വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലും തമിഴ്നാട്ടിലും വളരെ വ്യത്യസ്തമായ ഒരു പിറന്നാള്‍ ആഘോഷിച്ചിരുന്നു. ഈയടുത്ത കാലംവരെ കന്യാകുമാരിയിലും തിരുവനന്തപുരത്തെയും തഞ്ചാവൂരിലെയും പാടശേഖരങ്ങളില്‍ ഉണ്ടായിരുന്നു ആ പിറന്നാളാഘോഷം. മറ്റാരുടേതുമല്ല, നമ്മുടെ പ്രധാന ആഹാരമായ അരി ഉത്പാദിപ്പിക്കുന്ന 'നെല്ലി'ന്റേതായിരുന്നു ആ പിറന്നാള്‍. ലോകത്തുതന്നെ മറ്റെവിടെയെങ്കിലും നിലവിലുണ്ടോയെന്നറിയാത്ത പിറന്നാളിന് വ്യത്യസ്ത ആചാരങ്ങളായിരുന്നു.
കന്നിമാസത്തിലെ മകം നാളായിരുന്നു ആ സുദിനം. വയലിന്റെ വരമ്പില്‍ കൊയ്തുവെച്ച നെല്‍ക്കതിരില്‍നിന്ന് വീഴുന്ന നെല്‍മണികളില്‍ ഏഴെണ്ണത്തെ എടുക്കും. അതില്‍ ഒരണ്ണെത്തെ അവിടെത്തന്നെ ഉര്‍വരതയ്ക്കായി നിക്ഷേപിക്കും. ബാക്കി ആറെണ്ണത്തിനെ വീട്ടില്‍കൊണ്ട് വന്ന് മഞ്ഞള്‍ തേപ്പിച്ച് കുളിപ്പിക്കും. കുളിപ്പിക്കുന്നയിടത്തുതന്നെ ഇടും. ബാക്കിയായ അഞ്ച് നെന്മണികയെളും ഭസ്മവും സിന്ദൂരവുംകൊണ്ട് അലങ്കരിക്കും. അവയെ ഒരു താലത്തില്‍ കോടിമുണ്ടിന്റെയും വിളക്കിന്റെയും പൂവിന്റെയും അകമ്പടിയോടെ വീട്ടിനകത്തേക്ക് ആനയിച്ച്കൊണ്ടുവന്ന് പാടിഞ്ഞാറ്റയിലോ നടുവകത്തോ വെച്ച് പൂജിക്കും. ചിലയിടങ്ങളില്‍ നെന്മണികളെ ചുവന്ന പട്ടില്‍ പൊതിഞ്ഞാണ് പൂജിക്കാറ്.
കന്നിമാസത്തിലെ മകം നാളിലെ ഈ പിറന്നാളാഘോഷത്തില്‍ ഇനിയുമുണ്ട് പ്രത്യേകതകള്‍. അന്നേദിവസം കൃഷിവൃത്തികള്‍ കര്‍ഷകര്‍ നിര്‍ത്തിവെക്കും. കട്ടയുടയ്ക്കുകയോ നിലം ഉഴുകയോ ചളികോരുകയോ ചെയ്യില്ല. മാത്രമല്ല നെല്ല് സംബന്ധിച്ച ക്രയവിക്രയങ്ങളും അന്ന് നടത്തില്ല. നെല്ല് പുഴുങ്ങുകയോ കുത്തുകയോ ചെയ്യില്ല. അങ്ങനെ നെല്ലിനെ ഒരു ദേവതയായാണ് പുരാതന കേരള കര്‍ഷകര്‍ കണ്ടിരുന്നത്. ഒരു തവണയെങ്കിലും കൃഷിയിറക്കാതെ നെല്‍വയലിടുന്നത് കൊടിയ പാപാമായാണ് കരുതിയിരുന്നത്. നെല്‍വയലുകള്‍ മണ്ണിട്ട് നികത്തി കൊട്ടാരങ്ങള്‍ പണിത ആധുനിക സംസ്‌കാരം നമ്മുടെ ഭക്ഷ്യ സംസ്‌കൃതിക്ക് കടയക്കല്‍ കത്തിവെക്കുകയാണ് ചെയ്തത്.
