പ്പിളും മുന്തിരിയുമൊക്കെ വീട്ടില്‍ നട്ടുവളര്‍ത്തുന്നുവെന്നു കേട്ടാല്‍ എന്തിനാണ് അവരെ പരിഹസിക്കുന്നത്? ഇതൊന്നും കേരളത്തിലെ വീട്ടുപറമ്പില്‍ വിളയാത്തതാണോ? ആര്‍ക്കാണ് സംശയമുള്ളത്? അങ്ങനെ നിരുത്സാഹപ്പെടുത്തിയവര്‍ക്കുള്ള മറുപടിയായാണ് വിനു തന്റെ വീട്ടുപറമ്പില്‍ മനോഹരമായ മുന്തിരിപ്പന്തല്‍ ഉണ്ടാക്കിയിരിക്കുന്നത്. 

കൊച്ചിയില്‍ വൈറ്റിലയ്ക്കടുത്ത് ഏരൂരിലാണ് ഒപ്റ്റിക്കല്‍ ഷോപ്പ് നടത്തുന്ന വിനുവിന്റെ വീട്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്തിരിക്കൃഷിയോടുള്ള താത്പര്യവുമായി കൃഷിഭവനില്‍ ചെന്നു കയറിയപ്പോള്‍ അവിടെ ആരും വലിയ താത്പര്യമൊന്നും കാണിക്കാഞ്ഞത് ഈ ചെറുപ്പക്കാരനെ അല്‍പ്പമൊന്ന് നിരുത്സാഹപ്പെടുത്തി. എങ്കിലും പിന്‍വാങ്ങിയില്ല. ഇന്റര്‍നെറ്റില്‍ തപ്പി മുന്തിരിക്കൃഷിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് നഴ്‌സറിയില്‍പ്പോയി മുന്തിരി തൈകള്‍ വാങ്ങിക്കൊണ്ടുവന്നു. പത്തോ പതിനഞ്ചോ പ്രാവശ്യം നട്ട ചെടികളെല്ലാം നശിച്ചുപോയി.എന്നിട്ടും കൃഷിയുമായി മുന്നോട്ടു തന്നെ പോയി. ഒടുവില്‍ വിനുവിന്റെ ഉദ്യമം ഫലം കണ്ടു. നിറയെ മുന്തിരിക്കുലകളുമായി ചെടികള്‍ പടര്‍ന്നു പന്തലിച്ചു. ഒന്നര വര്‍ഷത്തിനുശേഷമായിരുന്ന ആദ്യത്തെ വിളവെടുപ്പ്. 

grape

'മുന്തിരിയുടെ കായ്കള്‍ എല്ലാം ഒന്നിച്ച് പഴുക്കാന്‍ വേണ്ടിയാണ് മരുന്ന് കുത്തിവെക്കുന്നത്. മാര്‍ക്കറ്റിലെത്തിക്കാനുള്ള തന്ത്രമായാണ് ഇങ്ങനെ ഒരുമിച്ചു പഴുപ്പിക്കുന്നത്. നമ്മള്‍ വീട്ടിലുണ്ടാക്കുന്ന മുന്തിരികള്‍ ഒരുമിച്ച് പഴുപ്പിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ടുതന്നെ മരുന്നുപ്രയോഗവും വേണ്ട. ഈ മുന്തിരിച്ചെടികള്‍ 40 വര്‍ഷത്തോളം ഇങ്ങനെ നിലനില്‍ക്കും.' ഒരു വലിയ കൃഷിക്കാരനല്ലെന്ന ഓര്‍മപ്പെടുത്തലോടെ വിനു പറഞ്ഞു തുടങ്ങുകയാണ്. 

കൃഷിരീതി

' വെള്ളം കെട്ടി നില്‍ക്കാത്തതും ധാരാളം സൂര്യപ്രകാശം കിട്ടുന്നതുമായ സ്ഥലമാണ് മുന്തിരിയുടെ തൈ നടാന്‍ അനുയോജ്യം. ഏകദേശം ഒരടി വിസ്തീര്‍ണത്തിലും ആഴത്തിലുമുള്ള കുഴിയാണ് എടുക്കേണ്ടത്. മുന്തിരിവള്ളി വളര്‍ന്നുവരുമ്പോള്‍ താങ്ങു കിട്ടാനായി ഉറപ്പും നീളവുമുള്ള ഒരു കമ്പി കുഴിയുടെ അരികിലായി ഉറപ്പിച്ചു നിര്‍ത്തണം. ചെടിയുടെ ചുവട്ടില്‍ ഈര്‍പ്പം നിലനിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. കുഴിയുടെ അരികില്‍ മൂന്നോ നാലോ ചകിരിയുടെ തൊണ്ടുകള്‍ വൃത്താകൃതിയില്‍ വെച്ചുകൊടുക്കണം.'

'ഒന്നിലധികം തൈകള്‍ നടുമ്പോള്‍ കുഴികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലമുണ്ടായിരിക്കണം. കുഴിയില്‍ മുക്കാല്‍ ഭാഗവും മണലും വളങ്ങളും നിറയ്ക്കണം. മണ്ണിര കമ്പോസ്റ്റ്, ചാണകം,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിച്ചത്.' മണ്ണിലുണ്ടാകുന്ന ആക്രമണകാരികളില്‍ നിന്നും കീടങ്ങലില്‍ നിന്നും ചെടികളുടെ വേരുകളെ സംരക്ഷിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് സഹായിക്കുമെന്ന് വിനു തന്റെ അനുഭവത്തില്‍ നിന്ന് പറയുന്നു.

