അന്യം നിന്നു പോയ നെല്ലിനങ്ങളുമായാണ് അനാമയ ഓര്‍ഗാനിക് ക്ലബ് വൈക്കത്തു നടക്കുന്ന മാതൃഭൂമി കാര്‍ഷിക മേളയിലെത്തിയത്. 146 ഇനം നെല്‍ വിത്തിനങ്ങളാണ് അനാമയ ഓര്‍ഗാനിക് ക്ലബിന്റെ സ്ഥാപകന്‍ പ്രേം ലാല്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

തൊണ്ടി, കറുത്ത ചിറ്റേനി, വെളുത്ത ഞവര, ജീരക ശാല, ഓണവട്ടന്‍, ആനക്കോടന്‍, ഓരുകൈമ, തോട്ട തവളക്കണ്ണന്‍, തുടങ്ങിയവ ഇനങ്ങളും പ്രദർശനത്തിലുണ്ട്.

വൈക്കം കച്ചേരിക്കവലയിലാണ് അനാമയ ഓര്‍ഗാനിക് ക്ലബ് പ്രവര്‍ത്തിക്കുന്നത്. ജൈവകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് അനാമയ ഓര്‍ഗാനിക് ക്ലബ് ആരംഭിക്കുന്നത്. വിഷമില്ലാത്ത ഭക്ഷണത്തിലൂടെ രോഗമില്ലാത്ത സമൂഹത്തെ വളര്‍ത്തിയെടുക്കണം എന്ന ചിന്തയാണ് നെല്‍ വിത്തിനങ്ങളുടെ ശേഖരണത്തിലേക്കും ജൈവകൃഷിയിലേക്കും തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അനാമയ ഓര്‍ഗാനിക് ക്ലബിന്റെ ഡയറക്ടര്‍ പ്രേംലാല്‍ പറയുന്നു. നിലവില്‍ 3400 ഇനം നെല്‍വിത്തുകള്‍ ശേഖരിച്ചതായി ഇദ്ദേഹം പറയുന്നു. ഒപ്പം 1200 ഇനം വെണ്ട വിത്തുകളും 100 ഇനം പയറുവിത്തുകളും ശേഖരിച്ചു കഴിഞ്ഞു.

മൂന്നു വര്‍ഷമായി ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. 3080 കുടുംബങ്ങള്‍ ക്ലബില്‍ അംഗമായിക്കഴിഞ്ഞു. വിത്തു ബാങ്ക് സംവിധാനത്തിലൂടെയാണ് ക്ലബ് പ്രവര്‍ത്തിക്കുന്നത്. 

130 കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി അത്താഴമൊരുക്കുന്നതിന് 25 വര്‍ഷമായി തരിശു കിടന്ന അഞ്ചര ഏക്കര്‍ പാടശേഖരത്തില്‍ നെല്‍കൃഷി നടത്തുകയാണിവര്‍. 

വിവിധയിനം പച്ചക്കറി വിത്തുകളും തൈകളും ജൈവ കീടനാശിനിയും ഇവരുടെ പക്കലുണ്ട്. റെഡ് ലേഡി പപ്പായ, നിത്യ വഴുതന, ഫ്രഞ്ച് ബേസില്‍, കൊക്കം, ഗാക്ക്, വെന്റോല, മുള്ളങ്കി, പാലക്ക് ചീര, ബീറ്റ്‌റൂട്ട്, തുടങ്ങി 49 ഇനം തൈകളും ഇവര്‍ പ്രദര്‍ശനത്തിനെത്തിച്ചു.