രാമനാട്ടുകര നഗരമധ്യത്തിലെ കെട്ടിടത്തിനുമുകളില്‍ നൂറുമേനി പച്ചക്കറി വിളവെടുത്ത് യുവാവ്. വൈറ്റ് മാജിക്ക് ഷൂട്ടിങ് ഫ്‌ളോര്‍ ഉടമയായ ഷിബി എം. വൈദ്യരാണ് രാമനാട്ടുകര-എയര്‍പോര്‍ട്ട് റോഡില്‍ സഫ ബില്‍ഡിങ്ങിന്റെ ഏറ്റവും മുകളില്‍ പച്ചക്കറിക്കൃഷി ചെയ്യുന്നത്. 

സഫ ബില്‍ഡിങ്ങില്‍ കാരശ്ശേരി ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന തന്റെ ഓഫീസ് വൃത്തിയാക്കിയ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ് പതിവ്. വരള്‍ച്ചക്കാലത്ത് വെള്ളം ഒഴുക്കിക്കളയുന്നതിലെ മനോവിഷമം ഓര്‍ത്ത് രണ്ടുവര്‍ഷം മുമ്പാണ് കൃഷിയാരംഭിച്ചത്. ടെറസിനു മുകളില്‍ കുറച്ച് ഗ്രോബാഗുകളില്‍ മണ്ണുനിറച്ച് അതില്‍ പച്ചക്കറിവിത്തുകള്‍ നട്ടു. 

ഇവ നനയ്ക്കാനായി വെള്ളം ഉപയോഗിക്കാന്‍ തുടങ്ങി. ആദ്യ തവണതന്നെ ഭേദപ്പെട്ട വിളവ് ലഭിച്ചതോടെ കൃഷിയൊരു ശീലമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രോബാഗുകളുടെ എണ്ണംകൂട്ടി കൃഷി വിപുലപ്പെടുത്തിയപ്പോള്‍ ഓഫീസ് ക്ലീന്‍ ചെയ്യുന്ന വെള്ളം മതിയാവാതെ വന്നു. 

അധികവെള്ളം ശേഖരിക്കാന്‍ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയിലെ ഓവര്‍ഫ്‌ലോ ഉപയോഗിച്ചു. മഴവെള്ളം ശേഖരിക്കാനുമാരംഭിച്ചു. കൃഷിക്കായി ഗ്രോബാഗും വിത്തുകളും മാത്രമാണ് വിലകൊടുത്തു വാങ്ങുന്നത്. ഒഴുക്കിനിടെ സമീപത്തെ ഓടയില്‍ വന്നടിയുന്ന മണ്ണ് ശേഖരിച്ച് അതില്‍ വേപ്പ് പിണ്ണാക്കും കടലപ്പിണ്ണാക്കും ചുണ്ണാമ്പും എല്ലുപൊടിയും നിശ്ചിത അളവില്‍ ചേര്‍ത്ത് ഗ്രോബാഗില്‍ നിറയ്ക്കും. 

വളരുന്ന ചെടികളുടെ ആരോഗ്യത്തിനായി വെള്ളത്തില്‍ കുതിര്‍ത്തിയ ശീമക്കൊന്നയില്‍ അല്‍പ്പം ഈസ്റ്റ് ചേര്‍ത്ത് തയ്യാറാക്കുന്ന ലായനി നേര്‍പ്പിച്ച് ചെടിയുടെ മുരടുകളില്‍ തളിക്കും. ശര്‍ക്കരയും മത്തിയും തുല്യ അളവില്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ് അഥവാ മീനമൃതാണ് പച്ചക്കറികള്‍ക്കുള്ള ടോണിക്ക്. 

നേരം ഇരുട്ടുമ്പോള്‍ മാത്രം പുറത്തുവരുന്ന പട്ടാളപ്പുഴുവാണ് ഷിബിയുടെ ഏക ശത്രു. വളരെ പെട്ടെന്ന് പെരുകി വിള തിന്നു നശിപ്പിക്കുന്ന ഈ നിശാശലഭ ലാര്‍വയെയും അതിജീവിച്ച ചരിത്രവും ഈ കര്‍ഷകനവകാശപ്പെടാനുണ്ട്. അതോടെ നമ്മുടെ കാലാവസ്ഥയ്ക്കിണങ്ങുന്ന എല്ലാതരം പച്ചക്കറിയും ഇവിടെ നൂറുമേനി വിളയുന്നു. 

ഒഴിവുസമയം കൃഷിക്കായി അദ്ധ്വാനിക്കുന്നുണ്ടെങ്കിലും വിളവൊന്നും വില്‍പ്പന നടത്തുന്നില്ല. തന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ടെറസ് സൗജന്യമായി വിട്ടുതന്ന കെട്ടിട ഉടമയ്ക്കും നല്‍കുകയാണ് പതിവ്. അടുത്ത സീസണില്‍ ഉള്ളി പരീക്ഷിക്കാനൊരുങ്ങുകയാണ് ഷിബിയിപ്പോള്‍.

Content Highlights: Vegetable Farming In Terrace