പഞ്ചഗവ്യത്തിന്റെ ഗന്ധം തങ്ങിനില്‍ക്കുന്ന അടാട്ട് ഒമ്പതുമുറി കോള്‍പ്പടവില്‍ വിളയുന്നത് ജൈവ അരി. ഉത്പാദനച്ചെലവ് കൂടുതലും വിളവ് കുറവുമായിട്ടും ആരോഗ്യസംരക്ഷണത്തില്‍ വിട്ടുവീഴ്ച വരുത്താത്ത പാടശേഖരത്തില്‍ ജൈവകൃഷി തുടങ്ങിയിട്ട് മൂന്നുവര്‍ഷങ്ങള്‍. കൃഷിയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് കൊളങ്ങാട്ട് ഗോപിനാഥനെന്ന കര്‍ഷകന്‍. ഇലക്ട്രീഷ്യന്‍ ജോലിയുപേക്ഷിച്ച് അമ്മ പകര്‍ന്നുനല്‍കിയ കൃഷിപാഠങ്ങള്‍ പുല്ലഴി കോള്‍പ്പടവില്‍ വിളയിക്കുകയാണ് ഗോപിനാഥന്‍. കോള്‍പ്പാടങ്ങളാല്‍ സമ്പന്നമായ തൃശ്ശൂരിന്റെ കാര്‍ഷികചരിത്രത്തില്‍ പൊന്‍തൂവലാവുകയാണീ കര്‍ഷകര്‍.
രാസവളമില്ല... ഇത് അടാട്ട് ബ്രാന്‍ഡ്
അടാട്ട് ഒമ്പതുമുറി കോള്‍പ്പടവില്‍ ഉത്പാദിപ്പിക്കുന്ന ജൈവ അരിയ്ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഇവിടെ കീടനാശിനികളില്ല... രാസവളങ്ങളില്ല... തളിയ്ക്കുന്നത് ജൈവവളങ്ങള്‍ മാത്രമാണ്. സാമ്പത്തികനഷ്ടങ്ങള്‍ സഹിച്ചും ഈ കര്‍ഷകക്കൂട്ടായ്മ ജൈവകൃഷി നടത്തുന്നത് തീന്‍മേശയില്‍ വിഷം വിളമ്പരുതെന്ന ആഗ്രഹത്തോടെയാണ്. ജില്ലയില്‍ ഇത്രയധികം ഏക്കറില്‍ ജൈവകൃഷിചെയ്യുന്ന മറ്റു കോള്‍പ്പടവുകളില്ല.
സീസണില്‍ 130 ടണ്‍ വിളവു ലക്ഷ്യമിട്ടാണ് കൃഷി. കഴിഞ്ഞവര്‍ഷം വിളവെടുത്തത് 100 ടണ്‍ മാത്രമാണ്. അതിനു മുന്‍വര്‍ഷം 129 ടണ്ണും. നഷ്ടത്തില്‍ പോയാലും അന്നത്തില്‍ വിഷം കലര്‍ത്താന്‍ ഒമ്പതുമുറി പാടശേഖരസമിതി ഒരുക്കമല്ല. മാര്‍ച്ച് അവസാനവും ഏപ്രില്‍ തുടക്കത്തിലുമായാണ് വിളവെടുപ്പ്. കൊയ്ത്തുകഴിഞ്ഞാല്‍ പച്ചപ്പയര്‍ വിതയ്ക്കും. മീനും താറാവും പദ്ധതി ഇക്കൊല്ലം നടപ്പാക്കണമെന്ന് ഉദ്ദേശിച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍മൂലം ഇറക്കാനായില്ല.

വിളവെടുപ്പിനു തയ്യാറായെന്ന് ഓണ്‍ലൈന്‍ വഴി അറിഞ്ഞും സീസണ്‍ മനസ്സിലാക്കിയും സ്ഥിരം അരിവാങ്ങാനെത്തുന്നവരുണ്ട്. അടാട്ട് കുറൂര്‍മനയ്ക്കു സമീപം കുറൂര്‍പാറയിലാണ് 84 ഏക്കറില്‍ ഒമ്പതുമുറി കോള്‍പ്പടവ്. 63 കര്‍ഷകരുടെ വിയര്‍പ്പില്‍ വിളയുന്ന പാടശേഖരം. പ്രസിഡന്റ് രാമനാഥന്‍, സെക്രട്ടറി പി.കെ. കുമാരന്‍, കെ. വേണുഗോപാലന്‍, എന്‍. ശങ്കരനാരായണന്‍, മോഹനന്‍, കുറൂര്‍ നാരായണന്‍ നമ്പൂതിരി, രുക്മിണി, വാസന എന്നിവരാണ് പാടശേഖരസമിതിയുടെ നേതൃത്വം വഹിക്കുന്നത്.
