കൃഷി ചെയ്യാതെ കിട്ടുന്നതാണ് ഏറ്റവും നല്ല ഭക്ഷണമെന്ന ഓര്‍പ്പെടുത്തലുമായി മാതൃഭൂമിയുടെ കാര്‍ഷിക മേളയില്‍ ചിലര്‍. നാടന്‍ മാവ്, പ്ലാവ്,നെല്ലി,ഞാവല്‍ പോലുള്ള പഴങ്ങളും കായ്കളുമാണ് ഏറ്റവും നല്ല ഭക്ഷണമെന്നാണ് ഇവര്‍ പറയുന്നത്. അവരവരുടെ ഭക്ഷണം അവരവര്‍ക്കു തന്നെ ഉത്പാദിപ്പിച്ചുകൂടേ? ചോദിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ആലപ്പടമ്പ് സ്വദേശിയും കിഴങ്ങു വര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ കര്‍ഷകനുമായ വിജയന്‍. ഇവരുടെ കൂട്ടായ്മ മേളയിലെത്തിച്ചിരിക്കുന്നത് പലയിടങ്ങളില്‍ നിന്നായി ശേഖരിച്ച് സംരക്ഷിച്ച വിവിധയിനം കാച്ചിലുകളാണ്. 

'കമ്പോളത്തെ ആശ്രയിക്കാതെ ജീവിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഭക്ഷണം കഴിക്കുന്നവരെല്ലാം ഭക്ഷ്യോത്പാദനത്തില്‍ പങ്കാളികളാകണം. കിഴങ്ങു വര്‍ഗ്ങ്ങളെ സംരക്ഷിക്കണമെന്ന് ഓര്‍മിപ്പിക്കാനായി കിഴങ്ങുത്സവം എന്നൊരു പരിപാടി ഞങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അരി മാത്രം കഴിച്ചാല്‍ ജീവിക്കാന്‍ പറ്റുമോ? ഒരു നേരം കിഴങ്ങുകിട്ടുമ്പോള്‍ കിഴങ്ങു കഴിക്കുക. ഒരുനേരം ചക്ക കിട്ടുമ്പോള്‍ ചക്ക മാത്രം കഴിക്കുക. കാച്ചില്‍ കിട്ടുന്ന സമയത്ത് കാച്ചില്‍ മാത്രം കഴിക്കുക. എങ്കില്‍ മാത്രമേ നമുക്ക് ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയൂ'. വിജയന്റെ അഭിപ്രായത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? 

KAACHILഇവര്‍ പരിചയപ്പെടുത്തുന്ന കാച്ചിലുകളുടെ ചില ഇനങ്ങളും അവയുടെ പ്രത്യേകതകളും

ഇഞ്ചിക്കാച്ചില്‍ (വെള്ളക്കാച്ചില്‍)

മണ്ണിലേക്ക് അധികം താഴ്ന്നിറങ്ങാത്ത ഈ ഇനത്തിന്റെ തൊലിക്ക് മഞ്ഞയും വയലറ്റും ചേര്‍ന്ന നിറവും ഉള്‍ഭാഗം വെള്ള നിറവുമാണ്. പല ആകൃതിയിലുള്ള കിഴങ്ങുകള്‍ കണ്ടുവരുന്നു. നല്ല സ്വാദിഷ്ഠമായ ഇനമാണ്  ഇഞ്ചിക്കാച്ചില്‍.  ഇഞ്ചി കൃഷിയോടൊപ്പമാണ് ഇത് സാധാരണയായി നടുന്നത്. അതുകൊണ്ടാണ് ഇഞ്ചിക്കാച്ചില്‍ എന്ന പേര് ലഭിച്ചത്. 

ചോരകാച്ചില്‍, നിലകാച്ചില്‍

ബീറ്റ്‌റൂട്ടിന്റെ തൊലി പോലെ പുറം ഭാഗത്തിന് ചുവപ്പ് കലര്‍ന്ന നിറമാണ്. പല ആകൃതിയില്‍ വളരുന്ന കിഴങ്ങുകള്‍ പല നിറങ്ങളില്‍ കണ്ടുവരുന്നു. നീണ്ട് ഉരുണ്ടു വളരുന്ന കിഴങ്ങുകളും പലക പോലെ വീതിയില്‍ വളരുന്ന കിഴങ്ങുകളുമുണ്ട്.

