സാധാരണ കൂണ്‍ കര്‍ഷകര്‍ വിത്തിനായി വിപണിയെ ആശ്രയിക്കുമ്പോള്‍ സ്വന്തം രീതിയില്‍ കൂണ്‍ വിത്ത് ഉത്പാദിപ്പിച്ച് കൃഷി ചെയ്യുകയാണ് കോഴിക്കോട് പാലാഴി സ്വദേശിയായ പുഷ്പരാജന്‍. കൂണ്‍വിത്ത് നിര്‍മാണം ആധുനിക ലാബില്‍ ചെയ്യേണ്ട പ്രവൃത്തിയല്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. വളരെ എളുപ്പത്തില്‍ വിത്ത് നിര്‍മിക്കാനുള്ള മാര്‍ഗമാണ് പുഷ്പരാജന്റെ കൈയിലുള്ളത്.

ആധുനിക രീതിയില്‍ കൂണ്‍വിത്ത് നിര്‍മിക്കാന്‍ വേണ്ടത് കുറഞ്ഞത് 50 ദിവസമാണ്. എന്നാല്‍ അതിന്റെ നേര്‍പകുതി സമയം കൊണ്ട് പരമ്പരാഗത രീതിയില്‍ വിത്ത് നിര്‍മിക്കാം. മൂന്നുവര്‍ഷത്തെ അധ്വാനത്തിലൂടെയാണ് പുഷ്പരാജന്‍ പരമ്പരാഗത രീതിയില്‍ കൂണ്‍വിത്തുണ്ടാക്കിയത്. 30 ഇനങ്ങളോളം വരുന്ന ചിപ്പിക്കൂണില്‍ വൈറ്റ് ഫ്‌ളോറിഡ എന്നയിനത്തില്‍പ്പെട്ട കൂണാണ് ഇവിടെ വളര്‍ത്തുന്നത്.

കൂണ്‍കര്‍ഷകര്‍ നേരിടുന്ന ഒരു വലിയ പ്രശ്നമായ നല്ല കൂണ്‍വിത്തുകളുടെ ലഭ്യത, മുളയ്ക്കല്‍ശേഷി കുറവ്, വിളവിലുള്ള ഏറ്റക്കുറച്ചിലുകള്‍, വിലക്കയറ്റം എന്നിവയെ പ്രതിരോധിക്കുന്ന വിത്തുകളാണ് ഊര്‍ണാരിമേത്തല്‍ 'ജാനകി മഷ്റൂമിലെ' പുഷ്പാകരന്‍ വികസിപ്പിച്ചെടുത്തത്.

250 ഗ്രാം വിത്തിന്റെ പാക്കറ്റുകളാണ് സാധാരണയായി വിപണിയില്‍ വാങ്ങാന്‍ കിട്ടുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഇതിന് 40 രൂപയാണ് വില. സ്വകാര്യ വിത്തുത്പാദകര്‍ 60 രൂപയാണ് ഈടാക്കുന്നത്. നന്നായി പരിചരിക്കുന്ന കൂണ്‍ കൃഷിയിടങ്ങളില്‍ ഒരു പാക്കറ്റ് വിത്തില്‍ നിന്ന് 18X24 ബെഡ്ഡില്‍ ആദ്യപറിക്കലില്‍ ഒരു കിലോ കൂണ്‍ ലഭിക്കും. 18 മുതല്‍ 21 ദിവസങ്ങള്‍ വരെയാണ്് വളര്‍ച്ചയെത്താന്‍ വേണ്ട സമയം. 

വിത്ത് നിര്‍മാണം

വിത്ത് നിര്‍മാണം ദിവസങ്ങളെടുക്കുന്ന പ്രക്രിയയാണ്. കൂണിന്റെ തണ്ടും കുടയും ചേരുന്ന ഭാഗത്താണ് അതിന്റെ സ്പോറുകള്‍ സാധാരണയായി കണ്ടുവരുന്നത്. ഒരു കൂണ്‍ കുടയ്ക്കടിയില്‍ പത്തുലക്ഷത്തോളം സ്പോറുകള്‍ ഉണ്ടാകുമെന്നാണ് കണക്ക്. അതില്‍ നിന്നും ഒരു തരി കിട്ടിയില്‍ മതി മാധ്യമത്തില്‍ വളര്‍ത്താന്‍. 

കുടയും തണ്ടും ചേരുന്ന ഭാഗത്തുനിന്നു വേര്‍പെടുത്തുന്ന ഒരു ചെറിയ ഭാഗം സാധാരണ ലാബുകളില്‍ പി.ഡി.എ. (പൊട്ടറ്റോ ഡെസ്ട്രോസ് ആഗര്‍) മാധ്യമത്തില്‍ കള്‍ച്ചര്‍ ചെയ്താണ് നിര്‍മിക്കുന്നത്. എന്നാല്‍ പുഷ്പരാജന്‍ സ്വയം വികസിപ്പിച്ച മാധ്യമമാണ് ഉപയോഗിക്കുന്നത്. സാധാരണ നാലു ഘട്ടം വേണ്ടിടത്ത് മൂന്നു ഘട്ടം മാത്രമേ വിത്തുത്പാദനത്തിനെടുക്കുന്നുള്ളു.

കള്‍ച്ചര്‍ ചെയ്യാനും വളര്‍ത്തിയെടുക്കാനും എളുപ്പമുള്ള രീതിയില്‍ കൂണ്‍ വിത്ത് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് 25-30 രൂപയ്ക്ക് 250ഗ്രാം പാക്കറ്റ് നല്‍കാന്‍ കഴിയുമെങ്കിലും ഇതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള സാമ്പത്തികച്ചെലവ്  തന്നെ പുറകേട്ട് നയിക്കുകയാണെന്ന് പുഷ്പരാജന്‍ പറയുന്നു.

കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന രീതിയില്‍ കൂണ്‍വിത്തുല്‍പാദന പങ്കാളിത്ത സംരംഭത്തിന് ആരെങ്കിലും മുന്നോട്ടുവന്നാല്‍ മാധ്യമത്തിന്റെ രഹസ്യം പങ്കുവെക്കാന്‍ അദ്ദേഹം തയ്യാറാണ്. വേനല്‍ക്കാലത്ത് പാല്‍ക്കൂണും തയ്യാറാക്കുന്നുണ്ട്.

കൂണ്‍ ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ വളരെപ്പെട്ടെന്നു കേടാകുമെന്നതാണ് കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നം. വിപണനത്തിന് വ്യാപകമായ സൗകര്യമൊരുക്കണമെന്നും തിരുവനന്തപുരത്തെ ജോസ്പ്രകാശ് എന്ന കര്‍ഷകന്റെ നേതൃത്വത്തിലുള്ള 'കൂണ്‍പുര'യ്ക്കു സമാനമായ കൂട്ടായ്മ മലബാറിലും ഉയര്‍ന്നു വരണമെന്ന് അദ്ദേഹം പറയുന്നു.

Content highlights: Agriculture, Organic farming, Mushroom cultivation

ഫോണ്‍: 7012724765