എല്ലുപൊടിയ്ക്കും... തമിഴ്നാട്ടില്‍നിന്ന് കോഴിക്കാഷ്ഠവും
എല്ലുപൊടി, ചാണകപ്പൊടി, വേപ്പിലപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പഞ്ചഗവ്യം, ജീവാണു എന്നീ ജൈവവളങ്ങളാണ് തളിയ്ക്കുന്നത്. പശുവിന്‍പാല്‍, ചാണകം, തൈര്, നെയ്യ്, ഗോമൂത്രം, ചെറുപഴം എന്നിവ കലര്‍ത്തിയാണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്. ചാഴികളെ തുരത്താന്‍ ശര്‍ക്കരയും മത്തിയും ചേര്‍ത്തുള്ള മിശ്രിതവും. പഞ്ചഗവ്യവും ശര്‍ക്കരയും മത്തിയും കലര്‍ന്ന അരിച്ചെടുത്ത മിശ്രിതം ഒരു ലിറ്ററിന് ഒമ്പതുലിറ്റര്‍ വെള്ളമെന്ന് അളവിലാണ് നെല്ലില്‍ തളിയ്ക്കുക. ഈ മിശ്രിതങ്ങളില്‍ വെള്ളം കലര്‍ത്താതെ ഉപയോഗിക്കാനാവില്ല. കാരണം അത്രയ്ക്ക് വീര്യമുണ്ടിതിന്. പഞ്ചഗവ്യത്തിന്റെയും ചാഴിയെ തുരത്താനുള്ള മിശ്രിതത്തിന്റെയും അവശിഷ്ടങ്ങള്‍ പാടങ്ങളില്‍ വിതറുകയും ചെയ്യും. ഡ്രോണ്‍ ഉപയോഗിച്ചാണ് ജൈവവളം തളിയ്ക്കുക.

കോഴിക്കാഷ്ഠവും ചാണകവും തമിഴ്നാട്ടില്‍നിന്നാണ് കൊണ്ടുവരുന്നതെന്ന് കമ്മിറ്റിയംഗം കെ. വേണുഗോപാലന്‍ പറഞ്ഞു. നേരില്‍ക്കണ്ട് ഗുണനിലവാരം ബോധ്യപ്പെട്ടതിനുശേഷമാണ് വാങ്ങുന്നത്. ഉത്പാദനം കുറയുന്നതില്‍ കാലാവസ്ഥാവ്യതിയാനം കാരണമാവുന്നുണ്ടെന്ന് മറ്റൊരു കമ്മിറ്റിയംഗം എന്‍. ശങ്കരനാരായണന്‍ പറഞ്ഞു. സബ്സിഡി കര്‍ഷകരുടെ അക്കൗണ്ടിലേയ്ക്കാണെത്തുന്നത്. രണ്ടുവര്‍ഷംമുമ്പ് കിലോയ്ക്ക് 51 രൂപയ്ക്ക് വിറ്റ നെല്ല് കഴിഞ്ഞ വര്‍ഷം 46 രൂപയ്ക്കാണ് വിറ്റത്. ഇത്ര നഷ്ടത്തില്‍ ഇനി നെല്ല് വില്‍ക്കാനാവില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
കളയാനാവില്ല 'കള' കളകളാണ് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതെന്ന് കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന കെ.എസ്. സുധാകരന്‍ പറഞ്ഞു. നെല്‍ച്ചെടികള്‍ക്കിടയില്‍ കളകള്‍ വളര്‍ന്നാല്‍ പിഴുതുമാറ്റം നടക്കില്ല. കളകള്‍ പിന്നീട് കരിഞ്ഞുണങ്ങിപ്പോവുമെങ്കിലും നെല്ലിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. കതിര് വലുപ്പം കുറയും. കളകള്‍ നശിപ്പിക്കാനുള്ള ജൈവകളനാശിനി ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല. കൗട്ട എന്ന പുല്ലാണ് കൂടുതലും വളര്‍ന്നുകാണുന്നത്.

