കൊച്ചി: ജൈവ ബ്രാന്‍ഡ് എന്ന പേരില്‍ വില്‍ക്കുന്ന പല പച്ചക്കറികളിലും പഴങ്ങളിലും പുതുനിര രാസകീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കൃഷിവകുപ്പും കാര്‍ഷിക സര്‍വകലാശാലയും നടത്തിയ പരിശോധനയിലാണിത്. ജൈവമെന്ന ലേബലില്‍ വിറ്റിരുന്ന കാപ്‌സിക്കത്തില്‍ അഞ്ചിനം കീടനാശിനിയും രണ്ടിനം കുമിള്‍നാശിനിയും കണ്ടെത്തി.
 
* വെള്ളായണി കാര്‍ഷിക കോളേജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധനാ ലാബില്‍ തെര്‍മോ സയന്റിഫിക്ക് (ലിക്വിഡ് ക്രൊമറ്റോഗ്രാഫ് മാസ് സ്‌പെക്ട്രോമീറ്റര്‍) എന്ന ആധുനിക ഉപകരണത്തിലൂടെയാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. കീടനാശിനി 100 കോടിയില്‍ ഒരംശമെങ്കിലും ഉണ്ടെങ്കില്‍ ഈ ഉപകരണം കണ്ടെത്തുമെന്ന് ലാബിന്റെ മേധാവിയും അസോസിയേറ്റ് ഡയറക്ടറുമായ ഡോ. തോമസ് ബിജുമാത്യു പറഞ്ഞു.

* രാസകീടനാശിനികള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ജൈവമെന്ന പേരില്‍ വില്‍ക്കുന്നത് അപകടകരമാണെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ പച്ചക്കറി, പഴങ്ങള്‍ എന്നിവ വിനാഗിരിയും പുളിവെള്ളവുമൊക്കെ ഉപയോഗിച്ച് വിഷമുക്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ജൈവമാകുമ്പോള്‍ ഈ മുന്‍കരുതല്‍പോലും ഉണ്ടാകില്ല.

പരിശോധിച്ച സാമ്പിളുകളും കണ്ടെത്തിയ കീടനാശിനികളും
 (സാമ്പിളുകള്‍ ശേഖരിച്ചത് എറണാകുളത്തെ വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന്)
* കാപ്‌സിക്കം: ഇമിഡാക്ലോപ്രിഡ്, അസെറ്റാമിപ്രിഡ്, ക്ലോതയാനിഡിന്‍, അസഫേറ്റ്, ബുപ്രോഫെസിന്‍. കുമിള്‍നാശിനികള്‍: ടെബുകൊണാസോള്‍, ഇപ്രോവാലികാര്‍ബ്
* ബജി മുളക്: അസെറ്റാമിപ്രിഡ്, മെറ്റാലാക്‌സില്‍, ക്ലോറാന്‍ട്രാനിലിപ്രോള്‍
* മുന്തിരി: കാര്‍ബണ്‍ഡാസിം, ഇമിഡാക്ലോപ്രിഡ്, മെറ്റലാക്‌സില്‍, അസോക്‌സിസ്‌ട്രോബിന്‍, അസെറ്റാമിപ്രിഡ്.
*പാഷന്‍ഫ്രൂട്ട്: കാര്‍ബണ്‍ഡാസിം

(സാമ്പിളുകള്‍ ശേഖരിച്ചത് തിരുവനന്തപുരത്തെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്ന്)
*ആപ്പിള്‍ (റോയല്‍ ഗാല): അസെറ്റാമിപ്രിഡ്.
*കറുത്ത മുന്തിരി: അസെറ്റാമിപ്രിഡ്.
*കുരുവില്ലാത്ത പച്ചമുന്തിരി: ഇമിഡാക്ലോപ്രിഡ്, കാര്‍ബന്‍ഡാസിം, ഡൈമെത്തോയേറ്റ്