കുമിഞ്ഞുകൂടുന്ന മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതാണ് മാലിന്യനിര്‍മാര്‍ജനത്തിലെ പ്രാഥമിക തത്ത്വം. മണ്ണിരയെ ഉപയോഗിച്ച് ജൈവമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കി മാറ്റിയാല്‍ നമുക്കാവശ്യമായ പച്ചക്കറി ഉണ്ടാക്കുന്നതിനുള്ള പിന്‍ബലവുമായി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍  മിഷന്‍ പദ്ധതിപ്രകാരം സബ്സിഡിയോടുകൂടി മണ്ണിര  കമ്പോസ്റ്റ് ഒരുക്കുന്നതിന് കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്നു. ഒമ്പതുമീറ്റര്‍ നീളവും രണ്ടരമീറ്റര്‍ വീതിയും 75 സെന്റിമീറ്റര്‍ ഉയരവുമുള്ള മണ്ണിരക്കമ്പോസ്റ്റ് ടാങ്കിന് പരമാവധി 50,000 രൂപയാണ് സാമ്പത്തികാനുകൂല്യം. വലുപ്പത്തിനനുസരിച്ച് സബ്സിഡിയില്‍ മാറ്റംവരും.

പറമ്പില്‍ സുലഭമായ തെങ്ങോല മുതല്‍ ഏത് ജൈവാവശിഷ്ടവും മണ്ണിര കമ്പോസ്റ്റാക്കാം. തറനിരപ്പില്‍ നിന്ന് ഒരടി ഉയരം വരെ ജൈവാവശിഷ്ടം നിറച്ചശേഷം പച്ചച്ചാണകം കലക്കി ഒഴിക്കണം. ജൈവവാതക പ്ലാന്റില്‍നിന്ന് പുറത്തുവരുന്ന സ്ലറിയും ഉപയോഗിക്കാം. ജൈവാവശിഷ്ടം ആദ്യം അഴുകുമ്പോള്‍ ഉണ്ടാകുന്ന ചൂട് മണ്ണിരയ്ക്ക് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ അത് അഴുകിക്കഴിഞ്ഞതിന് ശേഷം മാത്രമേ മണ്ണിരയെ നിക്ഷേപിക്കാവൂ.

ജൈവാവശിഷ്ടം കൊണ്ട് ടാങ്ക് നിറയ്ക്കാം. ഒന്നിടവിട്ട ദിവസങ്ങളില്‍ നനവ് നിര്‍ബന്ധം. കടുത്ത വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ ഓല ഷെഡ് കെട്ടി സംരക്ഷിക്കണം. ഉറുമ്പ് മണ്ണിരയുടെ പ്രധാന ശത്രുവാണ്. ടാങ്കിന്റെ നാലുഭാഗത്തും വെള്ളംകെട്ടി നിര്‍ത്തി ഉറുമ്പില്‍നിന്ന് മണ്ണിരയെ സംരക്ഷിക്കാം.  മൂന്നു മാസത്തിനകം തയ്യാറാകുന്ന മണ്ണിര കമ്പോസ്റ്റില്‍ ശരാശരി രണ്ടു ശതമാനം വീതം നൈട്രജനും പൊട്ടാഷും ഒരു ശതമാനം ഫോസ്ഫറസും വിളകള്‍ക്ക് എളുപ്പം വലിച്ചെടുക്കാവുന്ന രീതിയില്‍ അടങ്ങിയിരിക്കുന്നു. മണ്ണിര കമ്പോസ്റ്റിന് സാമ്പത്തികാനുകൂല്യം ആഗ്രഹിക്കുന്ന കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം.

Content highlights: Vermi compost, Subsidy, Agriculture, Organic farming