മുണ്ടക്കയം: മലയോര മേഖലയില്‍ റബ്ബറിനൊപ്പം റംബുട്ടാന്റെ ചുവപ്പും. അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്ന വിലക്ക് ലഭിച്ചിരുന്ന ഈ വിദേശിപ്പഴം ഇവിടങ്ങളിലിപ്പോള്‍ സുലഭം. ഗ്രാമപ്രദേശങ്ങളിലടക്കം വലയിട്ട് സംരക്ഷിച്ച റംബുട്ടാനുള്ള വീടുകള്‍ ഏറെ. റബ്ബറിനേക്കാള്‍ ആദായകരമായതിനാല്‍ റംബുട്ടാന്‍ കൃഷിയിലേക്ക് മാറുകയാണ് കിഴക്കന്‍ മേഖലയിലെ കര്‍ഷര്‍.
വലിയ പരിചരണവും വളപ്രയോഗവവുമൊന്നുമില്ലാതെ കിട്ടുന്ന രുചിയൂറുന്ന റംബുട്ടാന്‍ പഴങ്ങള്‍ക്ക് ആവശ്യക്കാരേറെ. മെച്ചപ്പെട്ട വിലയും കിട്ടും. റബര്‍ കൃഷിയിലെ പ്രതിസന്ധിയില്‍ നിരാശരായ കര്‍ഷകരില്‍ ഒരു വിഭാഗം ഇപ്പോള്‍ റംബുട്ടാനിലേക്ക് തിരിഞ്ഞിട്ടുണ്ട്.
പഴങ്ങള്‍ വിളഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ നേരില്‍ കാണാന്‍ കൗതുകവുമുണ്ട്. റംബുട്ടാന്‍ വിളഞ്ഞ തോട്ടങ്ങള്‍ കാണാനും പഴം നേരിട്ടു പറിച്ചു നല്‍കാനും സൗകര്യമൊരുക്കി റംബുട്ടാന്‍ കര്‍ഷകര്‍ കൃഷി ആഘോഷമാക്കുകയാണ്. ഇപ്പോള്‍ റംബുട്ടാന് കിലോഗ്രാമിന് 100 രൂപ മുതല്‍ മുകളിലേക്ക് വില കിട്ടുന്നുണ്ട്.
ഉറവിടം
മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, എന്നിവിടങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യയിലും കണ്ടുവരുന്ന ഫലമാണിത്. മലായ് ദ്വീപസമൂഹങ്ങളാണ് ജന്മദേശം. രോമനിബിഡം എന്നര്‍ത്ഥം വരുന്ന റംബുട്ട് എന്ന മലായ് വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്. കേരളത്തിലും ഇത് നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നുണ്ട്. നാലാം വര്‍ഷംമുതല്‍ കായ്ക്കും.
സവിശേഷത
ചുവപ്പ്, കടും മഞ്ഞ, മഞ്ഞ നിറങ്ങളില്‍ പഴങ്ങള്‍ കാണും. ജാതി പോലെ ആണ്‍ മരങ്ങളും പെണ്‍ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണ്. അപൂര്‍വ്വമായി രണ്ട് പൂക്കളും ഒരു മരത്തില്‍ കാണാറുമുണ്ട്. പൂര്‍ണമായും ജൈവരീതിയില്‍ കൃഷി ചെയ്യാവുന്ന ഫലവൃക്ഷം കൂടിയാണിത്.
കൃഷിരീതി
സമുദ്രനിരപ്പില്‍ നിന്ന് 1800മുതല്‍ 2000 അടിവരെ ഉയരത്തില്‍ നീര്‍വാഴ്ചയും ജൈവാംശവും ഉള്ള മണ്ണില്‍ കൃഷിചെയ്യാം. ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മഴക്കാലമാണ് പറ്റിയ സമയം. പരിചരണം വളര്‍ച്ച രണ്ടു മൂന്നു വര്‍ഷം ആകുന്നതുവരെ ഭാഗികമായി തണല്‍ ആവശ്യമുണ്ട്. ഇടവിളകളായി വാഴ കൃഷി ചെയ്യാം. മൂന്നാം വര്‍ഷം മുതല്‍ നല്ല രീതിയില്‍ സൂര്യപ്രകാശം ആവശ്യമാണ്. സൂര്യപ്രകാശം ലഭിക്കുന്ന മരങ്ങള്‍ നല്ല രീതിയില്‍ കായ്ക്കും. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് സാധാരണ റംബൂട്ടാന്‍ പൂവിടുന്നത്. മേയ് ജൂലൈ മാസത്തോടെ വിളവെടുക്കാനാകും.