അടാട്ട് അമൃത്
മുതുവറയിലെ തൃശ്ശൂര്‍ പാഡി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സൂപ്പര്‍മാര്‍ക്കറ്റ് വ്യത്യസ്തമാണ്. 3500 ഏക്കറുകളിലായി അടാട്ട് പഞ്ചായത്തിലെ 16 കോള്‍പ്പടവുകളിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ വാങ്ങാം ഇവിടെനിന്ന്. നാളികേരവും എള്ളും ആട്ടാനുള്ള യന്ത്രങ്ങളും ആട്ടിയ വെളിച്ചെണ്ണ അരിച്ചെടുക്കുന്ന സംവിധാനവുമുണ്ട്.
കര്‍ഷകര്‍ കൊണ്ടുവരുന്ന ഫ്രഷ് പച്ചക്കറികള്‍ നിമിഷനേരംകൊണ്ട് വിറ്റുപോവാറുണ്ട്. ബാക്കി വരുന്നവ ശീതീകരിച്ച് സൂക്ഷിക്കാന്‍ ഇഷ്ടിക കെട്ടിയുണ്ടാക്കിയ കൂള്‍ ചേംബറുണ്ട് ഇവിടെ. ഏഴുദിവസം വരെ പച്ചക്കറികള്‍ കേടില്ലാതെയിരിക്കും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ 'അടാട്ട് അമൃത്' എന്ന പേരിലാണ് വില്‍ക്കുന്നത്. മൂന്നാറിലും ഊട്ടിയിലുമുള്ള ബട്ടര്‍ മഷ്റൂം ശീതികരിച്ച മുറിയില്‍ കൃഷി ചെയ്യുന്നുണ്ട്. മത്സ്യവും മാംസവും വില്‍ക്കാനുള്ള കേന്ദ്രം നിര്‍മാണത്തിലാണ്. നാടന്‍പശുവിന്റെ പാല്‍കൊണ്ട് തയ്യാറാക്കുന്ന രുചികരമായ ഐസ്‌ക്രീമും ഇവിടെയുണ്ട്.
പുല്ലഴിപ്പാടം പൂത്തകാലം
പുല്ലഴി കോള്‍പ്പാടത്ത് നെല്ലു മുളച്ചുവരുന്നതേയുള്ളൂ. ദേശീയ വിത്തുകോര്‍പ്പറേഷന്റെ ഹൈബ്രിഡ് വിത്താണ് ഇക്കുറി നടുന്നത്. വിളവുണ്ടാവുമെങ്കിലും അതില്‍നിന്ന് വിത്തെടുക്കാനാവില്ല. വരമ്പുകളില്‍ നിവര്‍ന്നുനില്‍ക്കുന്നുണ്ട് സൂര്യകാന്തിപ്പൂക്കളും മുള്ളങ്കിയും പടവലവും ഉള്ളിയും സവാളയും കയ്പക്കയും വെണ്ടയും കൊത്തമരയും തക്കാളിയും പീച്ചിങ്ങയും ചുരയ്ക്കയുമെല്ലാം. പുല്ലഴിപ്പാടത്ത് 18 വര്‍ഷമായി നെല്‍ക്കൃഷി ചെയ്യുന്ന ഗോപിനാഥന്‍ എട്ടുവര്‍ഷമായതേയുള്ളൂ പച്ചക്കറിക്കൃഷിയിലേയ്ക്കിറങ്ങിയിട്ട്. ജില്ലാ കോള്‍കര്‍ഷകസംഘം സെക്രട്ടറികൂടിയാണിദ്ദേഹം.

പച്ചപ്പയറിനും കൊത്തമരയ്ക്കുമെല്ലാം പന്തലിടാന്‍ പോകുകയാണ്. ഇനി 40 ദിവസം മതി ഉള്ളി വിളവെടുക്കാന്‍. സാദാ വിപണിയില്‍നിന്ന് വാങ്ങിയ ഉള്ളിയാണ് ഇക്കുറി നട്ടത്. കഴിഞ്ഞവര്‍ഷം ഒരൊറ്റക്കടയ്ക്കല്‍നിന്ന് 300 ഗ്രാം ഉള്ളിവരെ കിട്ടിയിരുന്നു. പച്ചക്കറി വിളവെടുത്താല്‍ പാടത്ത് ആള്‍ക്കൂട്ടമെത്തും. വാങ്ങാനെത്തുന്നവരെ പാടത്തെ ഷെഡ്ഡിലിരുത്തി ഫ്രഷായി വെട്ടിയെടുക്കുന്ന പച്ചക്കറികള്‍ക്ക് ഡിമാന്‍ഡ് ഏറെയാണ്.
