നല്ല വിത്തും വളക്കൂറുള്ള മണ്ണും ആവശ്യത്തിന് ജലവും സൂര്യപ്രകാശവും മാത്രം പോരാ കൃഷിയുടെ വിജയത്തിന്. വിത്തിന്റെ വിതയ്ക്കലിനെയും നടലിനെയും കുറിച്ച് നല്ല അറിവും ഓരോ വിത്തിന്റെയും വിതയ്ക്കല്‍ രീതിയും അറിയണം. വിത്ത് മണ്ണിലിട്ടാല്‍ കൊണ്ടുപോകാന്‍ ഒട്ടേറെ ജീവികളെത്തും. അവയെ പറ്റിച്ച് വിത്ത് മുളപ്പിച്ച് വളര്‍ത്തിയെടുക്കാന്‍ ഒട്ടേറെ ഉപായങ്ങള്‍ നാം അനുവര്‍ത്തിക്കാറുണ്ട്. അവയില്‍ ചിലതും വിത്ത് നടേണ്ടരീതിയും.

1. വിത്തുകള്‍ അതിന്റെ വലിപ്പത്തിന്റെ ഒന്നര ഇരട്ടി ആഴത്തിലാണ് നടേണ്ടത്. അതിലും ആഴം കൂടിയാല്‍ മുളച്ചുപൊന്തില്ല. കുറഞ്ഞാല്‍ വേര് പൊന്തിപ്പോകും.
2. വിത്തുകള്‍ നാടന്‍ ആണെങ്കില്‍ ചാണകക്കുഴമ്പില്‍ മുക്കിവെച്ച് നടാം. പടവലം, കൈപ്പ, ചുരങ്ങ എന്നിങ്ങനെയുള്ളവ ചാണകക്കുഴമ്പില്‍ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും മുക്കിവെക്കണം.
3. പയര്‍, വെണ്ട വിത്തുകള്‍ ചാണകക്കുഴമ്പില്‍ മുക്കിവെച്ച് മുളപ്പിച്ചതിനുശേഷം നടാം.
4. പടവലം, കൈപ്പ, ചുരങ്ങ എന്നിങ്ങനെയുള്ളവ  മുളച്ചു പൊന്താന്‍ 7-14 ദിവസങ്ങളെടുക്കും. തോടിന് കട്ടിയുള്ള വിത്തുകള്‍ എല്ലാം അങ്ങനെയാണ്. വെള്ളരി , മത്തന്‍, കുമ്പളം എന്നിവ മൂന്നു നാലു ദിവസത്തിനകം മുളയ്ക്കും.
5. വിത്ത് മണ്ണിലെത്തിയാല്‍ അത് ഉറുമ്പ്, ചിതല്‍ എന്നിവ മോഷ്ടിക്കും. അതിനെ അകറ്റാന്‍ ചിതല്‍പ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വിതയ്ക്കണം.
6. ചീരവിത്തുകള്‍ മിക്കവാറും ഉറുമ്പുതിന്നും. അവയെ പറ്റിക്കാന്‍ അതിനോടുകൂടി വിത്തിന്റെ മൂന്നിരട്ടി റവ ചേര്‍ത്ത് വിതച്ചാല്‍ മതി. റവ മുഴുവന്‍ ഉറുമ്പ് തിന്നുമ്പോഴേക്കും വിത്ത് മുളച്ച് പൊന്തും.
7. വിത്ത് നടുമ്പോള്‍ നിലം നനയ്ക്കണം. എന്നാല്‍ വിത്ത് നട്ടതിനുശേഷം അധികം നനച്ചാല്‍ വിത്ത് ചീഞ്ഞുപോവും.
8. തവാരണകളില്‍ നടുന്നവ പറിച്ചു നടണമെങ്കില്‍ കുറഞ്ഞത് നാലിലയെങ്കിലും വരണം.
9. തവാരണകളില്‍നിന്ന് പറിച്ചു നടുന്നതിനുമുമ്പ് നിലം നന്നായി കിളച്ചുമറിച്ച് നനച്ചിടണം. അടിവളം ചേര്‍ക്കാന്‍ മറന്നുപോവരുത്.
10 വൈകിട്ട് മാത്രമേ ചെടികള്‍ പറിച്ചു നടാവൂ. വെയിലേല്‍ക്കുന്ന ഭാഗത്താണെങ്കില്‍ തണല്‍ നല്‍കണം.