അടൂര്‍: പഴകുളത്ത് സ്വാശ്രയ കര്‍ഷക വിപണി ആരംഭിച്ചിട്ട് പന്ത്രണ്ട് വര്‍ഷമാകുന്നു. ഇതില്‍ പതിനൊന്നു തവണയും മികച്ച കര്‍ഷകനായി പന്നിവേലിക്കല്‍ കാഞ്ഞിരവിളയില്‍ ഷാജിയെ തിരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഒരു മനസ്സായിരുന്നു. ഒരിക്കലെങ്കിലും ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ എത്തുന്നവര്‍ക്ക് അത് ബോധ്യപ്പെടും. മേലൂട് ഏലായില്‍ തരിശ് കിടന്ന മൂന്നര ഏക്കര്‍ സ്ഥലം ഷാജി പാട്ടത്തിനെടുത്താണ് ഹരിതസ്വര്‍ഗമാക്കി മാറ്റിയത്.

കൃഷിയിടത്തിലേക്ക് എത്തിയാല്‍ കാണുന്നത് വിളവായി കിടക്കുന്ന പടവലം, പയര്‍, പാവല്‍, മരച്ചീനി, ചേമ്പ്, കാച്ചില്‍ എന്നിവയാണ്. ഇതിനൊപ്പം ആയിരത്തോളം മൂട് ഏത്തവാഴ, വെറ്റിലക്കൊടി എന്നിവയും ഇവിടെ സമൃദ്ധിയോടെ നില്‍ക്കുന്നു. കര്‍ഷകനായിരുന്ന അച്ഛന്‍ ഭാസ്‌കരനില്‍നിന്നാണ് കൃഷിയുടെ ബാലപാഠങ്ങള്‍ കിട്ടിയത്. അത് കൃത്യമായി കഴിഞ്ഞ 25 വര്‍ഷമായി ഷാജി പിന്തുടര്‍ന്നുപോരുന്നു.

തന്റെയും കുടുംബത്തിന്റെയും എല്ലാവിധ ഉയര്‍ച്ചകളും കൃഷിയില്‍നിന്നു തന്നെയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരകര്‍ഷകന്‍ കൂടിയാണ് ഷാജി. ഇപ്പോള്‍ അഞ്ച് പശുക്കളാണ് അദ്ദേഹത്തിന്റെ തൊഴുത്തിലുള്ളത്. കുറെ ആടുകള്‍ ഉള്ളതിനെ അടുത്ത സമയത്താണ് വില്‍ക്കേണ്ടിവന്നത്. പശുക്കളെ വളര്‍ത്തുന്നതുകൊണ്ട് വരുമാനവും ഒപ്പം കൃഷിക്ക് സഹായകരമാണെന്നും അനുഭവത്തിലൂടെ ഇദ്ദേഹം വിവരിക്കുന്നു.

പ്രത്യേക കുഴിയില്‍ ചാണകം നിക്ഷേപിച്ച് അത് കലക്കി പ്രത്യേക പൈപ്പുകളിലൂടെ ഈ ജൈവവളം കൃഷിയിടത്തിലേക്ക് എത്തിച്ചിട്ടുമുണ്ട്. അതിനാല്‍തന്നെ രാസവളത്തിന്റെ ഉപയോഗം കൂടുതലായിട്ട് വേണമെന്നില്ല. ചാണകം തന്റെ കൃഷിയിടത്തിലെ ആവശ്യത്തിന് ശേഷം അടുത്തുള്ള കൃഷിക്കാര്‍ക്കും സൗജന്യമായി എത്തിച്ചുനല്‍കുന്നുണ്ട്.

ഭാര്യ മിനിയും മകള്‍ സംഗീതയും സഹായമായി കൃഷിയിടത്തില്‍ എത്തും. മകന്‍ ഷാലു ഭാസ്‌കര്‍ മിലിട്ടറിയിലാണ്. പാട്ടത്തിന് എടുത്ത റബ്ബര്‍ മരങ്ങള്‍ വെട്ടിയാല്‍ ഉടന്‍ മേലൂട് ഏലായിലെ തന്റെ ഹരിതസ്വര്‍ഗത്തിലേക്ക് ഷാജി എത്തും. കൃഷിയോടുള്ള ഷാജിയുടെ താത്പര്യം ഈവര്‍ഷത്തെ വി.എഫ്.പി.സി.കെ.യുടെ പത്തനംതിട്ട ജില്ലാ ഹരിതകീര്‍ത്തി പുരസ്‌കാരത്തിനും അര്‍ഹനാക്കി. കാര്‍ഷിക വൃത്തിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഹരിതകീര്‍ത്തി പുരസ്‌കാരംകൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ഈ കര്‍ഷകന്‍.

Content highlights: Agriculture, Organic farming, Rubber