ചുവന്നുള്ളിയുടെ മുകളിലെ തലപ്പുകളയാന്‍ വാങ്ങാനെത്തുന്നവര്‍ സമ്മതിക്കാറില്ലത്രേ. ജൈവഉള്ളിയാണെന്ന് കാണിക്കാനായി മാത്രമാണിത്. വെണ്ടയ്ക്ക കിലോയ്ക്ക് 40-ഉം പച്ചപ്പയര്‍ 30-ഉം ചുവന്നപയര്‍ 40-ഉം മുള്ളങ്കി 25-ഉം രൂപയ്ക്കാണ് വില്‍ക്കുക. കഴിഞ്ഞവര്‍ഷം 300 കിലോ കൊത്തമരയാണ് വിളവെടുത്തത്. കപ്പലണ്ടി മുപ്പതുകിലോ കിട്ടി. കഴിഞ്ഞ സീസണില്‍ പുറത്തേയ്ക്ക് അധികം കൊടുക്കാന്‍ പറ്റിയില്ല. പാടത്ത് വിളഞ്ഞത് പാടത്തുതന്നെ വിറ്റുപോയിരുന്നു. പരേതയായ അമ്മ ഭാരതിയമ്മയാണ് കൃഷിയില്‍ ഗോപിനാഥന്റെ ഗുരു. കൃഷിയിലെ സംശയങ്ങള്‍ തീര്‍ത്തുതന്നിരുന്ന അമ്മ കര്‍ഷകകൂടിയാണ്.
ഇത് രംഗനാഥന്റെ ചവിട്ടേറ്റ നടുവരമ്പ്
തൃശ്ശൂര്‍ മൃഗശാലയിലെ മ്യൂസിയത്തില്‍ ഭീമനായ ആനയുടെ അസ്ഥികൂടമുണ്ട്. ചേലൂര്‍മനയുടെ വീരപുത്രന്‍ രംഗനാഥനെന്ന ഉയരക്കാരന്‍ ഗജവീരന്റെ അസ്ഥികൂടം. രംഗനാഥനും പുല്ലഴി കോള്‍പ്പടവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?. പുല്ലഴി ചേലൂര്‍മനയിലെ കൊമ്പനായിരുന്നു രംഗനാഥന്‍. രംഗനാഥന്‍ നിവര്‍ന്നുനിന്നാല്‍ ഭക്ഷണം കൊടുക്കാന്‍ ഇല്ലത്തിന്റെ മുകള്‍നിലയില്‍ നില്‍ക്കണമെന്നാണ് പറയപ്പെടുന്നത്. അത്രയും അതികായനായിരുന്നു. പുല്ലഴി പണ്ടുകാലത്ത് ചേലൂര്‍മനയുടെ അധീനതയിലായിരുന്നു കോള്‍പ്പാടമെല്ലാം. പാടത്തെ നടുവരമ്പ് ചവിട്ടിയുറപ്പിച്ചത് ഈ ആനയായിരുന്നു. ഇന്നുമുണ്ട് ആ നടുവരമ്പ്.

തേനെന്ന് വിളിക്കല്ലേ...സൂര്യകാന്തി എണ്ണയാ
സൂപ്പര്‍മാര്‍ക്കറ്റില്‍ സൂര്യകാന്തി എണ്ണ വാങ്ങാനെത്തിയ കൊളങ്ങാട്ട് ഗോപിനാഥന്‍ കുപ്പിയിലെ എണ്ണ കണ്ട് അന്തം വിട്ടുവെന്ന് പറയാം. കാരണം കോള്‍പ്പാടത്ത് സൂര്യകാന്തിപ്പൂക്കള്‍ കൃഷിചെയ്ത് വിത്തുണക്കി ആട്ടി എണ്ണയാക്കുന്ന ഈ കര്‍ഷകന്റെ മുമ്പിലേയ്ക്കാണ് വ്യാജ സൂര്യകാന്തിയെണ്ണയുടെ രംഗപ്രവേശം.
മിക്സിപോലെയുള്ള യന്ത്രത്തില്‍ താന്‍ ആട്ടിയെടുത്ത സൂര്യകാന്തി എണ്ണയുമായാണ് ഗോപിനാഥന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്. കുപ്പിയിലെ എണ്ണ ഏതാണെന്ന് ഊഹിക്കാന്‍ പറഞ്ഞതോടെ തേനെന്ന് ഉത്തരം വന്നു. തേനല്ല ഇതാണ് ഒറിജിനല്‍ സൂര്യകാന്തി എണ്ണയെന്ന് മറുപടിയും നല്‍കി ഇദ്ദേഹം.
Content Highlights: Organic Farming in thrissur