മട്ടാഞ്ചേരി: അടുത്ത വര്‍ഷം രാജ്യത്ത് കുരുമുളക് ഉത്പാദനം കൂടുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ കൊളംബോയില്‍ ചേര്‍ന്ന അന്താരാഷ്ട കുരുമുളക് സമൂഹത്തിന്റെ (ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി) വാര്‍ഷിക സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചത്. അടുത്ത വര്‍ഷം 64,000 ടണ്‍ കുരുമുളക് രാജ്യത്ത് ഉത്പാദിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. നടപ്പ് വര്‍ഷം 57 ടണ്ണാണ് ഉത്പാദനം.

ബ്രസീല്‍, ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പെപ്പര്‍ കമ്മ്യൂണിറ്റിയിലുള്ളത്. ശ്രീലങ്കയില്‍ അടുത്ത വര്‍ഷം ഉത്പാദനം 18,000 ടണ്ണായി കുറയുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. നടപ്പ് വര്‍ഷം അവര്‍ക്ക് 25,000 ടണ്ണായിരുന്നു ഉത്പാദനം. ശ്രീലങ്കയില്‍നിന്ന് ഇക്കുറി കൂടുതല്‍ കുരുമുളക് ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുകയും ചെയ്തു. വിയറ്റ്നാമില്‍ അടുത്ത വര്‍ഷം 1,70,000 ടണ്‍ മുളക് ഉത്പാദിപ്പിക്കുമെന്നാണ് കണക്ക്.
 
ഈ വര്‍ഷം 1,80,000 ടണ്ണായിരുന്നു ഉത്പാദനം. ബ്രസീലില്‍ ഇക്കുറി 55,000 ടണ്‍ കുരുമുളക് ഉത്പാദിപ്പിക്കും. നടപ്പ് വര്‍ഷവും ഇതേ അളവിലായിരുന്നു ഉത്പാദനം. ഇന്‍ഡൊനീഷ്യയില്‍ നടപ്പ് വര്‍ഷം 70,000 ടണ്ണായിരുന്നു ഉത്പാദനം. അടുത്ത വര്‍ഷം 65,000 ടണ്ണായി കുറയും. ഇന്ത്യയുടെ ആഭ്യന്തര ഉപഭോഗം ഏതാണ്ട് 60,000 ടണ്ണായി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കുരുമുളകിന് ഇവിടെത്തന്നെ ആവശ്യക്കാരുണ്ട്. കയറ്റുമതി ഗണ്യമായി കുറഞ്ഞു. ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ കുരുമുളക് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തു. കുരുമുളകിന് കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞ വില നിശ്ചയിച്ചതോടെ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വില അല്‍പ്പം കൂടിയിട്ടുമുണ്ട്.