കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വിത്തുകള്‍ താവരണകളില്‍ പാകിമുളപ്പിച്ച്  ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം.

brinjalധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളക്കൂറുള്ള മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ ചാണകവും ചേര്‍ത്താണ് നഴ്‌സറി തയ്യാറാക്കേണ്ടത്. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡര്‍മ ഉപയോഗിച്ച് പരിപോഷിപ്പിച്ച ചാണകം ഉപയോഗിക്കുന്നത് നല്ലതാണ്.

വിത്ത് പാകിയതിനുശേഷം വാരങ്ങള്‍ പച്ചിലകൊണ്ട് പുതയിട്ട് ദിവസേന കാലത്ത് നനയ്ക്കണം. വിത്ത് മുളച്ചു തുടങ്ങിയാല്‍ പുത മാറ്റണം. 

നിശ്ചിത ഇടവേളയില്‍ 2% സ്യൂഡോമോണാസ് ഫ്‌ളൂറസന്റ്  ലായനി തളിച്ചു കൊടുക്കേണ്ടതാണ്. തൈകളുടെ പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി ചാണകപ്പാലോ നേര്‍പ്പിച്ച ഗോമൂത്രമോ തളിക്കേണ്ടതാണ്.

തൈകളുടെ പുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ചാണകപ്പാലോ നേര്‍പ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്)  തളിക്കേണ്ടതാണ്. തൈകള്‍ നടുന്നതിനുവേണ്ടി പറിച്ചെടുക്കുന്നതിനായി താവരണകള്‍ നനച്ചതിനുശേഷം തൈകള്‍ പറിച്ചെടുക്കുക. നട്ട തൈകള്‍ക്ക് താല്‍ക്കാലികമായി തണല്‍ നല്‍കണം.

നടീലും വളപ്രയോഗവും

കൃഷി സ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകള്‍ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പേ 2 കിലോഗ്രാം കുമ്മായം ചേര്‍ത്തു കൊടുക്കുക. 100 കിലോഗ്രാം ട്രൈക്കോഡര്‍മയും പി.ജി.പി.ആര്‍-1 മിശ്രിതവുമായി ചേര്‍ത്ത് ഇളക്കി അടിവളമായി നടുക. പറിച്ചുനടുന്ന സമയത്ത് തൈകളുടെ വേരുകള്‍ 20 മിനിട്ട് സ്യൂഡോമോണാസ് ലായനിയില്‍ മുക്കിവെച്ചതിനുശേഷം നടുക.

കാലിവളത്തിനു പകരം കോഴിവളമോ പൊടിച്ച ആട്ടിന്‍ കാഷ്ഠമോ ഉപയോഗിക്കാവുന്നതാണ്. മേല്‍വളം നല്‍കുന്നതിനായി എട്ട് പത്ത് ദിവസം ഇടവേളയായി താഴെ പറയുന്ന ഏതെങ്കിലും ജൈവവളം ചേര്‍ക്കാവുന്നതാണ്. 

1.ചാണകപ്പാല്‍ അല്ലെങ്കില്‍ ബയോഗ്യാസ് സ്‌ളറി 200 ഗ്രാം 4 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തത്

2.ഗോമൂത്രം അല്ലെങ്കില്‍ വെര്‍മിവാഷ് (2 ലിറ്റര്‍) എട്ട് ഇരട്ടി വെള്ളവുമായി ചേര്‍ത്തത്

3. 4 കിലോഗ്രാം മണ്ണിര കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കില്‍ ആട്ടിന്‍ കാഷ്ഠം, കടലപ്പിണ്ണാക്ക് (200ഗ്രാം) 4 ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്തത്

മറ്റു പരിപാലന മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ ജലസേചനം നടത്തുക. ആവശ്യമെങ്കില്‍ തൈകള്‍ക്ക് താങ്ങു കൊടുക്കുക. പറിച്ചു നട്ട് ഒരു മാസം കഴിയുമ്പോള്‍ കളയെടുക്കല്‍, ജൈവ വളം നല്‍കല്‍, മണ്ണ് കൂട്ടി കൊടുക്കല്‍ തുടങ്ങിയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കാം.

പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍,അഴുകിപ്പൊടിഞ്ഞ ചകിരിച്ചോര്‍,തൊണ്ട്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ടുകൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനും കഴിയും

സസ്യ സംരക്ഷണം

വഴുതനയിലെ തണ്ട്/ കായ് തുരപ്പന്‍ പുഴു

വെളുത്ത ചിറകില്‍ തവിട്ടു നിറത്തിലെ പുള്ളിയോടു കൂടിയ ശലഭത്തിന്റെ പുഴുക്കള്‍ തണ്ടും കായും ആക്രമിക്കുന്നു. ഇളംതണ്ടിലും കായിലും, പുഴു തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കുന്നു. ആക്രമണ വിധേയമായ തണ്ടുകള്‍ വാടി കരിയുന്നു. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം

നിയന്ത്രണ മാര്‍ഗങ്ങള്‍

1. തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക
2.കേടുവന്ന ഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക
3.കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ വേപ്പിന്‍കുരു സത്ത് 5% തളിക്കുക

എപ്പിലാക്‌ന വണ്ട്‌

തവിട്ടു നിറത്തില്‍ കറുത്ത പുള്ളിയുള്ള വണ്ടുകള്‍, മഞ്ഞ നിറത്തിലുള്ള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണുന്നു. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നുന്നു. ഇലകള്‍ ഉണങ്ങി കരിയുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ ബാധിക്കുന്നു

നിയന്ത്രണ മാര്‍ഗങ്ങള്‍

1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക
2.ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധി ദശ എന്നിവയെ ശേഖരിച്ച് സുഷിരങ്ങളുള്ള പോളിത്തീന്‍ കൂട്ടില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു പുറത്തുവരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക
3. വേപ്പിന്‍കുരു സത്ത് 5% പെരുവലം സത്ത് 10 % എന്നിവ തളിക്കുക

നീരൂറ്റും കീടങ്ങള്‍

മീലിമുട്ട, റേന്തപത്ര കീടം, മുഞ്ഞ എന്നിവ ഇലകളുടെ അടിയില്‍
പറ്റിപ്പിടിച്ചിരുന്ന്‌  നീരൂറ്റിക്കുടിച്ച് നശിപ്പിക്കുന്നു. മീലിമുട്ട മറ്റു സസ്യഭാഗങ്ങളെയും ആക്രമിക്കുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍

1. ആരംഭ ദശയില്‍ ഇവ കൂടുതലായി കാണുന്ന ഇലകള്‍ പറിച്ചു നശിപ്പിക്കുക
2. വേപ്പെണ്ണ + വെളുത്തുള്ളി 2 % (അല്ലെങ്കില്‍ വേപ്പെണ്ണ 3 %) എമല്‍ഷന്‍ തളിക്കുക

(കടപ്പാട് : ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ)