കൃഷിരീതിയിലെ തനിമ സംരക്ഷിക്കാനായാണ് മലപ്പുറത്ത് പെരിന്തല്‍മണ്ണ ആലിപ്പറമ്പില്‍ നാട്ടുപച്ചയെന്ന കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് രൂപം കൊടുത്തത്. രാസവളത്തിനും കീടനാശിനിക്കും പിന്നാലെ പായുന്ന തലമുറയെ ജൈവരീതി പ്രോത്സാഹിപ്പിക്കാന്‍ വേണ്ട ത്വരിത പ്രവര്‍ത്തനം നടത്തുകയാണ് ഇവിടെ. മലപ്പുറത്തിന്റെ കൈവിട്ടുപോയ കൃഷിത്തനിമ വീണ്ടെടുക്കാനായി നാട്ടുപച്ചയെ ജില്ല മുഴുവന്‍ വേരു പിടിപ്പിക്കാനാണ് കര്‍ഷകരുടെ ശ്രമം.

മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഓരോ ഇഞ്ച് മണ്ണിലും വളരുന്ന സൂക്ഷ്മ ജീവികളടക്കമുള്ള ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും, മണ്ണിന്റെ ഗുണപരമായ കഴിവ് വളര്‍ത്താനുള്ള പോഷകങ്ങള്‍ നല്‍കി കൃഷിയിറക്കുക എന്നതുമാണ്- നാട്ടുപച്ചയുടെ പ്രധാന വക്താവായ കുടമOത്തില്‍ സുരേഷ് പറയുന്നു.

agri

മണ്ണിനെ ഒരുപാട് കൊത്തിയിളക്കി ഉപ്രദവിക്കാതെ മഴവെള്ളം മണ്ണില്‍ തന്നെ താഴാന്‍ അനുവദിക്കുകയാണ് വേണ്ടത്. നല്ല വിത്തുകള്‍ തെരഞ്ഞെടുത്ത് മണ്ണില്‍ തന്നെ നടുക. മണ്ണിരകളെയും സൂക്ഷ്മ ജീവികളെയും മണ്ണില്‍ സമൃദ്ധമാക്കുക എന്നിവയൊക്കെയാണ് മണ്ണിനെ വൃത്തിയോടെ സൂക്ഷിക്കാനുള്ള നാട്ടുപച്ചയുടെ കല്‍പനകള്‍.

agri


മഴക്കൊയ്ത്ത് മാത്രം പോരാ, വെയില്‍ കൊയ്ത്തും വേണമെന്നാണ് കര്‍ഷകരുടെ അനുഭവ പാഠം. ആവശ്യത്തിന് സൂര്യപ്രകാശം ചെടികളില്‍ പതിക്കാനുള്ള സൗകര്യം വേണം. വൈകുന്നേരത്തെ പോക്കുവെയില്‍ പൊന്നു വിളയിക്കുമെന്ന സന്ദേശത്തിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു.

പാഠങ്ങളിലും ബോധവത്കരണത്തിലും മാത്രമൊതുങ്ങാതെ, നാട്ടുപച്ച പ്രവര്‍ത്തകര്‍ മിക്കവരും കൃഷിക്കളത്തിലേക്കിറങ്ങി കൂട്ടുകൃഷിയാരംഭിച്ചു. ബസുമതിയുടെയും നവരയുടെയും വിത്തുകള്‍ പാകി മഡഗാസ്‌കര്‍ രീതിയിലാണ് കൃഷി. ഞാറുകള്‍ കൂടിയ അകലത്തില്‍ വളര്‍ത്തുന്നതാണ് മഡഗാസ്‌കര്‍ രീതി.

agri

ഗ്രാമങ്ങളെ വീണ്ടെടുക്കാനായി നാട്ടുപച്ച കൂട്ടായ്മ വളര്‍ത്തുക എന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. കര്‍ഷകരെ പങ്കെടുപ്പിച്ച് നടത്തുന്ന സെമിനാറുകള്‍ കൃഷിയിടങ്ങളിലെ മരത്തണലുകളില്‍ തന്നെയാണ്. കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരുമെല്ലാം അനുഭവങ്ങള്‍ പങ്കിടാന്‍ എത്തുന്നു. സ്‌കൂളുകളില്‍ സംസ്‌കാരം വളര്‍ത്തുന്നതിനായി മാതൃകാ കൃഷിത്തോട്ടങ്ങള്‍ ഒരുക്കാനും മുന്നിട്ടിറങ്ങുന്നു. ജൈവ വിത്ത് കര്‍ഷകനായ സുരേഷ് മലയാളിയുടെ (സുരേഷ് കുടമഠത്തില്‍) നേതൃത്വത്തിലാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം.