നെല്‍കൃഷി കാണണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തേണ്ടിവരുമെന്ന ഗതികേടിനിടയ്ക്കാണ് 2010ല്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാപകമായി നെല്‍കൃഷി പ്രചാരണത്തിന് പദ്ധതി തയ്യാറാക്കിയത്. രണ്ട്മൂന്ന് വര്‍ഷം കൃത്യമായി അതെല്ലാം നടന്നുവെങ്കിലും പിന്നീട് പിന്നെയും ചങ്കരന്‍ തെങ്ങിന്മേല്‍തന്നെയെന്ന സ്ഥിതിയായി. എന്നിരുന്നാലും കേരളത്തില്‍ നാം തരിശിട്ടിരിക്കുന്ന ഓരോ തരി ഭൂമിയും നാടും നഗരവും വയലും കരയും ഉള്‍പ്പെടെ നെല്‍കൃഷിയിലേക്കിറങ്ങിയാല്‍ മാത്രമേ നമുക്ക് വിഷം തീണ്ടാത്ത പച്ചക്കറികള്‍ക്കൊപ്പം പരിശുദ്ധമായ അരിയും നമുക്ക് കഴിക്കാനാവൂ.
ഒറൈസ സറ്റവ എന്നാണ് നെല്ലിന്റെ ശാസ്ത്രീയനാമം. ഡോ. വി.ശങ്കരന്‍ നായരെന്ന ചരിത്രന്വേഷകന്‍ നെല്ലിന്റെ ജന്മനാട് നാഞ്ചിനാടാണെന്ന് പദോത്പത്തി ശാസ്ത്രത്തിലൂടെ കണ്ടെത്തിയെങ്കിലും നെല്‍കൃഷിയുടെ ആവിര്‍ഭാവത്തെക്കുറിച്ച് നിരവധി കഥകള്‍ നിലവിലുള്ളതിനാല്‍ ആദ്യമായി കാട്ടുനെല്ലിനെ മെരുക്കി കൃഷി ആരംഭിച്ചത് ഏത് ജനപഥമാണെന്നതില്‍ തര്‍ക്കമുണ്ട്.
ചെരിഞ്ഞ ഭൂപ്രകൃതിയുള്ള കേരളത്തില്‍ നിരവധിതരം നെല്‍വിത്തുകള്‍ നിലവിലുണ്ടായിരുന്നു. വരള്‍ച്ചയെ ചെറുക്കാന്‍കഴിയുന്നവ, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉണ്ടാവുന്നവ, സമുദ്രത്തിന് കീഴെ ജലനിരപ്പുള്ള കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തഴച്ചുവളരുന്നവ, ഉപ്പുവെള്ളത്തില്‍ വളരുന്ന എന്നിങ്ങനെയും പ്രളയകാലത്ത് നീണ്ട തണ്ടുമായി ഉയര്‍ന്നു നില്‍ക്കുന്നവ, ഇങ്ങനെ ഒട്ടേറെ നാടന്‍ ഇനങ്ങള്‍ വയനാട്ടിലെ ചെറുവയല്‍ രാമന്‍ എന്ന കൃഷിസ്നേഹി ഇവയില്‍ ചിലതെല്ലാം തനിമ നിലനിര്‍ത്തി സംരക്ഷിച്ചുവരുന്നു. നമ്മുടെ നാടന്‍ പാട്ടുകളില്‍ നെല്‍വിത്തുകളെ മാത്രം പ്രമേയമാക്കിയുള്ള പാട്ടുവരെയുണ്ട്.
