പപ്പടം എന്നു കേട്ടാല്‍ എണ്ണയിലിടുമ്പോള്‍ പൊള്ളി വരുന്ന നമ്മുടെ നാടന്‍ പപ്പടങ്ങളുടെ രൂപമാകും മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ രൂപത്തിലും നിറത്തിലും ഉള്ളടക്കത്തിലും അതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് കല്‍പാത്തി പപ്പടം. 

കാരമില്ലാതെ ചൗവ്വരി കൊണ്ടു നിര്‍മ്മിച്ച പപ്പടമാണ് കല്പാത്തി പപ്പടം. ഇരുപതിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള പപ്പടങ്ങളുണ്ടിവിടെ. 

ഉഴുന്നും കാരവും മൈദയും ഒന്നും ചേര്‍ക്കാതെ തികച്ചും ജൈവ രീതിയിലാണ് പപ്പടം നിര്‍മ്മിച്ചിരിക്കുന്നത്. വട്ടത്തിലാണെങ്കിലും ഇത്തിരിക്കുഞ്ഞന്‍ പപ്പടമാണിത്‌.

തക്കാളി പപ്പടം, വറ്റല്‍ മുളക് പപ്പടം, വെളുത്തുള്ളി പപ്പടം, ചീസ് പപ്പടം, ചീരയും ബീറ്റ്‌റൂട്ടും ചേര്‍ന്ന പപ്പടം, പാലക് ചീരയും പച്ചച്ചീരയും ചേര്‍ന്ന പപ്പടം, പച്ച മുളക് പപ്പടം, കാരറ്റ് പപ്പടം, തുടങ്ങി നിരവധി പപ്പടങ്ങള്‍ ഇവരുടെ പക്കലുണ്ട്. 

ലെയ്‌സും മറ്റ് ക്രിസ്പി ഇനങ്ങളും സജീവമായപ്പോള്‍ അതിലൊരു ജൈവീകത കൊണ്ടു വരണമെന്ന ആശയത്തോടെ സാമും കൂട്ടുകാരന്‍ ശ്രീരാഗും സംയുക്തമായാണ് പപ്പട നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. 

250 ഗ്രാം പപ്പടത്തിന് 100 രൂപയാണ് വില. അതില്‍ ഇരുന്നിറിലേറെ പപ്പടമുണ്ടാകും. എണ്ണചേര്‍ക്കാതെയും വറുത്തെടുക്കാം എന്നതാണ് ഈ പപ്പടത്തിന്റെ പ്രത്യേകത. നിലവില്‍ മേളകളില്‍ മാത്രമാണ് കല്‍പാത്തി പപ്പടത്തിന്റെ വിപണനമുള്ളത്. ഉടനെ വിപിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഈ കൂട്ടുകാര്‍.

സാമിന്റെ ഫോണ്‍ നമ്പര്‍: 7356647657