വേനലിന്റെ ചൂടും ക്ഷീണവും അകറ്റാന്‍ തണ്ണിമത്തനെ വെല്ലുന്ന മറ്റൊരു ഭക്ഷണമില്ല. അമേരിക്കയിലെ ഗവേഷണ സ്ഥാപനങ്ങള്‍ ഇതിനെ പ്രകൃതിദത്ത വയാഗ്ര എന്നാണ് വിശേഷിപ്പിക്കുന്നത്. തണ്ണിമത്തനിലെ സിട്രുലിന്‍ എന്ന അമിനോ ആസിഡിന് രക്തധമനികളെ വികസിപ്പിച്ച് കൂടുതല്‍ രക്തം കടത്തി വിടാനുള്ള കഴിവ് അതിശയിപ്പിക്കുന്നതാണ്. പുരുഷന്‍മാരിലെ ഉദ്ദാരണശേഷിക്കുറവിനുള്ള ഏറ്റവും നല്ല ഔഷധമായാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്.

ഔഷധ ഗുണങ്ങള്‍

തണ്ണിമത്തന്റെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് തണ്ണിമത്തന്‍. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഗ്ലൈസിമിക് ലോഡ് കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കും നിയന്ത്രിത അളവില്‍ കഴിക്കാം. മാത്രമല്ല തണ്ണിമത്തന്‍ ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. 

രക്തസമ്മര്‍ദം, നിര്‍ജ്ജലീകരണം എന്നിവ കുറയ്ക്കാന്‍ തണ്ണിമത്തന്‍ അത്യുത്തമമാണ്. ഇതിലെ വിറ്റാമിന്‍ സി, ലൈക്കോപിന്‍ എന്നീ ഘടകങ്ങള്‍ നല്ല ആന്റി ഓക്‌സിഡന്റുകള്‍ ആയതിനാല്‍ യൗവനം നിലനിര്‍ത്താന്‍ തണ്ണിമത്തന്‍ ധാരാളം കഴിക്കുക. 

കേരളത്തില്‍ ഡിസംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ തണ്ണിമത്തന്‍ നടാം.

കൃഷി രീതി

water melon

വെയില്‍ ലഭിക്കുന്ന പശിമരാശിയുള്ള പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും ഉത്തമം. ഷുഗര്‍ ബേബി, അര്‍ക്കാ ജ്യോതി, കുരുവില്ലാത്ത സങ്കരയിനങ്ങളായ ഷോണിമ, സ്വര്‍ണ എന്നിവയാണ് കേരളത്തിന് പറ്റിയ ഇനങ്ങള്‍.

രണ്ടടി വ്യാസമുള്ള തടങ്ങള്‍ 2 മീറ്റര്‍ അകലത്തില്‍ എടുത്ത് 5 വിത്തുകള്‍ വീതം ഓരോ തടത്തിലും നടണം. മുളയ്ക്കുമ്പോള്‍ ആരോഗ്യമുള്ള രണ്ട് തൈകള്‍ നിര്‍ത്തി ബാക്കിയുള്ളവ നശിപ്പിക്കുക. അടിവളമായി തടം ഒന്നിന് 5 കിലോഗ്രാം ചാണകം/ കമ്പോസ്റ്റ് ,125 ഗ്രാം ഫാക്ടംഫോസ് , 40 ഗ്രാം പൊട്ടാഷ് എന്നിവ നല്‍കാം.

വള്ളി വീശാന്‍ തുടങ്ങുമ്പോളും പൂവിടാന്‍ തുടങ്ങുമ്പോളും 40 ഗ്രാം യൂറിയ വീതം തടത്തില്‍ ചേര്‍ത്തു കൊടുക്കണം. വളം ചേര്‍ക്കുന്ന സമയങ്ങളില്‍ ചെടികള്‍ നനച്ചു കൊടുക്കാന്‍ മറക്കരുത്. ജലസേചനം ആദ്യ സമയത്ത് മൂന്ന് ദിവസങ്ങളില്‍ ഒരിക്കല്‍ മതിയാകും. പൂവിടുന്ന സമയത്ത് ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നനയ്ക്കുക. ഫലങ്ങള്‍ മൂപ്പെത്താറാകുമ്പോള്‍ ജലസേചനത്തിന്റെ തോത് കുറയ്ക്കണം. അധിക ജലസേചനം ഫലങ്ങള്‍ വിണ്ടുകീറാന്‍ ഇടയാക്കും.

ചെടികള്‍ പടരുന്ന സമയത്ത് ഉണങ്ങിയ കരിയില, ഉണങ്ങിയ ചുള്ളിക്കമ്പുകള്‍ എന്നിവ തറയില്‍ വിരിച്ച് പടരാനുള്ള സൗകര്യം ഒരുക്കണം. പൂവിരിഞ്ഞ് കായ്കള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കരിയിലയോ പേപ്പറോ ഉപയോഗിച്ച് കായ്കള്‍ മറയ്ക്കുന്നത് കായീച്ചയുടെ ശല്യം ഒഴിവാക്കാനും ഭംഗിയുള്ള ഫലങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കും. ചെടികള്‍ നട്ട് 3-4 മാസത്തിനുള്ളില്‍ തന്നെ മൂപ്പെത്തിയ ഫലങ്ങള്‍ വിളവെടുക്കാം.

(കോഴിക്കോട് ജില്ലയിലെ കൂത്താളിയിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറാണ് ലേഖകന്‍)