തയ്യാറാക്കിയ കുഴിയിലേക്ക് ഗ്രോബാഗില്‍ വളരുന്ന തൈ മണ്ണോടുകൂടി ചുവടിന് ഇളക്കം തട്ടാതെ പ്ലാസ്റ്റിക് കവര്‍ ഊരിമാറ്റിയ ശേഷം ഇറക്കിവെക്കുകയായിരുന്നു പിന്നീട്. എല്ലാ ദിവസവും രാവിലെ നന്നായി നനച്ചുകൊടുക്കണം. 

grape

കൃത്യമായ പരിപാലനം അത്യാവശ്യം

കൃത്യമായ ഇടവേളകളില്‍ വളം നല്‍കണം. ചാണകപ്പൊടിയും കാലിവളങ്ങളുമാണ് അഭികാമ്യം. ഓരോ പിടി വേപ്പിന്‍ പിണ്ണാക്കും കടലപ്പിണ്ണാക്കും രണ്ടു ലിറ്റര്‍ വെള്ളത്തിലിട്ട് ബക്കറ്റില്‍ അടച്ചുവെക്കണം. 24 മണിക്കൂറിനുശേഷം രണ്ടോമൂന്നോ ഇരട്ടിവെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. മാസത്തില്‍ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യണമെന്നാണ് വിനു പറയുന്നത്. 

അടുക്കളയില്‍ നിന്ന് പുറത്തേക്കുകളയുന്ന മീന്‍ കഴുകിയ വെള്ളവും ചെടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇലകളില്‍ ഫംഗസ് ബാധയുണ്ടെങ്കില്‍ വേപ്പെണ്ണ വെള്ളത്തില്‍ ലയിപ്പിച്ച് സ്‌പ്രേ ചെയ്യാം. ബോര്‍ഡോ മിശ്രിതവും ഉപയോഗിക്കാം.

ഇഷ്ടമുള്ള രീതിയില്‍ മുന്തിരി വളര്‍ത്താന്‍ പ്രൂണിങ്ങ് 

മുന്തിരിച്ചെടിയുടെ ചുവട്ടില്‍ നിന്നും ആരോഗ്യമുള്ള ഒരു വള്ളിയെ മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചു കളയണം. പടര്‍ത്താന്‍ ഉദ്ദേശിക്കുന്ന പൊക്കത്തില്‍ വളരുമ്പോള്‍ വീണ്ടും അറ്റം മുറിക്കണം. അവിടെ നിന്നും വള്ളികള്‍ വീണ്ടും രണ്ടോ മൂന്നോ ശാഖകളായി വളരാന്‍ തുടങ്ങും. 

ഒന്നര വര്‍ഷത്തിനുശേഷമാണ് മുന്തിരി വള്ളി നന്നായി വളര്‍ന്ന് പ്രൂണിങ്ങ് ചെയ്യാനായി തയ്യാറാകുന്നത്. ഇതിനിടയില്‍ നേരത്തെ നിലനിര്‍ത്തിയ ശാഖകളില്‍ നിന്നും ഉപശാഖകള്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ടാകും. അവയാണ് പ്രൂണ്‍ ചെയ്യേണ്ടത്. എല്ലാ ഉപശാഖകളിലെയും ഒരു ബഡ് വളരാനുള്ള നീളം കഴിഞ്ഞ് ബാക്കിയുള്ളവ മുറിച്ചുകളയണം. എല്ലാ ഉപശാഖകളും തമ്മില്‍ കുറഞ്ഞത് ആറ് ഇഞ്ച് അകലമുണ്ടായിരിക്കുന്നതാണ് നല്ലത്.  ഇടയിലുള്ള എല്ലാ ശാഖകളും അതോടൊപ്പം താഴോട്ട് വളരുന്ന ശാഖകളും മുറിച്ചു നീക്കണം. ഓരാഴ്ച കഴിയുമ്പോള്‍ മുറിച്ച ശാഖകളിലെല്ലാം പുതിയ മുകുളങ്ങളും പൂവും വന്നുതുടങ്ങുമെന്ന് വിനു പറയുന്നു. ഏകദേശം 90 ദിവസങ്ങള്‍ കഴിയുമ്പോള്‍ മുന്തിരി കായ്കള്‍ പഴുത്തുതുടങ്ങും. 

വിളവെടുക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചുവട്ടില്‍ വെള്ളമൊഴിക്കുന്നത് കുറച്ചാല്‍ മുന്തിരി കായ്കള്‍ക്ക് കൂടുതല്‍ മധുരം ലഭിക്കുമെന്നതാണ് വിനുവിന്റെ കണ്ടെത്തല്‍. ഇനി ധൈര്യമായി പരീക്ഷിച്ചു നോക്കിക്കോളൂ. മനോഹരമായ മുന്തിരിപ്പന്തലൊരുക്കാന്‍ തയ്യാറാകാം.