ഴിവുസമയം വിനിയോഗിക്കാന്‍ തുടങ്ങിയ തോമസച്ചന്റെ കൃഷിത്തോട്ടത്തില്‍ ഇന്ന് ഒരു അടുക്കളയിലേക്ക് വേണ്ട എല്ലായിനം പച്ചക്കറികളുമുണ്ട്. തോട്ടം കാണാന്‍ എത്തുന്നവര്‍ക്കും കിട്ടും കൈനിറയെ പച്ചക്കറിയും വിത്തും. കാഞ്ഞിരപ്പള്ളി സമന്വയ ജസ്യൂട്ട് ഹൗസിലെ ഫാ. തോമസ് കപ്യാരുമലയിലാണ് മൂന്ന് വര്‍ഷമായി ജൈവകൃഷിയില്‍ സജീവമായിട്ടുള്ളത്.

81-ാം വയസ്സിലും എന്താണ് കൃഷിയോടിത്ര താത്പര്യമെന്ന് ചോദിച്ചാല്‍ മറുപടി ഇത്രമാത്രം 'കോഴിക്കോട് കോടഞ്ചേരിയിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചതുകൊണ്ടായിരിക്കാം'. ഒപ്പം വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യവും.

വെണ്ട, വഴുതന, തക്കാളി, പയര്‍, മുളക്, ചീര, ചീനി, ചേന, വാഴ, കപ്പ, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയവയൊക്കെയാണ് കൃഷി ചെയ്തിരിക്കുന്നത്. വാഴത്തോട്ടത്തില്‍ പൂവന്‍, മൈസൂര്‍ പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍ ചെങ്കദളി, ഏത്തവാഴ എന്നീ ഇനങ്ങളാണ് നട്ടിരിക്കുന്നത്. ഓണത്തിന് വിളവെടുക്കുവാനായി കുലകള്‍ വിളഞ്ഞുകിടക്കുന്നുണ്ട്.

ആനക്കൊമ്പന്‍ വെണ്ടയാണ് മറ്റൊരു കാഴ്ച. സാധാരണ വെണ്ടയെക്കാള്‍ വലിപ്പമുള്ളതാണ് ഈ ഇനം വെണ്ട. പൂര്‍ണമായും ജൈവവളങ്ങളാണ് ഉപയോഗിക്കുന്നത്. ചാണകമാണ് പ്രധാനവളം. കീടങ്ങളെ തുരുത്താന്‍ കൃഷിഭവനില്‍നിന്നുള്ള കീടനാശിനിയാണ് പ്രയോഗിക്കുന്നത്. ഇക്കൊല്ലത്തെ മഴ കാരണം കൂടുതല്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിഞ്ഞില്ലെന്ന് തോമസച്ചന്‍ പറയുന്നു. ഒരു ദിവസം രണ്ടര മണിക്കൂര്‍ കൃഷിയിടത്തില്‍ ചെലവഴിക്കും.

1974-ല്‍ പുരോഹിതനായ തോമസച്ചന്‍ ഇന്ത്യക്ക് പുറത്തും സേവനം ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷമായി കാഞ്ഞിരപ്പള്ളി ജെസ്യൂട്ട് ഹൗസില്‍നിന്നാണ് സേവനം ചെയ്യുന്നത്. മാന്തറ, ചിറ്റടി, മുണ്ടക്കയം എന്നിവിടങ്ങളിലെ പള്ളികളില്‍ ശുശ്രൂഷയും ചെയ്യുന്നുണ്ട്.

Content Highlights: Organic Vegitabe Farming Of A Priest