നീണ്ടി കാച്ചില്‍,മാട്ടുകാച്ചില്‍

ഇവയുടെ പുറംതൊലി കറുപ്പോടുകൂടിയ കാപ്പിക്കളറാണ്. താഴ്ചയില്‍ വളരുന്ന കിഴങ്ങിന്റെ മുകള്‍ ഭാഗം ഉള്ളില്‍ മഞ്ഞ കലര്‍ന്ന നിറവും താഴേയ്ക്ക് വെള്ളനിറത്തിലുമാണ്‌

 

തൂണന്‍ കാച്ചില്‍

പുറം തോലിന് തവിട്ടു കലര്‍ന്ന വെള്ള നിറവും അകം തൂവെള്ളയുമായ ഈ ഇനം കാച്ചില്‍ തൂണുപോലെ താഴേക്കു വളരുന്നു. ശരാശരി വിളവ് 2-3 കിലോഗ്രാം ആണ്. 

കവലകുത്തി

ഉരുണ്ട് നീണ്ട് താഴേയ്ക്ക് വളരുന്ന ഇനം കാച്ചില്‍ ആണിത്. ഒരു വള്ളിയില്‍ മൂന്ന് നാല് എണ്ണം ഒന്നിച്ചുണ്ടാകുന്നു. ഇതിന്റെ കിഴങ്ങിന് തൂണന്‍ കാച്ചിലിനോട് സാമ്യവും നല്ല സ്വാദുമുണ്ട്. നല്ല തൂക്കമുള്ള കിഴങ്ങ് ലഭിക്കുന്നു. 

KAACHILഉരുളന്‍ കാച്ചില്‍

ഉരുണ്ട ആകൃതിയിലുള്ള ചെറിയ കിഴങ്ങുകളാണ് . പുറംഭാഗം ഇളംകാപ്പിക്കളറും അകത്തെ തൊലി വയലറ്റു കലര്‍ന്ന നിറവുമുള്ള ഈ കാച്ചിലിന്റെ ഉള്‍ഭാഗം വെള്ള നിറമുള്ളവയും ഇളം വയലറ്റ് കലര്‍ന്ന വെള്ളനിറമുള്ളവയുമായി കണ്ടു വരുന്നു.വേവിക്കുമ്പോള്‍ ചെറിയ മധുരം അനുഭവപ്പെടുന്നു. 

മണ്ണൂറാന്‍ കാച്ചില്‍

വിളവെടുക്കുമ്പോള്‍ ഒരു മണ്‍കട്ടപോലെ തോന്നിക്കുന്ന ഈ ഇനം മണ്ണിലേക്ക് അധികം താഴ്ന്നിറങ്ങാറില്ല. കിഴങ്ങിന്റെ പുറംതൊലി കാപ്പി നിറം കലര്‍ന്നതാണ്.

ഭരണി കാച്ചില്‍

കിഴങ്ങിന് ഭരണിയുടെ ആകൃതിയുള്ള ഈ കാച്ചിലിന്റെ പുറംതൊലിക്ക് ഇളംകാപ്പിക്കളറാണ്. ഉള്‍ഭാഗം ഇളംവയലറ്റ് നിറമുള്ള ഇതിന്റെ കിഴങ്ങ് വേവിക്കുമ്പോള്‍ സുഗന്ധമുള്ളതാണ്.

പരിചക്കോടന്‍ കാച്ചില്‍

പരിചയുടെ ആകൃതിയില്‍ മണ്ണിലേക്ക് അധികം താഴാതെ വളരുന്ന കിഴങ്ങുകളാണ് .പുറംതൊലി വെള്ള കലര്‍ന്ന കാപ്പി കളറും. ഉള്‍ഭാഗം വെള്ളനിറവുമാണ്

കടുവാകയ്യന്‍ കാച്ചില്‍

കടുവയുടെ കൈയോട് സാദൃശ്യം തോന്നുന്ന കിഴങ്ങായതിനാലാകാം ഇതിന് കടുവാകയ്യന്‍ എന്ന പേര് ലഭിച്ചത്.പരന്ന ആകൃതിയിലുള്ള കിഴങ്ങ് മണ്ണില്‍ അധികം താഴ്ന്നിറങ്ങുന്നില്ല. പുറംതോല്‍ അല്‍പ്പം കട്ടികൂടിയതും ഇരുണ്ടനിറമുള്ളതുമാണ്‌. അകം വെള്ളനിറമാണ്. ഒരുവള്ളിയില്‍ ഒന്നിലധികം കിഴങ്ങുകള്‍ ഉണ്ടാകാറുണ്ട്.

ഭക്ഷ്യസുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ കിഴങ്ങുവര്‍ഗങ്ങള്‍ക്ക് പ്രത്യേകപ്രാധാന്യം നല്‍കണമെന്ന് ഓര്‍മിപ്പിക്കാനാണ് ഇവര്‍ പയ്യന്നൂരിലെ കാര്‍ഷിക മേളയിലെത്തിയിരിക്കുന്നത്.