ഹൈറേഞ്ചിന്റെ കാര്‍ഷിക വിദ്യാലയമെന്ന് പേരുകേട്ട പഴയവിടുതി ഗവ.യു.പി സ്‌കൂള്‍ കൃഷിയില്‍ ഒരു അനുകരണീയ മാതൃക കാണിച്ചുതന്നിരിക്കുന്നു. 'ഇറയത്ത് കൃഷി' എന്നാണ് ഈ രീതിക്ക് ഇവര്‍ പേരിട്ടിരിക്കുന്നത്.

സ്‌കൂളിന്റെ മേല്‍ക്കൂരക്കു താഴെ ഇറയത്ത് പച്ചക്കറികള്‍ നട്ട് സമൃദ്ധമായി വിളവെടുക്കുകയാണ് ഇവര്‍. താല്‍ക്കാലിക മഴ മറ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ മഴക്കാലത്തും ഈ രീതിയില്‍ വിജയകരമായി കൃഷി ചെയ്യാം. മഴമറയേക്കാള്‍ സൂര്യപ്രകാശം ലഭിക്കുകയും ചെയ്യും. 

പയര്‍വര്‍ഗങ്ങളാണ് ഈ രീതിയില്‍ സ്‌കൂളില്‍ വളര്‍ത്തിയിരിക്കുന്നത്. ബീന്‍സ് വളര്‍ത്തി കെട്ടിടത്തിന്റെ കഴുക്കോലിലേക്ക് നൂല്‍ കെട്ടി കയറ്റി വിടുകയാണ് ഇവര്‍. പന്തലിനു വേണ്ടി വരുന്ന ചെലവ് വളരെ കുറവാണ്. ഷേഡിനു  താഴെയായതുകൊണ്ട് മണ്ണില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ കുറഞ്ഞ അളവിലുള്ള വെള്ളം മതി. ഇലക്കറികളും ഇവിടെ നട്ടുവളര്‍ത്താം.

Agriculture

ഏകദേശം അഞ്ച് വര്‍ഷങ്ങളായി സ്‌കൂളില്‍ ഈ രീതിയില്‍ കൃഷി ചെയ്യുന്നു. പച്ചക്കറികള്‍ക്ക് ക്ഷാമമുള്ള മഴക്കാലത്തും ഇവിടെ സമൃദ്ധമായി വിളയുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികള്‍ക്ക് ഈ പച്ചക്കറികള്‍ നല്‍കുന്നു. വള്ളി കെട്ടുന്നതും നിലമൊരുക്കുന്നതും അധ്യാപകര്‍ തന്നെയാണ്. 

ഈ വര്‍ഷത്തെ സ്‌കൂള്‍ പച്ചക്കറിത്തോട്ടത്തിന് സംസ്ഥാന തലത്തില്‍ കൃഷി വകുപ്പിന്റെ ഒന്നാം സ്ഥാനവും മികച്ച സ്ഥാപന മേധാവിക്കുള്ള ഒന്നാം സ്ഥാനവും നേടാന്‍ കഴിഞ്ഞത് അനുകരണീയമായ ഈ മാതൃകയിലൂടെയാണ്. വീടിന്റെ മേല്‍ക്കൂരയ്ക്ക് താഴെ ഈ രീതിയില്‍ പച്ചക്കറികള്‍ വളര്‍ത്താവുന്നതാണ്. 

Content highlights : Agriculture, Organic farming, Pazhayaviduthi GOVT UP school