പയ്യന്നൂര്‍: തിരിനന കൃഷിയെന്ന ബോര്‍ഡ് കാണുമ്പോള്‍ ആളുകള്‍ അല്പമൊന്നു മടിക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ രീതിയാണെന്നും വെള്ളം കുറച്ച് മതിയെന്നും കാണുമ്പോള്‍ അടുത്തു വരും. പ്രായോഗികമാണോ എന്ന ആശങ്ക ബാക്കിയാവും. ലളിതമായ സാമഗ്രികള്‍ കാണുമ്പോള്‍ താത്പര്യമേറും. പിന്നെ അത് വിശദമാക്കേണ്ട ചുമതല ഷെരീഫിന്റേതാണ്. പൂക്കൃഷിയും മറ്റ് നൂതന കൃഷിരീതികളും പരീക്ഷിക്കുന്ന ചെറുപുഴ സ്വദേശി തണ്ടയില്‍ ഷെരീഫിന്റേതാണ് തിരി നന കൃഷിയുടെ സ്റ്റാള്‍.

വെറും 2500 രൂപയുടെ സാധനങ്ങള്‍ മതി പത്ത് ഗ്രോബാഗില്‍ കൃഷി ചെയ്യാന്‍. ടെറസിലോ, മുറ്റത്തോ, വരാന്തയിലോ എവിടെ വേണമെങ്കിലും കൃഷി ചെയ്യാം. കുറഞ്ഞ സ്ഥലംമതി. മണ്ണും ചെളിയും ഒലിച്ചിറങ്ങുമെന്ന ഭീതി വേണ്ട. നാലിഞ്ച് പി.വി.സി. പൈപ്പും ഓരോ ബെന്‍ഡും സ്റ്റോപ്പറും മതി വെള്ളം സംഭരിക്കാന്‍. പൈപ്പിനു മുകളിലായി മണ്ണും ചാണകവും നിറച്ച ഗ്രോബാഗ് വെയ്ക്കാന്‍ രണ്ട് വീതം സിമന്റ് ഇഷ്ടികയും മണ്ണ് ഇഷ്ടികയും വേണം. പൈപ്പില്‍നിന്ന് ഗ്രോബാഗിലേക്ക് വെള്ളം കയറാന്‍ തിരിയും മതി ഈ കൃഷിക്ക്. പൈപ്പില്‍ നിറച്ച വെള്ളം ആവശ്യത്തിന് തിരി വഴി ഗ്രോബാഗിലെത്തും. പച്ചക്കറി, പൊതിന, മല്ലിച്ചപ്പ്, ചോളം, വെള്ളരി, മുളക് അങ്ങനെ വേണ്ടതെല്ലാം കൃഷി ചെയ്യാം.

 പത്ത് ദിവസം കൂടുമ്പോള്‍ വെള്ളം ഒഴിച്ചാല്‍ മതി. ഒരാഴ്ച യാത്ര പോയാലും ചെടി വാടില്ല. പത്ത് ഗ്രോബാഗിന് പത്ത് ദിവസത്തേക്ക് വേണ്ടി ഒരു പ്രാവശ്യം പൈപ്പ് നിറച്ചാല്‍ മതി. ലളിതമായ ഈ കൃഷിരീതി എല്ലാവര്‍ക്കും ഇഷ്ടപ്പെടും. ഒരിക്കല്‍ എല്ലാം ഒരുക്കിയാല്‍ കുറഞ്ഞത് പത്ത് വര്‍ഷത്തേക്ക് ഉപയോഗിക്കാം. മൂന്നു വര്‍ഷം കൂടുമ്പോള്‍ ഗ്രോബാഗ് മാറ്റി നിറച്ചാല്‍മതി. 

നഗരത്തിലുള്ളവര്‍ക്കും ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്കും അനുയോജ്യമാണിത്. കണ്ണൂര്‍ ആത്മയുടെ സാങ്കേതിക വിദ്യയാണ് പ്രയോഗികമാക്കിയിരിക്കുന്നത്. ഷെരീഫിനൊപ്പം മാര്‍ഗദര്‍ശകനും കൃഷിയില്‍ വഴികാട്ടിയുമായ കണ്ണിവയല്‍ ടി.ടി.ഐ.യിലെ പ്രഥമാധ്യാപകന്‍ കെ.കെ.ജലാലുമുണ്ട്.