ഉതിര്‍മണി തെങ്ങിന് തടം തുറക്കാതെയും പറമ്പ് കൊത്തിക്കിളക്കാതെയും ഭൂമിയെ മുറിവേല്‍പ്പിക്കാതെയുള്ള കൃഷി രീതി ജൈവകര്‍ഷകര്‍ക്കിടയില്‍ വ്യാപകമാവുന്നു. ആഴത്തില്‍ കൊത്തിയിളക്കിയിട്ട് വളം നല്‍കുന്നതിനേക്കാള്‍ ഫലപ്രദം മണ്ണ് ചെറുതായിളക്കിയുള്ള വളപ്രയോഗമാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെടികള്‍ക്ക് ചുവട്ടില്‍ നന്നായി പുതയിടുകയും ജൈവാണുക്കളെ വളരാനനുവദിക്കുകയും ചെയ്യുന്നതാണ് ഗുണകരം.

പ്രമേഹ രോഗത്തിന് ഏറ്റവും നല്ല മരുന്നാണ് മാട്ടുഗുല്ല എന്ന നീളന്‍ വഴുതന സുരേഷ് കൃഷി ചെയ്യുന്നുണ്ട്. രണ്ടാം ടൈപ്പ് പ്രമേഹത്തിന് ഈ വഴുതന ഫലം ചെയ്യുമെന്നാണ് കേട്ടുവരുന്നത്. ഒരു ചെടിയില്‍ നിന്ന് അഞ്ചു വര്‍ഷം വഴുതന പറിക്കാം. വിളവ് കൂടുതലാണ്. ജൈവ വളമായ ഗോമൂത്രം, ചാണകം, ചാരം എന്നിവയ്‌ക്കൊപ്പം അല്‍പ്പം പച്ചിലയുമാണ് ചെടിക്ക് വേണ്ടത്. പാരമ്പര്യമായി കിട്ടിയ വിത്താണ് ഉപയോഗിച്ചത്. വെള്ളവും വെളിച്ചവുമുള്ള സ്ഥലമാണെങ്കില്‍ കൃഷിയോട് താല്‍പര്യമുള്ള ഏവര്‍ക്കും കൃഷി ചെയ്ത് തരാന്‍ സന്നദ്ധനാണ് സുരേഷ്.

agri

മോണിംഗ് ഫാമിങ്ങ് എന്ന കൃഷി രീതിയുടെ കൂടി പ്രചാരകനായ സുരേഷ് ഈ കൃഷി രീതിയെക്കുറിച്ച് പറയുന്നതിങ്ങനെ, 'പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങിയാല്‍ ഏഴു മണി വരെ വെയില്‍ വരുന്നതിനു മുമ്പായി കൃഷിപ്പണി ചെയ്യുന്ന യുവ കര്‍ഷകരുടെ കൂട്ടായ്മ ഇന്ന് മലപ്പുറത്തെ പതിവ് കാഴ്ചയാണ്. സുരേഷ് കുടമഠത്തിലിന്റെ നേതൃത്വത്തിലാണ് ഈ കൂട്ടായ്മ രൂപം കൊണ്ടിട്ടുള്ളത്. മോണിംഗ് ഫാമിംഗ് എന്നാണ് പുലര്‍ച്ചെ ചെയ്യുന്ന കൃഷിയെ ഇവര്‍ പേരിട്ടു വിളിക്കുന്നത്. രാവിലെ മടിപിടിച്ചിരിക്കുന്ന സമയം ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് ഈ കൂട്ടായ്മ. 

