ചരിത്രപ്രാധാന്യമുള്ള വൈക്കത്തിന്റെ മണ്ണിലാണ് മാതൃഭൂമി കാര്‍ഷിക മേള ഒരുക്കിയിരിക്കുന്നത്. വേമ്പനാട്ട് കായലിന്റെ തീരത്തെ വൈക്കം ബീച്ചിലാണ് ഉത്സവക്കാഴ്ച. കായലില്‍ നിന്ന് ഇളം കാറ്റേറ്റ് വേദിയിലേക്ക് നടക്കുമ്പോള്‍ തന്നെ നമ്മുടെ മനവും മിഴികളും കുളിരും.
പാസ് എടുത്ത് ഉള്ളിലേക്ക് കയറിക്കഴിഞ്ഞാല്‍ വൈക്കത്തിന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രപ്രദര്‍ശനമാണ് നമ്മെ സ്വീകരിക്കുക. ചിത്രങ്ങള്‍ വെറുതെ കണ്ടു പോകാനല്ല, നോക്കി നിന്ന് അതിന്റെ പിന്നിലെ ചരിത്രം മനസ്സിലാക്കാനുണ്ട്. എന്നാല്‍ സന്ദര്‍ശകരുടെ തിരക്ക് മിക്കപ്പോഴും അതിന് അനുവദിക്കാറില്ല.
അകത്തേക്കു കയറുന്തോറും നമ്മളെ കാത്തിരിക്കുന്നത് കണ്ടാല്‍ തീരാത്തത്ര വിശേഷങ്ങളാണ്. കാണാനും വാങ്ങാനും സാധനങ്ങള്‍ നിരവധി. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള ഒരു വേദി കൂടിയാണ് ഇവിടം. അവര്‍ക്കൊപ്പം മറ്റ് സ്റ്റാളുകളും പ്രദര്‍ശനത്തിന്റെ മാറ്റു കൂട്ടുന്നു.
അന്യം നിന്നു പോയ നെല്‍വിത്തുകളുടെ ശേഖരവുമായാണ് വൈക്കം സ്വദേശി പ്രേംലാല്‍ പ്രദര്‍ശനത്തിനെത്തിയത്. 146 ഇനം നെല്‍വിത്തിനങ്ങള്‍ ആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഉള്ളിലേക്ക് കടക്കുമ്പോള്‍ കത്തി തേയ്ക്കുന്ന ശബ്ദം നിങ്ങളുടെ കാതിലേക്ക് എത്തിയാല്‍ സംശയിക്കേണ്ടതില്ല, അത് രാമചന്ദ്രന് കത്തിയുടെ സ്റ്റാളാണ്. ഉരുക്കിലും വാളിലും തീര്‍ത്ത കത്തികളാണ് രാമചന്ദ്രന് കത്തികള്‍. ഇരുമ്പ് മുറിച്ചാല്‍ പോലും കത്തിയുടെ മൂര്‍ച്ച പോകില്ല. വീട്ടമ്മമാരുടെ പ്രിയ സ്റ്റാളുകളിലൊന്നാണ് രാമചന്ദ്രന് കത്തിയുടെ സ്റ്റാള്‍.
കര്‍ഷകര്‍ക്ക് പാര്‍ശ്വ ഫലങ്ങളൊന്നുമില്ലാത്ത വേപ്പിന് പിണ്ണാക്ക് വളം വാങ്ങാനും അതിന്റെ ഗുണങ്ങള്‍ അറിയാനും മേളയില്‍ അവസരമുണ്ട്.
കല്പാത്തി പപ്പടം, പഴയകാല മിഠായികള്‍, മുപ്പതിനം പ്ലാവിന് തൈകള്‍, ചട്ടിയില്‍ കായ്ക്കുന്ന തായ്ലന്റ് മാവും പേരയും, റോസ് ഗാര്‍ഡനുമെല്ലാം കണ്ണുകളെ കുളിര്‍പ്പിക്കുന്നതാണ്. 86 ഇനം അച്ചാറുകളുമായി പാപ്പ്ജോയും സ്റ്റാളൊരുക്കിയിട്ടുണ്ട്. നാടന്‍ പശുക്കളുടെ ശേഖരം, തുണിത്തരങ്ങളും വീട്ടുപകരണങ്ങളും കാണാനും വാങ്ങാനുമുള്ള അവസരം, മാതൃഭൂമിയുടെ പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരം എന്നിവ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
കാഴ്ചയുടെ വസ്മയമൊരുക്കുന്ന കാര്‍ഷിക മേള കാണാന്‍ ഇനി താമസിക്കേണ്ടതില്ല. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.