കൃത്യസമയത്ത് നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ കൈവിട്ട് പോകുന്ന വിഭാഗമാണ് കീടങ്ങള്‍. കീടങ്ങള്‍ നിയന്ത്രണാതീതമാകുമ്പോള്‍ ഗ്രോബാഗ് ഉള്‍പ്പെടെയുളള പച്ചക്കറി കൃഷിയെ നമ്മള്‍ കൈവിടും. ഇതിന് പരിഹാരമാകുകയാണ് ഇലപ്പൊടികള്‍. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇല പൊടിച്ചെടുക്കുന്നത് തന്നെയാണ് ഇലപ്പൊടികള്‍. ജൈവകീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ പ്രചാരത്തില്‍ വന്നുവെങ്കിലും ഇവയില്‍ പലതും ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാന്‍ പറ്റില്ല. സൂക്ഷിച്ചാല്‍ തന്നെ പ്രതീക്ഷിച്ച ഗുണം കിട്ടുകയുമില്ല. മറ്റ് ജൈവകീടനാശിനികളെ അപേക്ഷിച്ച് ദീര്‍ഘനാള്‍ സൂക്ഷിച്ചുവെക്കാമെന്നതും എപ്പോള്‍ വേണമെങ്കിലും നേരിട്ട് പ്രയോഗിക്കാമെന്നതും യാതൊരു ചെലവുമില്ലാതെ തയ്യാറാക്കാം എന്നതും ഇലപ്പൊടികളുടെ മാത്രം പ്രത്യേകത. 

ഏതൊക്കെ ചെടികളുടെ ഇലകള്‍ പൊടിയാക്കി സൂക്ഷിക്കാമെന്ന് നോക്കാം. നമ്മുടെ ചുറ്റിലും കാണുന്നവയില്‍ രൂക്ഷഗന്ധമുളളവയ്ക്കാണ് മുന്‍ഗണന. വേപ്പില, കൊങ്ങിണി, നാറ്റച്ചിക്കാട്, കമ്മ്യൂണിസ്റ്റ് പച്ച, തുളസി, കണിക്കൊന്ന,പാര്‍ത്തീനീയം, മുരിങ്ങയില ചെണ്ടുമല്ലിയില തുടങ്ങിയ ഇലകളാണ് പൊടികളില്‍ ശോഭിക്കുക. അധികം പഴുക്കാത്ത ഇലകള്‍ തണലത്തിട്ട് ഉണക്കി പൊടിച്ചെടുക്കുന്നതാണ് ഇലപ്പൊടിയുണ്ടാക്കുന്നതിലേ രീതി. 

മേല്‍ സൂചിപ്പിച്ച ചെടികളില്‍ കീടശല്യം കാണാറില്ല. അതായത് കീടങ്ങളുടെ വളര്‍ച്ചയേയും പ്രത്യുല്‍പാദനത്തേയും  സൈ്വര്യവിഹാരത്തേയും തടയുന്ന രാസവസ്തുക്കള്‍ പ്രസ്തുത ചെടികളില്‍ ഉണ്ടെന്ന് ചുരുക്കം. ആല്‍ക്കലോയ്ഡുകളുടെയും ടെര്‍പിനുകളുടേയും വിഭാഗത്തില്‍പെടുന്ന ഇവ കീടങ്ങളെ അടുപ്പിക്കില്ല. നമ്മുടെ കൃഷിയിടത്തിലേക്ക് എത്തിക്കാനുളള എളുപ്പ വഴിയാണ് ഇലപ്പൊടി പ്രയോഗം. 10 ഗ്രാം ഇലപ്പൊടി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി കീടങ്ങളുടെ കണ്ണില്‍ പൊടിയിടാം. 

അടുക്കളത്തോട്ടത്തില്‍ പച്ചക്കറി നട്ട് കഴിഞ്ഞാല്‍ ഓരോ ആഴ്ച ഇടവിട്ട് ഇലപ്പൊടി തളിച്ച് കൊടുക്കണം. ഒരേ പൊടി തന്നെ തുടര്‍ച്ചയായി തളിക്കുന്നതിനു പകരം മാറി മാറി പ്രയോഗിക്കുന്നതാണ് അഭികാമ്യം. 

Content highlights: Organic pest control, Kitchen garden, Agriculture