'ന്ദ്രേട്ടന്‍ എവിടെയാ... ഒരു ഓട്ടമുണ്ട്' ഈ വിളികേട്ട് ഓരോ സ്ഥലങ്ങളിലും യാത്രക്കാരെ എത്തിക്കുന്നതായിരുന്നു 35 വര്‍ഷമായി ജീവിതം. മാര്‍ച്ച് കഴിഞ്ഞതോടെ കഥമാറി. പിന്നെ കോവിഡ് പടര്‍ന്നു, ലോക്ഡൗണ്‍ വന്നു... ഓട്ടം പ്രതീക്ഷിച്ചുള്ള കാത്തിരിപ്പുകള്‍ വെറുതെയായി... ജീവിതം വഴിമുട്ടിയ ഒരുപാടുപേരില്‍ ചന്ദ്രനും കുടുംബവും പെട്ടു.

പക്ഷേ, ജീവിതത്തിന്റെ വളയംവിടാതെ മുന്നോട്ടുപോവാന്‍ ചന്ദ്രന്‍ പച്ചക്കറിക്കൃഷി തുടങ്ങി. പാലക്കാട്, കൊടുമുണ്ടയില്‍ തന്റെ വീട്ടിനടുത്ത് പാട്ടത്തിനെടുത്ത 50 സെന്റ് സ്ഥലത്ത് ചന്ദ്രന്‍ പച്ചക്കറിക്കൃഷി തുടങ്ങി. പണിക്കാരെ വെക്കാനൊന്നും പണമില്ലായിരുന്നു. അങ്ങനെ, വീട്ടിലെ എല്ലാവരും കര്‍ഷകരായി. നിലം തയ്യാറാക്കലും ഏരി മാടലുമൊക്കെയായുള്ള പണിക്ക് ചന്ദ്രനൊപ്പം ഭാര്യ ബാലാമണിയും മക്കളായ ശ്രുതിയും ശ്രേയയും ശ്രിദ്ധയും സഹായത്തിനെത്തി. കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷിക്കാരായി.

പയറും വെണ്ടയും വഴുതനയും ചീരയും ചേമ്പും കുംഭവാഴയും മുളകും തക്കാളിയും എല്ലാമായി പച്ചക്കറിക്കൃഷി ഉഷാറായി. വിഷു കഴിഞ്ഞതോടെ നന്നായി വളരാന്‍ തുടങ്ങി. അടുത്തുനിന്ന് ചാണകപ്പൊടി കിട്ടിയതോടെ ജൈവക്കൃഷി തന്നെയായി. കൃഷിക്കുള്ള നനയായിരുന്നു അടുത്ത വില്ലന്‍. 

മഴ കിട്ടിയില്ല. പട്ടാമ്പിയിലെ ലോക്ഡൗണ്‍ കാലം നീണ്ട് പോവുകയുമായപ്പോള്‍ വെള്ളമെത്തിക്കാന്‍ മറ്റ് വഴിയില്ല. വീട്ടിലെ കിണറ്റില്‍നിന്ന് വെള്ളം കോരിക്കൊണ്ടുപോയിട്ടായി തോട്ടം നനയ്ക്കല്‍. അതിനും കുടുംബത്തിലുള്ളവര്‍ മാത്രം. എല്ലുമുറിയെയുള്ള അധ്വാനം വെറുതെയായില്ല. പച്ചക്കറികള്‍ നന്നായി കായ്ക്കാന്‍ തുടങ്ങി. വിപണിയിലേക്ക് എത്തിക്കാനും തുടങ്ങി. 

ജൈവ പച്ചക്കറിയായതിനാല്‍ അവയ്ക്ക് ഏറെ പ്രിയം. ഓണക്കാലത്തെ നല്ല വിളവെടുപ്പാണ് ഇനി ലക്ഷ്യം. 'ഞങ്ങള്‍ കുടുംബം ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. കോവിഡുകാലം കഴിഞ്ഞാലും കൃഷി ഒപ്പമുണ്ടാകും' -ചന്ദ്രന്റെ വാക്ക്.

Content Highlights: Success story of Chandran, an organic farmer from palakkadu