എളുപ്പത്തില്‍ കൃഷിചെയ്യാവുന്നതും വാണിജ്യാടിസ്ഥാനത്തില്‍ നേട്ടം കൊയ്യാവുന്നതുമായ ഒരു വിളയാണ് വെണ്ട. കേരളത്തിലെ ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതും വെണ്ടകൃഷിയെ കര്‍ഷകനിലേക്ക് അടുപ്പിക്കുന്നു.

നല്ലയിനം വിത്തുകള്‍ വേണം നടുന്നതിനായി തിരഞ്ഞെടുക്കാന്‍. ആരോഗ്യമുള്ള വിത്തുകളാണെങ്കില്‍ നല്ല വിളവു ലഭിക്കുകയും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കുകയും ചെയ്യും.

വിത്തു പാകുന്നതിനു മുമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു വയ്ക്കുന്നത് നല്ലതാണ്. വേഗം മുളയ്ക്കാനും നന്നായി വളരാനും അത് സഹായിക്കും. വെണ്ടവിത്തിലെ വെള്ള നിറത്തിലുള്ള ചെറിയ ഭാഗം മണ്ണില്‍ താഴേക്കാക്കി വേണം നടാന്‍. ഇത് വേഗം മുളയ്ക്കാന്‍ സഹായിക്കും.

കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്ഥലം ഉണ്ടെങ്കില്‍ നല്ല വെയില്‍ കിട്ടുന്ന സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍. മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും ചാരവും കാത്സ്യത്തിന് മുട്ടത്തോട് പൊടിച്ചതും ചേര്‍ത്ത് വിത്ത് നടാം. നേരിട്ട് നിലത്തു നടുമ്പോള്‍ മണ്ണ് കൂനകൂട്ടിയോ തടമെടുത്തോ നടാം. 

സ്ഥലമില്ലാത്തവര്‍ക്ക് ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ഉപയോഗ ശൂന്യമായ പാത്രങ്ങളിലോ ചാക്കിലോ ഒക്കെ നടാവുന്നതാണ്. അവയില്‍ നിറയ്ക്കുന്ന മണ്ണും ഇങ്ങനെ ഒരുക്കണം.

വിത്ത് നേരിട്ട് പാകുകയോ സീഡ് ഇന്‍ ട്രേയില്‍ നട്ട് മുളപ്പിച്ച ശേഷം മാറ്റി നടുകയോ ചെയ്യാം. മൂന്നു നാലു ദിവസം കൊണ്ട് വിത്തു മുളച്ചു തുടങ്ങും. നാലഞ്ച് ഇലകള്‍ വിരിഞ്ഞ ശേഷം വേണം മാറ്റി നടാന്‍. 

മണ്ണിന് നനവു കിട്ടാന്‍ പാകത്തിന് വേണം നനയ്ക്കാന്‍. അതേസമയം വേനല്‍ കടുക്കുമ്പോള്‍ നന്നായി നനച്ചു കൊടുക്കുകയും വേണം.

പാഴ്‌ച്ചെടികള്‍ കൊണ്ട് പുതയിടുന്നതും ഇടയ്ക്ക് മണ്ണ് കൂട്ടിക്കൊടുക്കുന്നതും നല്ലതാണ്. ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ്, കോഴിക്കാഷ്ടം തുടങ്ങിയ വളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. 

വെണ്ടകൃഷി ചെയ്യുന്നവരുടെ പ്രധാന ശല്യമാണ് ഉറുമ്പ്. ഉറുമ്പിനെ നേരിടാന്‍ പൊടിയുപ്പോ മഞ്ഞള്‍പ്പൊടിയോ ഇട്ടു കൊടുത്താല്‍ മതി. വെള്ളീച്ചകളാണ് മറ്റൊരു ശല്യക്കാരന്‍. ഇലകളിലെ മഞ്ഞപ്പിന് കാരണം വെള്ളീച്ചകളാണ്. ഇവയെ നേരിടാന്‍ വെളുത്തുള്ളി മിശ്രിതം തളിക്കണം. വേപ്പെണ്ണ മിശ്രിതം തളിക്കുന്നതും കീടങ്ങളെ അകറ്റാന്‍ സഹായകമാണ്.