മോണിംഗ് ഫാമിംഗ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന സുരേഷ് മലയാളി, മലപ്പുറം കലക്ടറേറ്റ് ബംഗ്ലാവിലെ പാറപ്പുറത്ത് പൊന്നു വിളയുമെന്ന് തെളിയിച്ച ശ്രദ്ധേയനായ ജൈവ വിത്ത് കര്‍ഷകനാണ്. രാസവളത്തിനും, കീടനാശിനികള്‍ക്കും അന്തക വിത്തുകള്‍ക്കുമെതിരെയുള്ള ഒറ്റയാള്‍ പോരാട്ടമാണ് സുരേഷ് നടത്തുന്നത്. കേരളത്തിലുടനീളം സഞ്ചരിച്ച് വിത്തുസത്യാഗ്രഹം എന്ന സമരരീതി വരെ നടത്തുകയും ചെയ്ത മലപ്പുറത്തെ പെരിന്തല്‍മണ്ണ സ്വദേശിയായ സുരേഷ് ജൈവ കൃഷിരീതി രംഗത്ത് വേറിട്ടൊരു മാതൃകയാണ്.

ജൈവകൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കാനും, കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും വിവിധ സ്‌കൂളികളില്‍ വിത്ത് പ്രദര്‍ശനം സംഘടിപ്പിക്കുകയും കൃഷി രീതികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. കലക്ടറുടെ ബംഗ്ലാവിലെ നാടന്‍ കൃഷി സുരേഷിനെ കൃഷി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനാക്കി.

agriculture

കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒട്ടേറെ ജൈവ കൃഷി കൂട്ടായ്മകളിലും സുരേഷിന്റെ പങ്കാളിത്തമുണ്ട്. സുരേഷ,് മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി നാടന്‍ ജൈവവിത്തുകള്‍ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. കൃഷിയറിവുമായി ബന്ധപ്പെട്ട് ധാരാളം പുസ്തകങ്ങളും വീഡിയോ സി.ഡി. കളും സുരേഷ് ഒരുക്കിയിട്ടുണ്ട്.

മലപ്പുറത്തെ ധാരാളം വീടുകളില്‍ സുരേഷിന്റെ നേതൃത്വത്തില്‍ അടുക്കളത്തോട്ടം മോണിംഗ് ഫാമിങ്ങ് കൂട്ടായ്മ ഒരുക്കിയിട്ടുണ്ട്. വെണ്ട, വഴുതന, ചീര, മുളക്, തക്കാളി തുടങ്ങി കാബേജും, കോളിഫഌവറും വരെ ഇവര്‍ വിളയിക്കുന്നുണ്ട്. നാടന്‍ വിത്തുകള്‍ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്.

agri

ഗോമൂത്രമാണ് പ്രധാന കീടനാശിനി. ഗോമൂത്രത്തില്‍ തേന്‍ ചേര്‍ത്താല്‍ ഇരട്ടി ഫലമുണ്ടാകുമെന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. ചാരവും ചാണകവും പച്ചിലയുമാണ് പ്രധാന വളം. വിളവെടുക്കുമ്പോള്‍ ഉള്ളത് വീതിച്ചെടുക്കുകയും ബാക്കി വരുന്നവ കുടുംബശ്രീ മേളയിലേക്കും നാട്ടുചന്തയിലേക്കും വില്‍പനയ്ക്ക് നല്‍കുകയും ചെയ്യുന്നു.

വിത്ത് കര്‍ഷകനായി തുടങ്ങി പിന്നീട് പച്ചക്കറികൃഷിയുടെ മുഴുവന്‍ സമയ പ്രചാരകനായി സുരേഷ് മാറി. ഇപ്പോള്‍ സുരേഷ് തന്റെ കൃഷിയിടത്തില്‍ ചോളം കൃഷി ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കേരളത്തിന് ഇനി അരി മാത്രമല്ല, ചോളമാകണം പ്രധാന ഭക്ഷണം എന്ന നൂതന ആശയം പങ്കുവെക്കുന്നു.

മനുഷ്യന്‍ കൃഷിയില്‍ നിന്നും അകലുമ്പോള്‍ ഇവരെ തിരിച്ച് നടത്തുകയാണ് സുരേഷ്. പച്ചക്കറി രംഗത്ത് വര്‍ഷങ്ങളായി സുരേഷിന്റെ സാന്നിദ്ധ്യമുണ്ട്.