പാലക്കാട്: കർഷകരും അവരുടെ പ്രശ്നങ്ങളുമാവും രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എക്കാലത്തും ഒന്നാംസ്ഥാനം നേടുന്നത്. അതുകൊണ്ടുതന്നെ അവർക്കുള്ള ‘പാക്കേജു’കളിലും എന്നും എരിവും പുളിയും ഇത്തിരി കൂടുതലുമുണ്ടാവും. വോട്ടുറപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ സർക്കാരുകൾ ആദ്യം മറക്കുന്നതും ഇവരെത്തന്നെ.

സ്വയംതൊഴിലിന് കിട്ടുന്ന മാന്യതപോലും ഇന്നത്തെ കൃഷിക്കാർക്ക് സമൂഹത്തിൽ ലഭിക്കുന്നില്ലെന്ന് പാരമ്പര്യകർഷകർ ഉള്ളിൽത്തട്ടി പറയുമ്പോൾ ആരെയാണ് പഴിക്കേണ്ടത്. സമയത്ത് വെള്ളവും വിത്തും വളവും നൽകാത്ത അധികൃതരെയോ രോഗംബാധിച്ച് കൃഷി നശിക്കുമ്പോൾ ഉപദേശവുമായെത്തുന്ന കൃഷി വിദഗ്ധരെയോ. ആറുമാസം മഞ്ഞുംമഴയും വെയിലും വകവെക്കാതെ ചേറിലും ചെളിയിലും ജീവിതമർപ്പിച്ച് അന്നത്തിനുള്ള നെല്ലുണ്ടാക്കിയശേഷം അത് സമയത്തിന് വിറ്റഴിക്കാനായി കൃഷി ഓഫീസിലും യൂണിയൻ ഓഫീസിലും പുലരുംമുതൽ കാവൽനിൽക്കേണ്ടിവരുന്നതിനെയോ. ആരെ പഴിച്ചാലും പുതുതലമുറ എന്തുകൊണ്ട് തൂമ്പയെടുക്കുന്നില്ലെന്ന തിരിച്ചറിവാണ് കർഷകനുള്ള ഉത്തരം.

വരുമാനക്കുറവ് മാത്രമല്ല, നിലനില്പുതന്നെ അപകടത്തിലാവുന്ന ഇക്കൂട്ടർക്കും ഈ തിരഞ്ഞെടുപ്പിൽ പറയാനുണ്ട്. കൃഷിയിറക്കാനുള്ള ബദ്ധപ്പാടിനെക്കുറിച്ച്, നെല്ലെടുപ്പിനെത്തുന്നവരുടെ തട്ടിപ്പുകളെക്കുറിച്ച്, വിറ്റനെല്ലിന് കാശുകിട്ടാനുള്ള കാത്തിരിപ്പിന്റെ ദൈന്യതയെക്കുറിച്ച്, ബാങ്കുകളിൽ കുന്നുകൂടുന്ന കടക്കെണിയുടെ നിലയില്ലാക്കയങ്ങളെക്കുറിച്ച്.

പ്രതികരണം

കൃഷിയിൽ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയാണ്. സബ്‌സിഡികളെല്ലാം നിർത്തി നെല്ലിന് കിലോഗ്രാമിന്‌ 40 രൂപ വിലനിശ്ചയിച്ച് കൃത്യസമയത്ത് നൽകണം.

- എം. കുട്ടികൃഷ്ണൻ, പെരുങ്കുന്നം, പരമ്പരാഗത നെൽക്കർഷകൻ

കൃഷിരംഗത്തുള്ള സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കണം. ഒരു നെൽ ഏജന്റിന് 25 പാടശഖരസമിതികളിലെ നെല്ലെടുപ്പിന് അനുമതി നൽകുന്ന രീതി അവസാനിപ്പിക്കണം.

