പയ്യന്നൂര്‍: ഇത് തേനീച്ചകളുടെ തോഴനായി നാടറിയുന്ന വെദിരമന വിഷ്ണനമ്പൂതിരി. മുഖത്തും താടിയിലും തലയിലും തേനീച്ചകള്‍ക്ക് കൂടൊരുക്കി, സന്ദര്‍ശകരോട് സൗഹൃദം പങ്കിട്ട്, രുചിക്കാന്‍ തേന്‍ നല്‍കി മാതൃഭൂമി കര്‍ഷികമേളയില്‍ അദ്ദേഹം ശ്രദ്ധേയനാകുന്നു. മകന്‍ ഡോ. കേശവന്‍ വെദിരമനയില്‍നിന്ന് തേനിച്ചകളെ വാരിയെടുത്താണ് പ്രദര്‍ശനത്തിന് തുടക്കമിട്ടത്.

അരവഞ്ചാലിലെ ശങ്കരന്‍കുട്ടി, കോറോത്തെ ജൈവകര്‍ഷകന്‍ ടി.കെ.ചന്ദ്രന്‍, കെ.വി.കണ്ണന്‍ എന്നിവര്‍ക്കൊപ്പം എട്ടാം ക്ലാസ്സുകാരന്‍ അംബരീഷും തേനീച്ച പ്രദര്‍ശനത്തിലെ കണ്ണിയാണ്.

അരനൂറ്റാണ്ടിലേറെയായി തേനീച്ച പരിപാലനരംഗത്ത് സക്രിയമായ വിഷ്ണു നമ്പൂതിരി, തേനീച്ചയുടെയും തേനിന്റെയും ഔഷധമൂല്യം പകര്‍ന്ന് കേശവ തീരം ആയുര്‍വേദഗ്രാമത്തിലൂടെ ആയുര്‍വേദത്തിന്റെ അനന്ത സാധ്യതകള്‍ ജനങ്ങളിലെത്തിക്കുന്നു.