാനും വേപ്പിന്‍ പിണ്ണാക്കിന് കഴിയുന്നു.

കായിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേപ്പിന്‍ പിണ്ണാക്ക് ഉത്പാദിപ്പിക്കുന്നുണ്ട്. ബാബുരാജ് ആണ് വളനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ സര്‍വ്വീസ് സഹകരണ മേഖലയില്‍ വേപ്പിന്‍ പിണ്ണാക്ക് ഫാക്ടറി നടത്തുന്ന ഏക സ്ഥാപനമാണ് കായിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക്.