കര നെല്‍കൃഷി രിതികള്‍
പഴയ കാലത്ത് കരനെല്‍കൃഷി കേരളത്തില്‍ മോടന്‍ നിലങ്ങളിലാണ് ചെയ്ത് വന്നിരുന്നത്. നെല്ലിന് സമൃദ്ധമായി വെള്ളം ആവശ്യമാണ്. പാടങ്ങളില്‍ നിറഞ്ഞവെള്ളമുണ്ടെങ്കിലേ നെല്ല് തഴച്ച് വളരൂ. ആയതിനാല്‍ നമ്മുടെ കരനെല്‍കൃഷി മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ആയതിനാല്‍ മഴയെ ആശ്രയിച്ച് കുറഞ്ഞയിടത്തുമാത്രമേ കരനെല്‍കൃഷി നടത്താനാവൂ. എന്നാല്‍ മഴക്കാലത്ത് ലഭിക്കുന്ന വെള്ളം മുഴുവനും കൃഷിക്ക് ഉപയേുക്തമാകുന്ന രീതിയില്‍ കൃഷിരീതി ക്രമീകരിക്കുന്നതിലൂടെയും നെല്‍ച്ചെടിയുടെ വളര്‍ച്ചയുടെയും അതിന് വെള്ളം ആവശ്യമുള്ള സമയങ്ങളിലും ആയത് ഉറപ്പുവരുത്തിയും കുന്നിന്‍ചെരുവുകളിലും സമതലങ്ങളിലും തെങ്ങിന്‍ പറമ്പുകളിലും പുരയിടങ്ങളിലും റബര്‍തൈകള്‍ക്കിടയിലുംവരെ കരനെല്‍കൃഷി ചെയ്യാന്‍ പറ്റും.
കേരളത്തില്‍ തെങ്ങിന്‍തോപ്പുകള്‍ വ്യാപകമാണല്ലോ. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള മൂപ്പ് കുറഞ്ഞ വളരെ വലിയ ഉത്പാദനശേഷിയുള്ള ഇനങ്ങള്‍ ശരിയായ സമയത്ത് വിതച്ച് പരിപാലിച്ചാല്‍ അതിനോടൊപ്പം മണ്ണിലെ ജൈവാംശവും ഈര്‍പ്പവും നിലനിര്‍ത്താനുതകുന്ന ജൈവവളങ്ങളും നല്‍കിയാല്‍ കരനെല്‍കൃഷി പൂര്‍ണ വിജയമാകുമെന്നുറപ്പാണ്. കാര്‍ഷിക സര്‍വകലാശാലപഠനത്തില്‍ 3 ടണ്‍ വരെ വിളവ് ഹെക്ടറിന് കരനെല്ലിന്റെ ജെവകൃഷി ഉറപ്പുനല്‍കുന്നു. സാധാരണ മൂപ്പ്കുറഞ്ഞ നെല്ലിനങ്ങളാണ് കരനെല്‍കൃഷിക്ക് ഉപയോഗിക്കുകയെന്ന് പറഞ്ഞു. എന്നാല്‍ നന ലഭ്യമാകുന്നയിടങ്ങളില്‍ കുറച്ച് മൂപ്പുള്ള ഇനങ്ങളും ഉപയോഗിക്കാം.
വിത്തുകള്‍
കരനെല്‍കൃഷിയില്‍ അത്യുത്പദാനശേഷിയുള്ള വിത്തുകള്‍ ഉപയോഗിക്കാം. രമണിക, കാര്‍ത്തിക, അരുണ, ചിങ്ങം, ഓണം, രേവതി, മകം, ഹര്‍ഷ, വര്‍ഷ, ജ്യോതി, സ്വര്‍ണപ്രഭ, സംയുക്ത, വൈശാഖ എന്നിവയാണ് വികസിപ്പിച്ചെടുത്ത് അത്യുത്പാദനശേഷിയുള്ള ഇനങ്ങള്‍. പണ്ട് നമ്മള്‍ ഉപയോഗിച്ചിരുന്ന പ്രധാന നാടന്‍ ഇനങ്ങളും സ്വതവേ കീടങ്ങളെയും രോഗങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് കൂടുതല്‍ ഉള്ളവയാണ്. മോടന്‍ ഇനങ്ങളായ കട്ടമോടന്‍, കറുത്തമോടന്‍, ചുവന്നമോടന്‍, കൊച്ചുവിത്ത്, കരവാള എന്നിവയാണ് നാം പണ്ടുമുതലേ കരനെല്‍കൃഷിക്ക് ഉപയോഗിച്ചുപോന്നിരുന്നത്. ചീറ്റേനി, ചെങ്കയമ, ചീര, ചെമ്പാന്‍, വെളിയന്‍ തുടങ്ങിയവയും നല്ല മേനി തരുന്നതില്‍ കരനെല്‍കൃഷിക്ക് ഉപയുക്തമാക്കാം. പക്ഷേ നെല്ലിന് നന നിലനിര്‍ത്താനുള്ള പദ്ധതി തയ്യാറാക്കണം.
