പത്തിരിപ്പാല: പൊന്തക്കാട് വെട്ടിത്തെളിയിച്ച് മണ്ണുകിളച്ച് വിത്തെറിയുമ്പോള്‍ അത്രയൊന്നും ആത്മവിശ്വാസം ഈ വീട്ടമ്മമാര്‍ക്ക് ഇല്ലായിരുന്നു. വിത്തുമുളച്ച് പൂത്ത് പയറും വെണ്ടയും പടവലവും കൈനിറച്ച് കിട്ടിയപ്പോള്‍ പച്ചക്കറിക്കൃഷി നല്‍കുന്ന ആത്മസംതൃപ്തിയിലാണിപ്പോള്‍ ഓരോ വീട്ടമ്മമാരും.

ലക്കിടി-പേരൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ അതിര്‍ക്കാട് ഹരിത യൂണിറ്റാണ് പഞ്ചായത്തിന്റെ തരിശുഭൂമിയില്‍ പാട്ടക്കൃഷി പദ്ധതിയില്‍ ജൈവ പച്ചക്കറിക്കൃഷി തുടങ്ങിയത്. ഒന്നര ഏക്കര്‍ തരിശുഭൂമിയില്‍ 20 വീട്ടമ്മമാര്‍ ചേര്‍ന്ന് കാലവര്‍ഷാരംഭത്തില്‍ കൃഷി ആരംഭിച്ചു. കുറ്റിപ്പയര്‍, വള്ളിപ്പയര്‍, തക്കാളി, പടവലം, വെണ്ട എന്നിവയ്ക്കു പുറമേ കൂര്‍ക്ക, കപ്പ തുടങ്ങിയ കിഴങ്ങുകളും നട്ടിട്ടുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് തിരഞ്ഞെടുത്ത 20 പേരുടെ ഹരിത യൂണിറ്റാണ് പച്ചക്കറിക്കൃഷി സംഘം.

ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് സമ്മിശ്ര കൃഷി തുടരുന്നത്. മണ്ണുകിളച്ച് തടമുണ്ടാക്കി അതില്‍ ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ചാരം എന്നിവ ചേര്‍ത്തു. വിത്ത് മുളച്ചശേഷം ഓരോ ആഴ്ചയിലും ചാണകവെള്ളവും ആട്ടിന്‍ കാഷ്ഠം പൊടിച്ചതും വളമായി നല്‍കിയെന്ന്, നേതൃത്വം നല്‍കുന്ന എ.ഡി.എസ്. കെ.സി. കുഞ്ചി പറഞ്ഞു.

ഇപ്പോള്‍ രണ്ടുദിവസത്തിലൊരിക്കല്‍ പയര്‍ മാത്രം 25 കിലോയിലധികം ലഭിക്കുന്നു. വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വില്പന.

പച്ചക്കറി അഞ്ച് ഏക്കറില്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ഡംഗം കെ. സന്തോഷ് പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തതയായും വരുമാനമാര്‍ഗമായും പച്ചക്കറിവിപണി തുടങ്ങാനും പദ്ധതിയുണ്ട്. വേനലില്‍ ജലസേചന സൗകര്യം ഏര്‍പ്പെടുത്തി വേനല്‍ക്കാല പച്ചക്കറിക്കൃഷിക്കും തുടക്കമിടുമെന്ന് സന്തോഷ് പറഞ്ഞു.

Content highlights: Agriculture, Organic farming