ലശ്ശേരിയിലെ വ്യാപാരികള്‍ ഇപ്പോള്‍ കൃഷിയിലും ഒരുകൈ നോക്കുകയാണ്. അതും ജൈവപച്ചക്കറിയാണ് വിളയിച്ചെടുക്കുന്നത്. ലോക്ഡൗണ്‍ സമയത്ത് പച്ചക്കറി വരവ് കുറഞ്ഞപ്പോഴാണ് സ്വന്തമായി കൃഷി എന്ന ആശയം രൂപപ്പെട്ടത്. കൃഷിയിറക്കി ഇപ്പോള്‍ അന്‍പത് ദിവസമായി. വിളവെടുപ്പും തുടങ്ങി. നഗരത്തില്‍ മൂന്നിടത്തായി നാലേക്കറോളം സ്ഥലത്താണ് ഹൈടെക്ക് ജൈവപച്ചക്കറി കൃഷി തുടങ്ങിയത്. 

ജൈവപച്ചക്കറിക്ക് ഓണ്‍ലൈനിലുള്ള നിരക്കിലും വില കുറച്ചാണ് വില്‍പ്പന. കൈപ്പ, വെണ്ട, തക്കാളി, കാന്താരി, പച്ചമുളക്, കക്കിരി, കോളിഫ്‌ളവര്‍, പയര്‍ എന്നിവയുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം തുടങ്ങിയത്. പപ്പായ, വത്തക്ക, വെള്ളരി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ഓഫീസില്‍വെച്ചാണ് വില്‍പ്പന. 

അടുത്ത ദിവസം മുതല്‍ കൂടുതല്‍ വിളവെടുത്ത് വിപുലമായി വില്‍പ്പന നടത്താനാണ് പരിപാടി. തക്കാളി കിലോഗ്രാം 50 രൂപയ്ക്കാണ് നല്‍കുന്നത്. ഓണ്‍ലൈനില്‍ ജൈവപച്ചക്കറിയ്ക്ക് 70 രൂപയാണ് വില. അതേസമയം അന്യസംസ്ഥാനത്തുനിന്നെത്തുന്ന തക്കാളിക്ക് കിലോഗ്രാമിന് 25 രൂപയാണ് മാര്‍ക്കറ്റില്‍ വില. 

ജൈവകൃഷി രീതിയായതിനാല്‍ കൃഷിത്തോട്ടത്തില്‍ കീടങ്ങളെ നശിപ്പിക്കാന്‍ രാസവളപ്രയോഗമില്ല. കീടങ്ങളെ ആകര്‍ഷിക്കാന്‍ ചെണ്ടുമല്ലിയാണുള്ളത്. ചെണ്ടുമല്ലിയിലും പൂവിട്ടു. ആവശ്യക്കാര്‍ക്ക് തോട്ടത്തില്‍ വന്ന് നേരിട്ട് പച്ചക്കറി പറിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെ വിളവെടുത്ത് വില്‍പ്പന നടത്താന്‍ തീരുമാനിച്ചു. ഇതിനായി നാല് തൊഴിലാളികളെ നിയമിച്ചു. തലശ്ശേരി ടൗണ്‍ഹാളിനു സമീപം സര്‍ക്കസ് മൈതാനത്തിന് പരിസരത്തായി രണ്ടിടത്തും ചിറക്കരയിലുമാണ് കൃഷി ചെയ്തത്.

വ്യാപാരിവ്യവസായി ഏകോപനസമിതി വെല്‍ഫെയര്‍ സൊസൈറ്റി മാരാരി ഫ്രഷുമായി സഹകരിച്ചാണ് കൃഷി. വ്യാപാരി വ്യവസായി ഏകോപനസമിതി തലശ്ശേരി യൂനിറ്റ് പ്രസിഡന്റും വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റുമായ ജവാദ് അഹമ്മദ്, ഭാരവാഹികളായ സി.സി. വര്‍ഗീസ്, കെ.പി. രവീന്ദ്രന്‍, പി.കെ. നിസാര്‍, അബ്ദുറഹിമാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.

Content Highlights: Organic vegetable cultivation by Merchants in Thalassery on four acres of land