കൃഷിക്കാലം
മെയ് മുതല്‍ ഒക്ടോബര്‍വരെയുള്ള കാലമാണ് കരനെല്‍ കൃഷിക്ക് അനുയോജ്യം. ഏപ്രില്‍ മാസത്തില്‍ മേടത്തില്‍ ആദ്യം ലഭിക്കുന്ന മഴയോടുകൂടിത്തന്നെ നിലം നന്നായി ഉഴുതൊരുക്കണം. അടിവളമായി കാലിവളം സെന്റിന് 30-40 കിലോ വെച്ച് ചേര്‍ത്തിളക്കികൊടുക്കണം. കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുത് മറിച്ച് കളകള്‍ മൊത്തം നീക്കിയതിന് ശേഷം മാത്രമേ കാലിവളം ചേര്‍ക്കാവൂ. കാരണം ജൈവകൃഷിയില്‍ നമ്മള്‍ രാസകള നാശിനികള്‍ ഉപയോഗിക്കാറില്ല. അതിനാല്‍ കളകളുടെ പേരുകള്‍ കൃത്യമായ പെറുക്കിയൊഴിവാക്കണം.
ഒരു ഹെക്ടറിന് 80-90 കിലോ വിത്ത് വിതയ്ക്കാന്‍ ആവശ്യമായിവരും. യന്ത്രമുപയോഗിച്ചാണ് വിതയ്ക്കുന്നതെങ്കില്‍ 50-60 കിലോ മതിയാകും. ഒരു കിലോഗ്രാം വിത്തിന് 10ഗ്രാം സ്യൂഡോമോണസ് എന്ന തോതില്‍ കൂട്ടിക്കലര്‍ത്തി നന്നായി കുഴച്ചതിന്ശേഷം തണലത്ത് വിതറിയിട്ട് 12-14 മണിക്കൂര്‍വരെ വെച്ചതിന്ശേഷം മാത്രമേ വിതയ്ക്കാവൂ. കാലി വളത്തിന്റെ കൂടെ സെന്റിന് അഞ്ച്കിലോ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുന്നത് കീട നിയന്ത്രണത്തിന് നല്ലതാണ്. ചാണകം, കമ്പോസ്റ്റ് എന്നിവ ഉഴുത് ചേര്‍ത്ത നിലത്ത് ആണ് വിത്ത് വിതയ്ക്കേണ്ടത്. പച്ചിലവളവും കമ്പോസ്റ്റും കാലി വളത്തിന്റെകൂടെ മണ്ണില്‍ ഉഴുത് ചേര്‍ക്കാം. ജൈവ രീതിയില്‍ കൃഷി ചെയ്യുമ്പോള്‍ പച്ചിലവളം ലഭിക്കാന്‍ ഒരു മാസം മുമ്പേ പയര്‍വിത്ത് വിതച്ചുകൊടുക്കാം. അവ മുളച്ചുപൊന്തിയാല്‍ വിത്തിടുന്നതിന് മുമ്പ് നന്നായി ഉഴുതുചേര്‍ക്കാം.
കീടങ്ങളും രോഗങ്ങളും
കരനെല്‍കൃഷിയില്‍ ഉണ്ടാകാനിടയുള്ള പ്രധാനപ്പെട്ട രോഗങ്ങള്‍ ബാക്ടീരിയല്‍ ഇല കരിച്ചില്‍, ഇലപ്പുള്ളിരോഗം, മുതലായവയാണ്. ഞാറിന്റെ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിക്ക് നന കുറഞ്ഞാല്‍ അല്ലങ്കില്‍ മഴ ലഭിച്ചില്ലെങ്കില്‍ വരുന്ന രോഗമാണ് ഇലപ്പുള്ളി രോഗം. ഇടവിട്ട് മഴയും വെയിലും ലഭിക്കുന്ന കാലാവസ്ഥയില്‍ വളരെപ്പെട്ടന്ന്തന്നെ വ്യാപിക്കുന്നതാണ് ബാക്ടീരിയല്‍ ഇലക്കരിച്ചില്‍. ഇതിന് പ്രിതിവിധിയായി വേപ്പെണ്ണ എമല്‍ഷന്‍ സ്പ്രേ ചെയ്യാം. പച്ച ചാണകം വെള്ളത്തില്‍ കലക്കി തെളിയൂറ്റി അരിച്ച് തളിച്ചു കൊടുത്താല്‍ ബാക്ടീരിയല്‍ രോഗങ്ങള്‍ വ്യാപിക്കാതെ നോക്കാം.
