കാഞ്ഞിരപ്പള്ളി: സ്ഥലപരിമിതിയാണ് സ്വന്തമായി വീട്ടില്‍ പച്ചക്കറിത്തോട്ടമൊരുക്കാന്‍ പലര്‍ക്കും തടസ്സം. എന്നാല്‍ ഒരു ചെടിച്ചട്ടി വെക്കാന്‍ ഇടമുണ്ടെങ്കില്‍ എത്ര കിലോ പച്ചക്കറിയും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മ. കുന്നുംഭാഗം കണിച്ചുകാട്ട് ബിസ്മി ബിനുവാണ് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് നേടുന്നതിനായി വെര്‍ട്ടിക്കല്‍ കൃഷിരീതിയിലൂടെ പച്ചക്കറി കൃഷി നടത്തുന്നത്. മൂന്ന് അടിയോളം പൊക്കത്തില്‍ ഇരുമ്പുവല വളച്ചെടുത്ത് ഗ്രീന്‍നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകള്‍ നടുന്നതാണ് ഈ കൃഷിരീതി. ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേര്‍ക്കും. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയില്‍ നിര്‍മിക്കുന്ന കൂടയ്ക്കുള്ളില്‍ മുപ്പതോ നാല്പതോ വരെ തൈകള്‍ നടാനാകും എന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകതയെന്ന് ബിസ്മി പറയുന്നു. 10 മുതല്‍ 15 കിലോഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളില്‍ നിന്ന് ലഭിക്കും. ബിസ്മിയുടെ വീട്ടുമുറ്റത്ത് ഇത്തരത്തില്‍ ഉള്ളി, കിഴങ്ങ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, വിവിധയിനം ചീര എന്നിവ വെര്‍ട്ടിക്കല്‍ രീതിയില്‍ കൃഷി ചെയ്തിട്ടുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറിയെടുക്കുന്നതിനൊപ്പം ജൈവ പച്ചക്കറി മാര്‍ക്കറ്റുകളിലേക്ക് പച്ചക്കറി നല്‍കി ചെറിയ വരുമാനവും ലഭിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് മാത്രമാണ് കൃഷി. 

മനസ്സുണ്ടോ വഴിയുണ്ട്

കൃഷിയോട് താത്പര്യവും മനസ്സും ഉണ്ടെങ്കില്‍ വീട്ടുമുറ്റത്തെ പച്ചക്കറി തോട്ടം യാഥാര്‍ത്ഥ്യമാകാന്‍ സ്ഥലപരിമിതി തടസ്സമെല്ലെന്നാണ് ബിസ്മി പറയുന്നത്. ടെറസിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് ഈ കൃഷിരീതി. മണ്ണും വളവും നിറച്ച കമ്പിവല ഉപയോഗിച്ച് നിര്‍മിക്കുന്ന കൂട ചെടിച്ചട്ടിക്കുള്ളില്‍ വെക്കുന്നതിനാല്‍ ടെറസിനും കേടുപാടുകള്‍ ഉണ്ടാകുന്നതില്‍നിന്ന് സംരക്ഷിക്കും. കൃഷിയോടുള്ള താത്പര്യം കൊണ്ടുള്ള അന്വേഷണത്തിലാണ് ഈ ആശയം ലഭിച്ചതെന്നും ബിസ്മി പറയുന്നു. 

വെര്‍ട്ടിക്കല്‍... ഗ്രോബാഗ്...

വെര്‍ട്ടിക്കല്‍ രീതിക്ക് പുറമേ ഗ്രോബാഗിലും വിവിധയിനം പച്ചക്കറികള്‍ ബിസ്മി വീട്ടുമുറ്റത്ത് കൃഷി ചെയ്തിട്ടുണ്ട്. കാബേജ്, പയര്‍, സ്വിസ് ഗാര്‍ഡ് ചീര, മല്ലി, പുതിന തുടങ്ങിയവയും ബിസ്മിയുടെ കൃഷിയിടത്തിലുണ്ട്. തണുത്ത അന്തരീക്ഷം ആവശ്യമായവയ്ക്ക് വാഴപ്പിണ്ടി തൈയുടെ ചുവട്ടില്‍ ഇട്ട് നല്‍കിയാണ് പരിരക്ഷിക്കുന്നത്. ഇതിനുപുറമേ വിവിധയിനം ചെടികളുടെയും ഔഷധസസ്യങ്ങളുടെയും പച്ചക്കറിതൈകളുടെയും വില്പനയും വീടിനോട് ചേര്‍ന്ന് നടത്തിവരുന്നു. ഭര്‍ത്താവ്: ബിനു ജോര്‍ജ്. മക്കള്‍: ബിബിന്‍, മിന്നു, മീനു. 

Content highlights: Agriculture, Terrace farming