വിത്തുഗുണം പത്തുഗുണമെന്നത് പച്ചക്കറി കൃഷിയുടെ കാര്യത്തില്‍ ഒന്ന് പരിഷ്‌കരിക്കാമെന്ന് തോന്നുന്നു. പ്രോട്രേയില്‍ പച്ചക്കറി തൈ വിതരണം ചെയ്യുന്നത് നമ്മുടെ നാട്ടിന്‍പുറത്ത് പോലും പുതുമയല്ലാതായതോടെ പ്രോട്രേ തൈയുടെ ഗുണമെന്ന് പഴഞ്ചൊല്ലിനെയും പുതുക്കാം.

പച്ചക്കറി വിളകളുടെ പരിപൂര്‍ണ ഉത്പാദനം സാധ്യമാകണമെങ്കില്‍ കരുത്തും ആരോഗ്യവും കീടരോഗ വിമുക്തവുമായ തൈകള്‍ ഉപയോഗിക്കണം. ലോലമായ പച്ചക്കറിതൈകളെ ആക്രമിക്കുന്നതിന് ഒരുങ്ങി നില്‍ക്കുന്നത് കീടരോഗങ്ങളുടെ വിപുലമായ ശത്രുസൈന്യമായതിനാല്‍ ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ടതുണ്ട്.

ശക്തിയുള്ള തണ്ടും സമൃദ്ധമായ വേരുവളര്‍ച്ചുയം ഗുണമേന്മാ മാനദണ്ഡങ്ങളില്‍ പച്ചക്കറിതൈ പ്രഥമ സ്ഥാനം നല്‍കുന്നു. കീടരോഗ വിമുക്തമാകണമെന്ന കാര്യത്തില്‍ തര്‍ക്കമേയില്ല. പച്ചക്കറിത്തൈകള്‍ക്ക് തുല്യമായ ഉയരവും നിവര്‍ന്ന തണ്ടും കടുംപച്ച നിറവും നിര്‍ബന്ധം തന്നെ. 

വായുസഞ്ചാരം ലഭ്യമാക്കുന്നതിനും ഈര്‍പ്പം നിലനിര്‍ത്തുന്നതിനുമായാണ് കോക്പിറ്റ് എന്നു വിളിക്കുന്ന ചകിരിച്ചോറ് മാധ്യമമാക്കുന്നത്. സാധാരയായ 2, 4 എന്നീ ഗ്രേഡുകളില്‍ ലഭിക്കുന്നതും വളരെ ഭാരം കുറഞ്ഞതും മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കള്‍ അടങ്ങിയതുമായ വസ്തുവാണ് വെര്‍മിക്കുലൈറ്റ്. 

തൈകള്‍ക്ക് വളരുവാനുള്ള മാധ്യമത്തിന്റെ ഭാഗമാകാന്‍ വെര്‍മിക്കുലൈറ്റിന് കഴിയും. വെളുത്ത നിറത്തിലുള്ള അലുമിനിയം സിലിക്കേറ്റ് പൊടി മാധ്യമത്തിന്റെ നീര്‍വാര്‍ച്ചയും വായുസഞ്ചാരവും വര്‍ദ്ധിക്കുന്നതിനാണ് സഹായിക്കുന്നത്.

മാധ്യമം തയ്യാറാക്കിയ ശേഷം അവ ട്രേകളില്‍ നിറയ്ക്കുന്നു. ഇനി ശ്രദ്ധയോടെ വിത്തു പാകാം. രോഗപ്രതിരോധത്തിനായി വിത്ത് സ്യൂഡോമോണാസില്‍ പുരട്ടേണ്ടതാണ്. മഞ്ഞ, നീല നിറത്തിലുള്ള കെണികള്‍ സ്ഥാപിച്ച് കീടങ്ങളെ പ്രതിരോധിക്കാം. കൃത്യമായ പ്രായത്തില്‍ തന്നെ തൈകള്‍ പറിച്ചു നടണം. വൈകുന്നേരങ്ങളില്‍ പറിച്ചു നടുന്നതാണ് ഉത്തമം. പറിച്ചു നട്ടാല്‍ ഉടന്‍ തന്നെ നനച്ചു കൊടുക്കണം.

Content highlights: Agriculture, Organic farming, Vegetables