ഫംഗസ് രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ജീവാണു കുമിള്‍ നാശിനിയായ സ്യൂഡോമോണസ് 10 ശതമാനം വീര്യത്തില്‍ കലക്കി തളിച്ചുകൊടുക്കാം. സ്യൂഡോമോണസ് പച്ചചാണകവുമായി കൂട്ടിക്കലര്‍ത്തരുത്. പച്ചചാണകത്തിലടങ്ങിയിരിക്കുന്ന ബാക്ടീരിയോ ഫേജുകള്‍ സ്യൂഡോ മോണസിലെ ബാക്ടീരിയകളെ നശിപ്പിക്കും.
കരനെല്‍കൃഷിയില്‍ നെല്ലിന്റെ വേരിനെ ബാധിക്കുന്ന മറ്റൊരു കീടമാണ് ചിതല്‍. മണ്ണിലെ നനവ് കുറയുമ്പോഴാണ് ചിതലുകള്‍ സക്രിയമാവുക. കൃഷി ചെയ്തിടം ആഴ്ചയില്‍ രണ്ടുപ്രാവശ്യങ്കെിലും നന്നായി നനച്ച് നനവ് നിലനിര്‍ത്തിയാല്‍ ചിതലിന്റെ ശല്യം ഇല്ലാതാക്കാം.
നെല്ല് കതിരുവെക്കുന്ന കാലത്താണ് ചാഴിയുടെ ഉപദ്രവം സാധാരണയായി കരണ്ടുവരുന്നത്. വേപ്പെണ്ണ 10ശതമാനം വീര്യത്തില്‍ കലക്കി (1 ലിറ്ററിന് 100മില്ലി) അതിലേക്ക് അമ്പത് ഗ്രാം വെളുത്തുള്ളി ചതച്ച് ചേര്‍ത്ത് അരിച്ചെട്ടുത്ത് തളിച്ചാല്‍ ചാഴിയെ തുരത്താം. വെളുത്തുള്ളി കാന്താരി മിശ്രിതം, പുകയിലെ കഷായം എന്നിവയും ഇതിനുപകരിക്കും.
തണ്ടുതുരപ്പനെതിരെയും, ഇലചുരുട്ടിപ്പുഴുവിനെതിരെയും നമുക്ക് വേപ്പെണ്ണ എമല്‍ഷന്‍ ഫലപ്രദമാവും. നട്ട് ഒരാഴ്ചയ്ക്കും മൂന്നാഴ്ചക്കും ഇടയില്‍ നെല്ലിന്റെ ഓലകളില്‍ ട്രൈക്കോക്കാര്‍ഡ് നിക്ഷേപിച്ചു (മിത്രകീടം) ഇവയെ സമര്‍ഥമായി പ്രതിരോധിക്കാം.
അങ്ങനെ കരനെല്ലിന്റെ അപൂര്‍വ വിള കൊയ്യാന്‍ നമുക്ക് പുരയിടത്തില്‍ തയ്യാറെടുക്കാം. ചെടി വളര്‍ന്ന് കതിരുവന്നാല്‍ 30 ദിവസത്തിനകം നല്ല പാകമാവും. അധികം മൂക്കാന്‍ വിടാതെ അവ നമുക്ക് കൊയ്തെടുക്കാം. പെട്ടന്ന് തന്നെ മെതിച്ച് നെല്ല് വേറെയാക്കണം. എന്നാല്‍ വിളയുടെ ഗുണം കൂടും. ഒത്തൊരുമിച്ച് നമ്മുടെ ഒഴിഞ്ഞ പറമ്പുകളില്‍ നമുക്ക് നെല്‍വിത്തെറിയാം നാളെയുടെ ഭക്ഷ്യ സുരക്ഷയ്ക്കായി.
pramodpurath@gmail.com, 9995873877