വിവിധയിനം പച്ചക്കറികള്‍ക്ക് തോട്ടത്തില്‍ നല്‍കുന്ന സ്ഥാനത്തിനും പ്രാധാന്യമുണ്ട്. അതുപോലെ തന്നെ പച്ചക്കറിത്തോട്ടം ഒരുക്കുമ്പോള്‍ ഓരോയിനം പച്ചക്കറികളും കൃഷി ചെയ്യാന്‍ ഓരോ സമയമുണ്ട്. 

മുരിങ്ങ, പപ്പായ, കറിവേപ്പ്, നാരകം പോലുള്ള ദീര്‍ഘകാലവിളകള്‍ തോട്ടത്തിന്റെ ഒരു വശത്തു വരുന്നതാണ് നല്ലത്. കഴിയുമെങ്കില്‍ വടക്കുവശത്തുതന്നെ . ഇവയെല്ലാം ഒരു വശത്തു വന്നാല്‍ തോട്ടത്തിലെ മറ്റു വിളകള്‍ക്ക് തണല്‍ ഒഴിവാക്കാം. കൂടാതെ ശക്തിയായ കാറ്റും മഴയും വെയിലുമൊക്കെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്തുകയും ചെയ്യും.

തണലത്തു വളരാന്‍ കഴിവുള്ള ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ മറ്റു വിളകളുടെ ഇടയിലായി കൃഷി ചെയ്യാം. ഇവയ്ക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം.

ഒരേ പ്ലോട്ടില്‍ത്തന്നെ ഒരേ കുടുംബത്തില്‍പ്പെട്ട പച്ചക്കറികള്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. അതായത് തക്കാളി,മുളക്,വഴുതന എന്നിവ കൃഷി ചെയ്യുന്ന സ്ഥലത്ത് അടുത്ത തവണ ചീര,പയര്‍,വെള്ളരി വര്‍ഗങ്ങള്‍ എന്നിവയിലേതെങ്കിലും നടാം. 

വിളകള്‍ നടുന്ന സമയം

സീസണ്‍ 1 (മെയ്- ആഗസ്ത്)
 വഴുതന
വെണ്ട
പാവല്‍
പച്ചച്ചീര
മുളക്
പയര്‍

സീസണ്‍ 2 ( സപ്തംബര്‍-ഡിസംബര്‍)
വഴുതന
പടവലം
പയര്‍
തക്കാളി
മുളക്
കാബേജ്/കോളിഫ്‌ളവര്‍

സീസണ്‍ 3 (ജനവരി- ഏപ്രില്‍)

ചുവപ്പു ചീര
മത്തന്‍/ചുരയ്ക്ക
വെള്ളരി
പയര്‍
കുമ്പളം 
സലാഡ് വെള്ളരി 

Content highlights: Vegetables, Agriculture, Organic farming

(കടപ്പാട്: കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും , സുരേഷ് മുതുകുളം)