ണ്ടൊരു മലപ്പുറത്തുകാരന്‍ തൊഴില്‍ അന്വേഷിച്ച് കിഴക്കന്‍ രാജ്യങ്ങളിലേക്ക് ഉരു കയറി. അധികവും അറേബ്യന്‍ നാടുകളിലേക്ക് തൊഴിലന്വേഷിച്ചു പോവുകയെന്ന പതിവുതെറ്റിച്ചായിരുന്നു അത്. ഗള്‍ഫ് നാടുകളില്‍ നിന്ന് സ്വര്‍ണം വാരിവരുന്ന ഗ്ലാമർ താരങ്ങളില്‍ നിന്ന് വ്യത്യസ്തനായ അദ്ദേഹം മലേഷ്യയില്‍നിന്ന്  സ്വദേശത്തേക്ക് വന്നത് പഴുത്തു തുടുത്ത കുറച്ച്  മുളകുമായിട്ടായിരുന്നു. കൂട്ടുകാരും അയല്‍വാസികളും അയാള്‍ക്ക് വട്ടായെന്ന് കരുതി പരിഹസിച്ചു. എന്നാല്‍ ആ മുളകിന്റെ വിത്തുകള്‍ വിതച്ച് കൃഷിതുടങ്ങിയ അദ്ദേഹം വിത്തുപാകിയത് ഒരു മുളക് കൃഷി സംസ്‌കാരത്തിനായിരുന്നു. അതേ, മലായി മുളകെന്ന എടയൂര്‍ മുളക് കൃഷിക്ക്. എടയൂര്‍ പഞ്ചായത്തിലാണ് ഇത് ഏറ്റവും കൂടുതല്‍ എന്നതുകൊണ്ടുതന്നെ എടയൂര്‍ മുളകെന്നാണ് ഇതിന്റെ വിളിപ്പേര്.

പണ്ട് മുളക് എണ്ണിയായിരുന്നു വില്പന നടത്തിയിരുന്നത്. അത്രയും മൂല്യമായിരുന്നു ഇതിന്. എരിവും കുറവും പോഷകഗുണം കൂടുതലുമുള്ളതാണ് എടയൂര്‍ മുളകിന്റെ പ്രത്യേകത. ഇപ്പോള്‍ ജൈവസൂചികാ പദവി നേടാനുള്ള പ്രയത്നത്തിലാണ് മലപ്പുറത്തിന്റെ സ്വന്തം മുളക്. കൊണ്ടാട്ടം ഉണ്ടാക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ഇത്. വിളവിന്റെ തുടക്കത്തില്‍ എരിവ് കുറവും വലിപ്പം കൂടുതലും ആയിരിക്കും. വിളവെടുപ്പിന്റെ അവസാനമാകുമ്പോഴേക്കും വലിപ്പം കുറഞ്ഞ് എരിവ് കൂടുന്നു. കിലോയ്ക്ക് 250 രൂപവരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. മുളക് കൃഷിചെയ്ത് മാത്രം ഒട്ടേറെ കൃഷിഭൂമി വാങ്ങിക്കൂട്ടിയ അനവധിപ്പേരുണ്ടിവിടെ.

Malappuram

നടീല്‍

വിത്ത് മുളപ്പിച്ചെടുക്കാനാണ് പാട്. കാരണം കൃത്യമായ നനയും ഊഷ്മാവും നിലനിര്‍ത്തിയാല്‍ മാത്രമേ വിത്ത് ശരിയായി മുളച്ച് പൊന്തുകയുള്ളു. വിത്ത് നിലത്ത് പാകുന്നതിന് മുമ്പ് ഒരു കോട്ടണ്‍ തുണിയില്‍ കെട്ടി രാവിലെയും വൈകിട്ടും നനച്ചുവെക്കണം. ചൂട് കൂടുതലാണെങ്കില്‍ വിത്ത് രണ്ടുനേരവും നനച്ചുവെക്കാം. ഒരാഴ്ച ഇങ്ങനെ നനച്ച് വെച്ചാല്‍ വിത്ത് മുളച്ചുവരും. 8-10 ദിവസമാകുമ്പോേഴക്കും അത് നിലത്ത് വിതയ്ക്കാന്‍ പാകമാവും. 

പുതയിടണം

പണ്ടുകാലത്ത് നെല്ലിമരത്തിന്റെ ഇലകൊണ്ടാണ് വിത്തുകള്‍ മുളയ്ക്കാന്‍ പുതയിടാറുള്ളത്. വിത്തുകള്‍ മണ്ണില്‍ നിന്ന് പൊങ്ങിപ്പോരാതിരിക്കാനാണ് ചെറിയ ഇലകള്‍കൊണ്ട് പുതയിടുന്നത്. വിത്തുകള്‍ പാകിയ നഴ്സറിക്ക് ചുറ്റും ജീവികള്‍ കടന്നു കയറാത്ത രീതിയില്‍ മറയ്ക്കണം. മുളപ്പിച്ചെടുത്ത തൈകള്‍ പത്തുദിവസം പ്രായമായാല്‍ കിളച്ച് അടിവളം ചേര്‍ത്തൊരുക്കിയ തവാരണകളിലേക്ക് മാറ്റിനടാം.

