പൊതുവെ അടുക്കളത്തോട്ടത്തില്‍ കീടശല്യം എന്നു പറയാമെങ്കിലും നിരന്തര ശ്രദ്ധയുണ്ടെങ്കില്‍ ഒരു കീടവും ഉപദ്രവകാരിയായിത്തീരില്ല. കീടങ്ങളെ എണ്ണത്തില്‍ പെരുകാതെ യഥാസമയം നിയന്ത്രിച്ചാല്‍ മാത്രം മതി. ഒട്ടുമിക്ക പ്രാണികളെയും കൈകൊണ്ടു തന്നെ പെറുക്കി നീക്കാന്‍ കഴിയും. ഇനി കീടനശീകരണം നിര്‍ബന്ധമെങ്കില്‍ അതിന് യോജിച്ച അപായരഹിതമായ ചില കീടനാശിനികളുണ്ട്.

കീടരോഗങ്ങളെ അകറ്റി നിര്‍ത്തുന്ന ചെടികളുടെ ഉപയോഗവും പ്രയോഗരീതികളുമാണ് ഇവിടെ വിവരിക്കുന്നത്.

അരളി

അരളിയുടെ വേര്, തൊലി, വിത്ത് എന്നീ ഭാഗങ്ങളില്‍ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഈ വിഷമാണ് കീടങ്ങളെ തുരത്താന്‍ പ്രയോജനപ്പെടുത്തുന്നത്. അരളിയിലയുടെ നീര് ഇടിച്ചുപിഴിഞ്ഞെടുക്കുക. 100 ഗ്രാം നീര് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചാല്‍ കായീച്ച,ഇലതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാം. 

ഏലത്തിന്റെ തണ്ടുതുരപ്പന്‍പുഴുവിനെ തുരത്താനും അരളിലായനി 200 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിച്ചാല്‍ മതി. അരളിയുടെ വേരോ പൂവോ അരച്ച് മരച്ചീനിക്കകത്ത് വെച്ച് എലിമാളത്തിനരികില്‍ സന്ധ്യാസമയം വെച്ചു നോക്കൂ. ഇത് എലിവിഷത്തിന്റെ ഗുണം ചെയ്യും. എലികള്‍ ചാകും. അരളിയിലയുടെ അഞ്ചുശതമാനം വീര്യമുള്ള ലായനിക്ക് തക്കാളി,വഴുതന എന്നിവയിലെത്തുന്ന കായീച്ചകളെ നശിപ്പിക്കാന്‍ കഴിവുണ്ട്.

ആത്ത

ആത്തപ്പഴത്തിന് കീടനശീകരണ ശേഷിയുണ്ട്. ആത്തയുടെ വിത്ത് ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ 500 മില്ലിലിറ്റര്‍, ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം ബാര്‍സോപ്പ് ചീകിയിട്ട് ലയിപ്പിച്ച ലായനിയിലേക്ക് ഒഴിക്കുക. ഇല അടിച്ചുപതപ്പിച്ചു വേണം തളിക്കാന്‍. ആത്തവിത്ത് ഉണക്കിപ്പൊടിച്ചത് ഇലകളില്‍ വിതറിയാല്‍ ഇലതീനിപ്പുഴുക്കളെ അകറ്റാം. ആത്തവിത്ത് 24 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്തുവെച്ചിട്ട് അരച്ചെടുത്ത് 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിത്തളിക്കുന്നതും കീടങ്ങളെ അകറ്റും.

കാന്താരി മുളക്

നല്ല എരിവുള്ള പച്ചക്കാന്താരി നന്നായി അരച്ച് വെള്ളത്തില്‍ കലക്കി ഒരു രാത്രി വെച്ചിട്ട് തുണിയില്‍ അരിച്ചു നാരു നീക്കി വിളകളില്‍ തളിക്കാം. ഇതിലേക്ക് സോപ്പുലായനി കൂടി കലര്‍ത്തിയും പ്രയോഗിക്കാം. മത്തന്‍,കുമ്പളം,വെള്ളരി എന്നിവയുടെ പല കീടരോഗങ്ങള്‍ക്കും ഇത് ഫലവത്തായ നിയന്ത്രണവിധിയുണ്ട്.

നിത്യകല്യാണി

മണ്ണിലെ നിമവിരകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ചെടിയാണ് നിത്യകല്യാണി അഥവാ ശവംനാറിച്ചെടി. ചെടികള്‍ക്കിടയിലും അതിരിലും നിത്യകല്യാണി നട്ടുവളര്‍ത്തിയാല്‍ നിമവിരശല്യം കുറയും . ഇതിന്റെ ഇലകള്‍ ചതച്ചു പിഴിഞ്ഞെടുക്കുന്ന ഇലച്ചാറ് നേര്‍പ്പിച്ച് തളിച്ചാല്‍ ഇലതീനിപ്പുഴുക്കള്‍ തുടങ്ങിയ പ്രാണികളെയും നശിപ്പിക്കാം.

തുളസി

തുളസിയിലച്ചാറ് ഇലതീനിപ്പുഴുക്കളെയും കായീച്ചകളെയുമൊക്കെ നശിപ്പിക്കാനോ അകറ്റിനിര്‍ത്താനോ കഴിവുള്ളതാണ്. ജൈവ കീടനിയന്ത്രണത്തില്‍ തുളസിക്കെണിക്ക് വലിയ പ്രചാരവുമുണ്ട്. 

പെരുവലം

പെരുവലത്തിന്റെ ഇലകള്‍ ചതച്ചെടുക്കുന്ന പെരുവലസത്തിന് കീടനശീകരണശേഷിയുണ്ട്. ചെല്ലികളെയും വേരുതീനിപ്പുഴുക്കളെയും നശിപ്പിക്കാന്‍ പെരുവലത്തിന് കഴിയും.

കമ്യൂണിസ്റ്റ് പച്ച

കമ്യൂണിസ്റ്റ് പച്ചയുടെ ഇലച്ചാറാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. മണ്ണിലെ നിമവിരകളെ തുരത്താന്‍ കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്‍ മണ്ണില്‍ ഇളക്കിച്ചേര്‍ക്കുന്ന പതിവുണ്ട്.

(കടപ്പാട്: കൃഷി വീട്ടുവളപ്പിലും മട്ടുപ്പാവിലും, സുരേഷ് മുതുകുളം)

Content Highlights: organic farming