പയ്യന്നൂര്‍: കര്‍ഷകരുടെ സ്വന്തം ഉത്പന്നങ്ങള്‍ സ്വന്തമാക്കാന്‍ കാര്‍ഷികമേളയില്‍ എത്തിയവരുടെ തിരക്ക്. വെളിച്ചെണ്ണ, സോപ്പ്, തേന്‍, ചക്കവറുത്തത്, പച്ചച്ചക്ക, മഞ്ഞള്‍പ്പൊടി, പാചകത്തിനൊരുക്കിയ ചക്ക തുടങ്ങിയവയെല്ലാം സ്റ്റാളിലുണ്ട്. കര്‍ഷകരുടെ കൂട്ടായ്മയില്‍ നാളികേര വികസന ബോര്‍ഡിനുകീഴില്‍ രജിസ്റ്റര്‍ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കര്‍ഷകരുടെ കമ്പനിയായ തേജസ്വിനി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയാണ് ഇവ ഒരുക്കിയത്.

നാളികേര വികസന ബോര്‍ഡിന്റെയും നബാര്‍ഡിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്ഥാനം ചെറുപുഴയാണ്. നാളികേര സംഭരണ സംസ്‌കരണകേന്ദ്രം പെരിങ്ങോത്ത് നിര്‍മാണത്തിലാണ്. കമ്പനിയുടെ കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 14 ഫെഡറേഷനുകളും 272 നാളികേര ഉത്പാദക സംഘങ്ങളും ഉണ്ട്. 22,500 കര്‍ഷകരാണ് കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ജൈവ സര്‍ട്ടിഫിക്കേഷന്‍ നേടിയ നാനൂറോളം കര്‍ഷകരും കമ്പനിയുടെ കൂട്ടായ്മയിലുണ്ട്.

നീര, ജൈവവളം തുടങ്ങിയവയും കമ്പനി ഉത്പാദിപ്പിക്കുന്നു. കര്‍ഷക കൂട്ടായ്മയില്‍ ജൈവ കൃഷിയിലൂന്നിയ പുതിയ കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി. കര്‍ഷകരും കമ്പനിയുടെ ഡയറക്ടര്‍മാരുമായ വിന്‍സെന്റ് തലാപ്പള്ളില്‍, ജോസ് അഗസ്റ്റ്യന്‍ ഉറുമ്പുകാട്ട്, മാനുവല്‍ മാത്യു എന്നിവര്‍ നേരിട്ടാണ് വിപണനം നടത്തുന്നത്.