തൃശ്ശൂര്‍: വാഴ, തേനീച്ച കര്‍ഷകരെ മികച്ച സംരംഭകരാക്കി മാറ്റാന്‍ പുതിയ പദ്ധതിയുമായി കൃഷിവകുപ്പ്. കര്‍ഷകര്‍ക്ക് പുതിയ സംരംഭം തുടങ്ങാനും മികച്ച വിപണിസാധ്യത കണ്ടെത്താനും ഉതകുന്ന വാഴ, തേനീച്ച പാര്‍ക്ക് കൃഷിവകുപ്പ് ആരംഭിക്കുന്നു. 

തൃശ്ശൂര്‍ കണ്ണാറയില്‍ മോഡല്‍ ഹോര്‍ട്ടികള്‍ച്ചര്‍ നഴ്സറിയിലെ 10 ഏക്കറിലാണ് പാര്‍ക്ക് ആരംഭിക്കുക. കേരള അഗ്രോ ബിസിനസ് കമ്പനിക്ക് കീഴിലായിരിക്കും പദ്ധതി യാഥാര്‍ത്ഥ്യമാകുക. ഇതിനായി 100 കോടി രൂപ കിഫ്ബി വഴി ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. 

പാര്‍ക്കിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. കര്‍ഷകര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണാറ വാഴഗവേഷണകേന്ദ്രത്തില്‍ പരിശീലനം നല്‍കും. വാഴകൃഷി വിജയമാക്കുന്നതിനും വാഴയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള പരിശീലനമാണ് നല്‍കുക. വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും കാര്‍ഷിക കൂട്ടായ്മകള്‍ക്കും പങ്കെടുക്കാം. 

വിപണനകേന്ദ്രം പാര്‍ക്കുവഴി നടത്തും. വാഴയുടെ വിവിധ വശങ്ങള്‍ ഉള്‍പ്പെടുത്തി മ്യൂസിയവും ആരംഭിക്കും. നബാര്‍ഡിന്റെ നാബ്കോണ്‍ ഏജന്‍സിയാണ് പാര്‍ക്കിന്റെ സാധ്യതാപഠനം നടത്തിയത്. 

Content highlights: Thrissur, Agriculture, Horticulture, Plantain, Honeybee