Edayur

നിലമൊരുക്കി നടാം

നല്ല ജൈവപുഷ്ടിയുള്ള മണ്ണാണ് മുളക് കൃഷിക്ക് ഉത്തമം. കേരത്തിലെ ഭൂപ്രകൃതിയനുസരിച്ച് 1500 മീറ്റര്‍വരെ ഇത് കൃഷിചെയ്യാം. എന്നാല്‍ 400-1000 മീറ്ററിലാണ് വിളവ് കൂടുതല്‍ കിട്ടുന്നതായിക്കണ്ടുവരുന്നത്. നടുന്ന മണ്ണ് നല്ല നീര്‍വാര്‍ച്ചയുള്ളതും നല്ലവായു സഞ്ചാരം നിലനില്‍ക്കുതുമായിരിക്കണം. മാത്രമല്ല മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനുമിടയിലായാല്‍ നന്ന്. അമ്ലഗുണം കൂടിയമണ്ണില്‍ ഡോളമൈറ്റോ കുമ്മായമോ വിതറി അത് കുറയ്ക്കാം.

നടുന്നതിനുമുമ്പ് കൃഷിയിടം നന്നായി ഉഴുത് മറിക്കണം അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് ഒരടിയുയരത്തില്‍ തടം കോരിയെടുക്കാം. നീളത്തിലോ കുറുകെയോ ചാലെടുത്താണ് മുളപ്പിച്ച തൈകള്‍ നടേണ്ടത്. തൈകള്‍ തമ്മില്‍ കുറഞ്ഞത് 25 സെ.മീ. അകലം അത്യാവശ്യമാണ്. ഇടവപ്പാതിയില്‍ മഴയെ ആശ്രയിച്ചാണ് കൃഷി. 

മേട മാസത്തിലെ ആദ്യവാരങ്ങളിലാണ് തൈകള്‍ നടുന്നത്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ ചാറല്‍ മഴ നല്ലതാണ്. വരിയും നിരയുമായാണ് തടങ്ങളെടുക്കേണ്ടത്. തടങ്ങള്‍ തമ്മില്‍ കുറഞ്ഞത് കാല്‍മീറ്റര്‍ അകലവും തടത്തിന്റെ ഉയര്‍ച്ച കുറഞ്ഞത് കാല്‍ മീറ്ററെങ്കിലും ഉണ്ടായിരിക്കണം.

ചരിഞ്ഞ സ്ഥലങ്ങളിലാണ് കൃഷിയിറക്കുതെങ്കില്‍ 30 സെമീ അകലത്തില്‍ തടമെടുക്കാം. ഇവിടങ്ങളില്‍ താഴ്ചയുമുള്ള തടങ്ങളെടുത്താകണം നടുന്നത്. ഒരു ഹെക്ടറില്‍ കുറഞ്ഞത് ആയിരം ചെടികള്‍ നടാം. ഒരു ഹെക്ടറില്‍ നിന്ന് 20 ടണ്‍വരെ ഉത്പാദനം ലഭിക്കും.

പയറും വെണ്ടയും കൂര്‍ക്കയുമാണ് കര്‍ഷകര്‍ മുളകിനൊപ്പം നടുന്നത്. മുളകിന്റെ വളത്തിലും കൃഷിപ്പണിയിലും ഇത് വിളയുമെന്നതിനാല്‍ ഇരട്ടിലാഭം ഉറപ്പ്. 

Edayur

കീടവും രോഗവും
 
സാധാരണ മുളകുചെടികള്‍ക്കുണ്ടാകുന്ന എല്ലാരോഗങ്ങളും ബാധിച്ചുകാണുന്നുണ്ടെങ്കിലും കീടപ്രതിരോധശേഷി കൂടുതലാണ്. സ്യൂഡോമോണസ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിച്ചാല്‍ ഇലകരിച്ചില്‍ നിയന്ത്രിക്കാം. മണ്ഡരികള്‍, ഇലപ്പേന്‍, ത്രിപ്സ് എന്നിവ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതമോ ഗോമൂത്രം കാന്താരി മിശ്രിതമോ തളിച്ചുകൊടുത്താല്‍ മതിയാകും.

കൊണ്ടാട്ടമുണ്ടാക്കാം

പഴുത്ത എടയൂര്‍മുളക് നെടുകെകീറി അതില്‍ ഉപ്പ് നിറച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്താല്‍ അത് മാത്രം മതി ചോറുണ്ണാന്‍. അത്രയും സ്വാദിഷ്ടമായ എടയൂര്‍ മുളക് കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കാം.

എടയൂര്‍മുളക് -100 എണ്ണം
തൈര്- 500 മില്ലി
ഉപ്പ് -750 ഗ്രാം

തയ്യാറാക്കുന്നവിധം

ഓരോ മുളകിന്റെയും മധ്യഭാഗം കത്തികൊണ്ട് കീറി തൈരും ഉപ്പുംചേര്‍ത്ത് തയ്യാറാക്കിയ ലായനിയില്‍ മുക്കിവെക്കുക. പിറ്റേന്ന് മുളക് ഊറ്റിയെടുത്ത് വെയിലത്തുണക്കുക പിന്നീട് വൈകിട്ട് തൈര് ലായനിയില്‍ മുളക് മുക്കിവെക്കുക. അടുത്തദിവസം വിണ്ടും വെയിലത്തുണക്കണം ഇങ്ങനെ തൈർലായനി മൊത്തം മുളകില്‍ പിടിക്കുന്നതുവരെ തുടരണം പിന്നീട് ഉണങ്ങിയ മുളക് ടിന്നിലടച്ച് സൂക്ഷിക്കാം.

Content highlights: Edayur chillies, Organic farming, Agriculture