ഒരു കാലത്ത് മലയാളി പിറകിലെറിഞ്ഞു കളഞ്ഞ ചക്കയും ചക്കയിനങ്ങളും താരമാണിവിടെ. മാതൃഭൂമി വൈക്കത്തു സംഘടിപ്പിച്ച കാര്‍ഷിക മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് വിവിധയിനം പ്ലാവിന്‍ തൈകള്‍.

കോഴിക്കോട് സ്വദേശി അനില്‍ കുമാറിന്റേതാണ് ഈ പ്ലാവിന്‍ തൈകളുടെ ശേഖരം. മുപ്പതോളം വൈവിദ്ധ്യമാര്‍ന്ന പ്ലാവിന്‍ തൈകളുണ്ട് അനില്‍കുമാറിന്റെ ശേഖരത്തില്‍. സദാനന്ദവരിക്ക, ഡെങ്‌സൂര്യ, തേന്‍ വരിക്ക, ചെമ്പടാക്ക് വരിക്ക, ഗംലസ്, ചെമ്പരത്തിവരിക്ക, മലേഷ്യന്‍ കുള്ളന്‍, മലേഷ്യന്‍ ഹണി, ആള്‍ സീസണ്‍ തായ്‌ലന്റ് തുടങ്ങി ഒട്ടേറെ ഇനങ്ങള്‍ അനില്‍കുമാറിന്റെ ശേഖരത്തിലുണ്ട്. 

ആള്‍ സീസണ്‍ തായ്‌ലന്റിനാണ് ആവശ്യക്കാരേറെ. ഇതിന് എല്ലാസമയവും കൂടുതല്‍ ചക്ക ലഭിക്കും എന്നതു തന്നെയാണ് ഇതിനെ ജനപ്രിയമാക്കുന്നത്. 300 രൂപയാണ് ആള്‍ സീസന്റെ വില.

ചവിണി ഇല്ലാത്ത ചെമ്പടാക്ക് വരിക്കയും കുരുവില്ലാത്ത സീഡ്‌ലെസ് വരിക്കയും കറയില്ലാത്ത ഗംലസ് വരിക്കയും മുട്ടന്‍ വരിക്കയും താമര വരിക്കയും പഞ്ചസാര വരിക്കയും പ്രശാന്തി വരിക്കയുമൊക്കെ ചെടിച്ചട്ടിയില്‍ വരെ വളര്‍ത്താവുന്ന കുള്ളന്‍ വരിക്കയും കോസരി വരിക്കയും ഇക്കൂട്ടത്തിലുണ്ട്. 200 മുതല്‍ 500 വരെ വിലയുള്ള പ്ലാവിന്‍ തൈകളാണ് അനില്‍കുമാറിന്റെ ശേഖരത്തിലുള്ളത്. 

എല്ലാത്തരം ചെടികളും കിട്ടുന്ന ഒരു നഴ്‌സറിയായിരുന്നു തുടക്കത്തില്‍. പ്ലാവിന്‍തൈകള്‍ക്ക് ആവശ്യക്കാരേറിയതോടെ പ്ലാവിന്‍ തൈകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുയെന്ന് അനില്‍കുമാര്‍ പറയുന്നു.

വിവിധ സ്ഥലങ്ങളില്‍ നിന്ന് പുതിയ ഇനം തൈകള്‍ കണ്ടെത്തി കൊണ്ടു വരും. ആവശ്യക്കാര്‍ക്കായി തൈകള്‍ ഉത്പാദിപ്പിച്ച് കൊടുക്കാറുണ്ടെങ്കിലും ചില ഘട്ടങ്ങളില്‍ ആന്ധ്രപ്രദേശ്. കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നെല്ലാം അനില്‍കുമാര്‍ തൈകള്‍ വാങ്ങി നല്‍കാറുണ്ട്.

ജാക്ക് പോയിന്റ് എന്ന പേരില്‍ അനില്‍കുമാര്‍ കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അനില്‍ കുമാര്‍: 8086504336