-ലൗലിഭായി, നെൽക്കർഷക, കുത്തനൂർ

കാലാവസ്ഥാ വ്യതിയാനംപോലും വരുമാനം കുറയ്ക്കുന്ന കർഷകനെ കൃഷിയിൽ ഉറപ്പിച്ച് നിർത്താൻ വ്യക്തമായ പദ്ധതിവേണം.

-വിനോദ് കുമാർ, കർഷകൻ, തിരുമിറ്റക്കോട്

മലമ്പുഴവെള്ളം വ്യവസായത്തിന് നൽകുന്നതിനെക്കുറിച്ച് പുനർവിചിന്തനം വേണം. വിത്തുത്പാദകരെ സംരക്ഷിക്കണം.

-സജീഷ്, വിത്തുത്പാദക കർഷകൻ, കുത്തനൂർ

വിത്ത്, വളം എന്നിവ കൃത്യസമയത്ത് വിതരണംചെയ്യുന്നതോടൊപ്പം നെല്ലെടുപ്പിനുള്ള തീരുമാനവും കൃത്യസമയത്ത് ഉണ്ടാവണം. ജലസേചനത്തിലെ അപാകം ഒഴിവാക്കണം.

- ടി.കെ. ദിവാകരൻ, സെക്രട്ടറി, മുരുകനോട് പാടശേഖരസമിതി

കർഷകരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളണം. പെൻഷൻ 5,000 രൂപയാക്കണം.

-ടി.എ. വിശ്വനാഥൻ, സെക്രട്ടറി, പരുത്തിക്കാവ് പാടശേഖരസമിതി​

തൊഴിലാളികളെ കിട്ടാനില്ല. തൊഴിലുറപ്പ് പദ്ധതി കാർഷികമേഖലക്ക് ഉപകാരപ്രദമാക്കാനും കഴിഞ്ഞിട്ടില്ല.

-ഒ.പി.രാമകൃഷ്ണൻ, കർഷകൻ, പരുതൂർ പാടശേഖരം, പട്ടാമ്പി

നെല്ല് സംഭരണത്തോത് ഉയർത്തണം. ജലസേചനത്തിന് ബദൽമാർഗങ്ങൾ തേടാൻ കർഷകർതന്നെ പണം ചെലവഴിക്കേണ്ട അവസ്ഥ മാറണം.

-എ.പി. ശക്തി, മങ്ങാരം പാടശേഖരസമിതി പ്രസിഡന്റ്, തൃത്താല

നെല്ല് ഓയിൽപാം കോർപറേഷനിലേക്ക് നൽകി ഒൻപതുമാസമായിട്ടും വില ലഭിച്ചിട്ടില്ല. രണ്ടാംവിള നെൽക്കൃഷിയിറക്കുന്നതിന്റെ ചെലവിനായി സ്വർണം പണയംവെച്ചും കടംവാങ്ങിയുമാണ് കൃഷിയിറക്കിയത്.

- കെ. ജനാർദനൻ, കാവിലത്തുപാടം, ചിറ്റില്ലഞ്ചേരി

റബ്ബർവില സ്ഥിരതാഫണ്ട് വർധിപ്പിക്കണം. സെപ്റ്റംബറിൽ ഓയിൽപാം ഇന്ത്യയ്‌ക്ക്‌ നെല്ലളന്ന കർഷകർക്ക് ഇനിയും വില കിട്ടിയിട്ടില്ല.

-ശശി ജി.നായർ, സെക്രട്ടറി, തരൂർ പാടശേഖരം

ജലനികുതി കൃത്യമായി വാങ്ങുന്നുണ്ടെങ്കിലും കൃത്യമായി വെള്ളം കിട്ടുന്നില്ല. താങ്ങുവില ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എം.പി. ഇടപെടണം.

- ഇ.വി. കുഞ്ഞിക്കുട്ടൻ, എരകുളം പാടശേഖരം

Content highlights: Agriculture, Organic farming, Farmer, Paddy field