കേരളത്തിന്റെ തനതു വൃക്ഷമായ തെങ്ങിന്റെ വിവിധ ഇനങ്ങളുമായാണ് മണ്ണാശ്ശേരില്‍ നഴ്സറി വൈക്കത്തു നടക്കുന്ന മാതൃഭൂമി അഗ്രികള്‍ച്ചര്‍ ഫെസ്റ്റിലെത്തിയത്. 

ഗംഗാഗോദാവരി, ആയിരം കാച്ചി, മലേഷ്യന്‍ കുള്ളന്‍, സണ്ണങ്കി, ഗൗളിപാത്രം തുടങ്ങിയ ഇനങ്ങളാണ് ശ്രദ്ധേയം. 

മൂന്നു വര്‍ഷം കൊണ്ട് കായ് തരുന്ന ഇനമാണ് ഗംഗാഗോദാവരി. ഈ ഇനം തെങ്ങുകള്‍ അധികം ഉയരത്തില്‍ വളരില്ല. അതുകൊണ്ടു തന്നെ താഴെ നിന്ന് തേങ്ങ പറിക്കാവുന്നതാണ്. 50 വര്‍ഷമാണ് ഒരു തെങ്ങിന്റെ ആയുസ്.

ആയിരം കാച്ചിയുടെ തേങ്ങയിൽ നിന്ന് കൂടുതൽ വെളിച്ചെണ്ണ ലഭിക്കും. പേരു പോലെ തന്നെ നിറയെ കായ്ഫലമുണ്ടാകും. ഒരു കുലയില്‍ ഇരുന്നൂറ്റി അമ്പത് തേങ്ങ വരെ ഉണ്ടാകും. മുന്നൂറ് രൂപയാണ് ഇവയുടെ വില.

നാല്‍പത് വര്‍ഷം വരെ ആയുസുള്ള ഇനം തെങ്ങുകളാണ് മലേഷ്യന്‍ കുള്ളന്‍. പേരു പോലെ തന്നെ കുള്ളന്‍ തെങ്ങുകളാണിവ. ഇരുന്നൂറു രൂപയാണ് കുള്ളന്‍ തെങ്ങിൻതൈകളുടെ വില.

മറ്റൊരിനം കുള്ളന്‍ തെങ്ങാണ് ഇരുന്നൂറു രൂപവിലയുള്ള സണ്ണങ്കി. ഗൗളീപാത്രം തെങ്ങുകള്‍ നാലുവര്‍ഷമാകുമ്പോള്‍ കായ്ഫലം നല്‍കും. നൂറ്റിയമ്പതു രൂപയാണ് ഇവയ്ക്കു വില വരുന്നത്.

നല്ല വെയില്‍ കിട്ടുന്ന സ്ഥലത്തു വേണം തെങ്ങിന്‍ തൈകള്‍ നടാന്‍. നട്ടതിനുശേഷം തിരിഞ്ഞു നോക്കാതിരുന്നിട്ട് ഒരു ഫലവുമില്ലെന്ന് പരാതി പറയരുതെന്ന് നഴ്‌സറിക്കാര്‍ പ്രത്യേകിച്ച് പറയുന്നുണ്ട്.