കോഴിക്കോട്ട് നിന്ന് ഉള്ള്യേരിയിലേയ്ക്ക് പോകുന്നവഴി അത്തോളി ടൗണിൽ ഒരു കടയുടെ മുന്നിൽ കുറേ ചീരകൾ കെട്ടാക്കി വച്ചതു കാണാം. അരികിൽ ഒരു ബോർഡും. 'ആരോഗ്യച്ചീര. നൂറ് ശതമാനം ജൈവം. കെട്ടിന് ഇരുപത് രൂപ. പണം പെട്ടിയിൽ നിക്ഷേപിക്കുക.' പിന്നെ കർഷകന്റെ ഫോൺ നമ്പറും. ചീര വിൽക്കാൻ അവിടെ വേറെ ആളില്ല. വേണ്ടവർക്ക് സ്വയമെടുക്കാം. പണം പെട്ടിയിലിട്ടാൽ മതി.

കോഴിക്കോട് എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ ഇസ്മയിലിന് താൻ കൃഷിയിറക്കുന്ന മണ്ണിൽ മാത്രമല്ല, ആ മണ്ണിൽ വിളഞ്ഞ ഉത്പനങ്ങൾ വാങ്ങാനെത്തുന്നവരിലും വലിയ വിശ്വാസമാണ്. ഒരു കെട്ട് പോലും ബാക്കിവരാറില്ല. കൊണ്ടുപോയവർ ആരും ഇന്നേവരെ പണം പെട്ടിയിലിടാതെ മുങ്ങിയിട്ടുമില്ല.

വിഷമില്ലാത്ത നല്ല ഒന്നാന്തരം ചീര വിൽക്കുന്ന ഇസ്മയിലിനെ അത്രയ്ക്ക് കാര്യമാണ് അത്തോളിക്കാർക്ക്. പുതിയ സീസണിൽ ഇസ്മയിൽ ചീരക്കൃഷി തുടങ്ങുന്നത് കാത്തിരിക്കുകയാണവർ. സീസണടുക്കുമ്പോൾ ഇക്കുറി ചീരക്കൃഷിയില്ലേ എന്ന ചോദ്യവുമായി സമീപിക്കുകയും ചെയ്യും. എന്നാൽ, ഒരു അപകടത്തിൽ തോളെല്ലിന് പരിക്കേറ്റ ഇസ്മയിലിന് ഇക്കുറി കൃഷിയിറക്കാനാവുമോ എന്ന് ഉറപ്പില്ല.

അത്തോളി കുനിയില്‍ കടവ് പാലത്തിന് സമീപത്തെ പന്ത്രണ്ട് സെന്റ് സ്ഥലത്താണ് ഇസ്മയിലും അയല്‍വാസി രജനിയും ചേര്‍ന്ന് ചീരക്കൃഷി ചെയ്യാറുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഇവര്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. 

ബയോഗ്യാസ് സ്ലറി, കാടവളം തുടങ്ങിയവ ഉപയോഗിച്ച് തികച്ചും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. കൃഷിക്ക് ഏകദേശം രണ്ടായിരം രൂപ മാത്രമേ ചെലവു വരുന്നുള്ളൂ. അതേസമയം 13000 രൂപയോളം ലാഭം കിട്ടുകയും ചെയ്യും. ലാഭവിഹിതം ഇരുവരും പങ്കിട്ടെടുക്കും.

cheera
Photo Courtesy: facebook/Ismail Atholy

തുടക്കത്തില്‍ അഞ്ച് കെട്ട് ചീരയാണ് വില്‍പനയ്ക്കായി വയ്ക്കുക. പിന്നെ 10 കെട്ട്. ആളുകള്‍ അറിഞ്ഞ് കഴിയുമ്പോള്‍ ഇരുപതു കെട്ടു ചീരവരെ വില്‍പനയ്‌ക്കെത്തിക്കും. കൃഷി അവസാനിക്കാറാകുമ്പോള്‍ അത് വീണ്ടും അഞ്ച് കെട്ടിലേക്ക് ചുരുങ്ങും.

എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കൃഷിയെ കാലാവസ്ഥ ചതിച്ചതിന്റെ വിഷമം ഇസ്മയില്‍ മറച്ചു വയ്ക്കുന്നില്ല. വെള്ളത്തിന്റെ ലഭ്യതക്കുറവുമൂലം കൃഷി നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. പതിമൂവായിരത്തോളം രൂപ വരുമാനം ലഭിച്ചിടത്ത് അത് വെറും മൂവായിരത്തോളമായി ചുരുങ്ങി.
 
ഇക്കുറി കൃഷിയില്ലേ എന്ന ചോദ്യവുമായി ആളുകൾ വരുന്നുണ്ട് ഇസ്മയിലിന്റെ അടുത്ത്. ഈ ചോദ്യം ഒരു പ്രചോദനമാണെന്ന് പറയുന്നു ഇസ്മയിൽ. കാലാവസ്ഥയും ആരോഗ്യം അനുവദിച്ചാല്‍ ഇക്കുറിയും കൃഷിക്ക് മുടക്കം വരുത്തില്ലെന്നാണ് ഇസ്മയിൽ പറയുന്നത്.