ഒരുകിലോ അരിക്ക് എന്ത് വിലവരും..? വെണ്‍മണിയിലെ കര്‍ഷകരായ ഷാജിയോടും മത്തായിയോടുമാണ് ചോദ്യമെങ്കില്‍ പറയും -250 രൂപ.

ഗുജറാത്തിലെ തനത് നെല്ലിനമായ കൃഷ്ണകൗമോദിന്റെ അരിയാണിത്. പുന്തല ഇടനീര്‍ പാടശേഖരത്തിലെ ഒരേക്കറിലാണ് കൃഷി. കറുത്ത നിറത്തില്‍ വിളഞ്ഞുനില്‍ക്കുന്ന ഈ നെല്‍ച്ചെടികള്‍ ദൂരെനിന്ന് കണ്ടാല്‍ പാടം കരിഞ്ഞുകിടക്കുകയാണെന്നേ തോന്നൂ.

കൃഷ്ണകൗമോദിനുപുറമേ കേരളത്തിന്റെ തനത് ഇനങ്ങളായ കന്നുകുളമ്പന്‍, രക്തശാലി എന്നിവയും ഇവര്‍ കൃഷിചെയ്യുന്നു. കഴിഞ്ഞതവണ ഇരുവരുംചേര്‍ന്ന് തവളക്കണ്ണന്‍ എന്നയിനം നെല്ല് കൃഷിചെയ്തിരുന്നു.
 
സാധാരണ നെല്ലിന് കിലോയ്ക്ക് 20 രൂപ മാത്രം വില വരുമ്പോള്‍ നാടന്‍ നെല്ലിനങ്ങള്‍ക്ക് വില കൂടുതലാണ്. വെണ്‍മണി കൃഷി ഓഫീസര്‍ വി. അനില്‍കുമാര്‍, കൃഷി അസിസ്റ്റന്റ് റെനി തോമസ് എന്നവര്‍ നിര്‍ദേശങ്ങളുമായി ഇവര്‍ക്കൊപ്പമുണ്ട്.

കൃഷിക്ക് കൂട്ട് താര്‍പാര്‍ക്കര്‍

താര്‍പാര്‍ക്കര്‍ എന്നയിനം പശുവിനെ ഉപയോഗിച്ചുള്ള ജൈവവള കൃഷിയാണ് ഇവര്‍ നടത്തുന്നത്. ഈ പശുവിന്റെ ചാണകവും ചില പഴങ്ങളും ചേര്‍ത്ത് തയ്യാറാക്കുന്ന ജീവാമൃതം, ഘനജീവാമൃതം എന്നിവയാണ് വളം. പാകിസ്താനിലെ സിന്ധ് പ്രവിശ്യയാണ് ഇതിന്റെ ജന്മസ്ഥലം. താര്‍ മരുഭൂമിയില്‍ കൂടുതലായി കാണപ്പെടുന്നതുകൊണ്ടാണ് ഇവയെ താര്‍പാര്‍ക്കര്‍ എന്നുവിളിക്കുന്നത്. ചൂടിനെ അതിജീവിക്കാന്‍ പ്രത്യേക കഴിവുള്ള ഇനമാണിത്. സാധാരണ കൃഷിയില്‍ വളപ്രയോഗത്തിന് ഏക്കറിന് 1000 രൂപ ചെലവുവരുമ്പോള്‍ ജൈവ കൃഷിയില്‍ 50 രൂപ മാത്രമേ ചെലവുവരൂ. 

നെല്ലിനങ്ങളും പ്രത്യേകതകളും

കൃഷ്ണകൗമോദ്: നല്ല രുചിയും മണവുമുള്ള നെല്ലിനം. മൂപ്പെത്തുന്നതോടെ കറുത്തനിറമാകും. ഔഷധഗുണം ഏറെ. പണ്ട് രാജകുടുംബങ്ങള്‍ ശരീരപുഷ്ടിക്കും ക്ഷീണം മാറ്റാനും ഉപയോഗിച്ചിരുന്നതായി പറയുന്നു.

കന്നുകുളമ്പന്‍: കേരളത്തിലെ പഴയ ഇനം നെല്‍വിത്തുകളില്‍ ഒന്ന്. നെല്‍ച്ചെടി അഞ്ചര അടിവരെ ഉയരംവയ്ക്കും. വൈക്കോലും നെല്ലും കൂടുതല്‍ കിട്ടും. ഉയര്‍ന്ന പ്രതിരോധശേഷി. വില കിലോയ്ക്ക് 100 രൂപ.

രക്തശാലി: ഇതിന്റെ ഉമി ഔഷധമാണ്. ഗര്‍ഭിണികള്‍ക്കും ശാരീരിക ക്ഷീണമുള്ളവര്‍ക്കും ഉത്തമം. ഇതിന്റെ ചോറ് ത്രിദോഷം ഇല്ലാതാക്കുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. വില കിലോയ്ക്ക് 160 രൂപ.

Content highlights: Tharparkar cattle in Gujrat, Agriculture, Krishna Kamod rice