കാടുപിടിച്ച കിടന്നിരുന്ന മലഞ്ചെരിവ് പച്ചക്കറി കൃഷിയുടെ ഉദ്യാനമാക്കി മാറ്റി യുവകര്‍ഷകന്‍.  മടിക്കൈ കാരക്കോട്ടെ സാബുവാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഏഴേക്കര്‍ കുന്നിന്‍ ചെരിവില്‍ പച്ചക്കറിക്കൃഷി നടത്തി വിജയത്തിന്റെ വിളവെടുപ്പ് തുടരുന്നത്.  മുഴുവന്‍ സമയ കര്‍ഷകനായിരുന്ന അച്ഛന്‍ കുണ്ടകശ്ശേരി കെ.ഡി.ജോസഫിന്റെ വഴിയില്‍ ചെറുപ്പം മുതല്‍ സാബു കൃഷിയിലും പശുവളര്‍ത്തലിലും ആകൃഷ്ടനായിരുന്നു.   

കാഞ്ഞങ്ങാട് പട്ടണത്തില്‍ ടാക്‌സി ഡ്രൈവറായിരുന്ന സാബു അച്ഛന്റെ മരണശേഷമാണ് മുഴുവന്‍ സമയ കര്‍ഷകനായി മാറിയത്. വീടിന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള കോടോം ബേളൂരിലെ കാട്ടിയടുക്കം ഗവ. യു.പി. സ്‌കൂളിനടുത്താണ് സാബുവിന്റെ പച്ചക്കറിത്തോട്ടം. വളരെക്കാലം മുന്‍പ് പുനംകൃഷി നടത്തിയിരുന്ന കാടുപിടിച്ച് കിടന്നിരുന്ന ഏഴേക്കര്‍ പാട്ടത്തിനെടുത്തായിരുന്നു സാബുവിന്റെ കൃഷി. കാടുകള്‍ വെട്ടിത്തെളിച്ച്  സ്ഥലം കൃഷിക്കളമാക്കുന്നതിന് സാബുവിന് ഒന്നരലക്ഷത്തോളം ചെലവായി. പണിക്കാര്‍ക്കൊപ്പം രാപകല്‍ ഭേദമില്ലാതെ ഒരാഴ്ചയിലധികം ജോലിയെടുത്താണ് ഭൂമി കൃഷിക്കളമാക്കിയതെന്ന് സാബു പറയുന്നു.

agriസമ്മിശ്ര കൃഷിരീതിയാണ് സാബു നടത്തിയത്. പയര്‍, തക്കാളി, വഴുതന, പാവയ്ക്ക, വെള്ളരി, കക്കിരി, പടവലം, ചോളം, കുമ്പളം, മത്തന്‍, ഇഞ്ചി, മഞ്ഞള്‍, ചുരക്ക, കോവക്ക, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ്, കൂവ, കപ്പ തുടങ്ങിയ വിളകള്‍ സംയോജിപ്പിച്ചു കൊണ്ടായിരുന്നു സാബുവിന്റെ കാര്‍ഷികമുന്നേറ്റം.  ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി. കാലിവളമാണ് പ്രധാനമായി ഉപയോഗിച്ചത്. കീടബാധയെ ചെറുക്കാന്‍ ജൈവ കീടനാശിനി കൃഷിയിടത്തില്‍ സാബു സ്വയം തയ്യാറാക്കി. ഇത്തവണ ഓണത്തിനായി ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത് നാടന്‍ കക്കിരിയിനമായിരുന്നു. 75 ക്വിന്റലോളം കക്കിരി വിളവെടുക്കാനായി. കോടാം ബേളൂരിലെയും മടിക്കൈയിലെയും കുടുംബശ്രീ ഓണച്ചന്തയിലേക്കാവശ്യമുള്ള പച്ചക്കറികള്‍ ഇത്തവണയെത്തിയത് സാബുവിന്റെ കൃഷിത്തോട്ടത്തില്‍നിന്നാണ്.  

തുടര്‍ച്ചയായി ലഭിച്ച കാലവര്‍ഷത്തിനു ശേഷം ഇടക്കാലത്തുണ്ടായ കനത്തവേനല്‍ ഇത്തവണ സാബുവിന് തിരിച്ചടിയായി മാറിയിരുന്നു. കുന്നിന്‍ചെരിവില്‍ തികച്ചും മഴയെ ആശ്രയിച്ചായിരുന്നു സാബുവിന്റെ കൃഷി.  കനത്ത വേനലില്‍ കൃഷിത്തോട്ടത്തിന്റെ പലഭാഗവും ഉണങ്ങിപ്പോയി. കൃഷിവകുപ്പ് വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിര്‍ബന്ധിച്ച് ചേര്‍ത്തിരുന്നെങ്കിലും കൃഷിനഷ്ടത്തിന്റെ കണക്കുമായി ചെന്നപ്പോള്‍ കൈമലര്‍ത്തുകയായിരുന്നുവെന്ന് സാബു വെളിപ്പെടുത്തി. കൃത്യമായ വിപണിമൂല്യം കിട്ടിയാല്‍ ഒരു കൃഷിയും നഷ്ടമല്ലെന്നാണ് സാബുവിന്റെ പക്ഷം.

Content highlights: Agriculturem Organic farming