വായനക്കാരുടെ സംശയങ്ങള്‍ക്ക് സുരേഷ് മുതുകുളം മറുപടി നല്കുന്നു
1. വെണ്ടയുടെ മൊട്ടുകളെല്ലാം പഴുത്തു കൊഴിയുന്നു. മൊട്ടിലും ഇലക്കടിയിലും വെളുത്ത പൊടി പോലെ കാണാം. വെണ്ടക്ക വളര്‍ച്ച മുരടിക്കുന്നു. ഇത് എങ്ങനെ പരിഹരിക്കാം? മുളകിലും തക്കാളിയിലും കാണപ്പെടുന്ന വെള്ളീച്ചക്ക് എന്താണു പ്രതിവിധി?
ഷീജ. എസ് , ബാലരാമപുരം
വെണ്ടയിലയിലെ വെളുത്ത പൊടി കുമിള്‍ബാധയാണ്. പൊടിപ്പൂപ്പ് എന്നു പറയും. സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. കുറവില്ലെങ്കില് വെറ്റബിള്‍ സള്‍ഫര്‍ എന്ന ഗന്ധകപ്പൊടി 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. രണ്ടാഴ്ച കഴിഞ്ഞേ വിളവെടുക്കാവൂ. പുറമേ 5 മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുകയുo ചെയ്യാം. ഒപ്പം വളര്‍ച്ച ത്വരിതപ്പെടുത്താന്‍ രണ്ടാഴ്ച ഇടവിട്ട് ജൈവവളം ചേര്‍ക്കണം. ഇതിന് പച്ച ചാണകം - കടലപ്പിണ്ണാക്ക് പുളിപ്പിച്ചത്, വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി, ബയോഗ്യാസ് സ്ലറി എന്നിവ ഉപയോഗിക്കാം.
പച്ചക്കറികളുടെ പൊതു ശത്രുവാണ് വെള്ളീച്ച എന്ന വൈറ്റ് ഫ്ളൈ. വൈറസ് വാഹിയാണ് വെള്ളിച്ച. നിംബിസിഡിന്‍ 5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക. 2% വെളുത്തുള്ളി എമല്‍ഷന്‍ പ്രയോഗിക്കുക. വെര്‍ട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. തോട്ടത്തില്‍ മഞ്ഞക്കെണി വയ്ക്കുക.
2. തക്കാളിച്ചെടിയുടെ ഇലകളില്‍ വരുന്ന ഇല ചുരുളല്‍ രോഗത്തിന് എന്താണ് പ്രതിവിധി?
ആര്.എം.നായര്‍, നരുവാമൂട്
വൈറസ് രോഗമാണ് ഇല ചുരുളല്‍. ടൊമാറ്റോ ലീഫ് കേള് വൈറസ് ആണ് രോഗ ഹേതു. രോഗം പരത്തുന്നത് വെളളീച്ചകള്‍. തക്കാളിക്ക് ഏറ്റവും നഷ്ടം ഉണ്ടാക്കുന്ന രോഗമാണിത്. രോഗബാധ കണ്ട ചെടികള്‍ നശിപ്പിക്കുക. ഗ്രീസോ ആവണക്കെണ്ണയോ പുരട്ടിയ മഞ്ഞക്കെണി തോട്ടത്തില്‍ നാട്ടി വെള്ളീച്ചകളെ കുടുക്കുക.
വെര്‍ട്ടിസീലിയം ലെക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ബിവേറിയ എന്ന ജൈവകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. 5 മില്ലി വേപ്പെണ്ണയും 6 അല്ലി വെള്ളുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കുക. ഇലകളില്‍ അല്പം കുമ്മായം വിതറുക. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഇനമായ അനഘ എന്ന തക്കാളി നട്ടു വളര്‍ത്തുക. ഇതിന് ഇല ചുരുളല്‍ താരതമ്യേന കുറവാണ്.
സംശയങ്ങള്‍ അയക്കാം: karshikam@mpp.co.in
Content highlights: Agriculture, Organic farming, Tomato, Ladies finger, Green chilli