ഒന്നിനും സമയം തികയാറില്ല. അപ്പോഴാണോ അടുക്കളത്തോട്ടം എന്ന് ചിന്തിക്കാൻ വരട്ടെ. അല്‍പം മനസ്സുവച്ചാല്‍ ആര്‍ക്കും വീട്ടിലൊരു ഗംഭീര പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാം.

എന്തൊക്കെ നടാം

അടുപ്പിലിരിക്കുന്ന പാത്രത്തിലെ തിളച്ച എണ്ണയിലേക്കിട്ട് കടുക് പൊട്ടുമ്പോഴായിരിക്കും പലരും കറിവേപ്പില ഇല്ലല്ലോ എന്നോര്‍ക്കുന്നത്. അപ്പോള്‍ ഇല പൊട്ടിച്ചെടുക്കാന്‍ പാകത്തിന് ഒരു കറിവേപ്പ് അടുത്തുണ്ടെങ്കിലോ? കറിവേപ്പ്, മാത്രമല്ല, കാന്താരി മുളക്, ചീര, തക്കാളി തുടങ്ങി അവശ്യം വേണ്ടവയും അടുത്തു തന്നെ ഉണ്ടെങ്കില്‍ സംഗതി എളുപ്പമായി.

curryleaves

എവിടെ നടാം

കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ളവ ദീര്‍ഘകാലം വിളവുതരും.  ഇവയ്ക്ക് വീട്ടുവളപ്പില്‍ പ്രത്യേകം സ്ഥലം കൊടുക്കണം.

അധികം വെയില്‍ ആവശ്യമില്ലാത്ത ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളയായി കൃഷി ചെയ്യാം. ഇവ ചാക്കിലും നടാവുന്നതാണ്‌. കിഴങ്ങുവിളകള്‍ ചാക്കില്‍ നട്ടാലും വിളവ് കുറയില്ല. ഇവയ്ക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. 

ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവയ്‌ക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.

ടെറസില്‍ തട്ടൊരുക്കാം

ഇനി നിലത്ത് തീരെ സ്ഥലമില്ല എന്നാണെങ്കില്‍ വിഷമിക്കേണ്ട. പച്ചക്കറി നടാന്‍ ടെറസായാലും മതി.

ടെറസ്സില്‍ കൃഷി ചെയ്യാന്‍ ഗ്രോ ബാഗുകളോ ചാക്കുകളോ എടുക്കാം. ഉപയോഗശൂന്യമായ പാത്രങ്ങള്‍, ബക്കറ്റുകള്‍, പാട്ടകള്‍, ചെടിച്ചട്ടികള്‍ തുടങ്ങി ഒരു ചെടിക്ക് നിലനില്‍ക്കാനാവശ്യമായ ഏതു വസ്തുവിലും കൃഷിയൊരുക്കാം.

ഇരുമ്പ് പൈപ്പു കൊണ്ട് തട്ടൊരുക്കി ഇവ വയ്ക്കുന്നതാണ് ഉചിതം. അതാകുമ്പോള്‍ ടെറസുമായി നേരിട്ട് ബന്ധമുണ്ടാവുകയുമില്ല. അതുകൊണ്ടുതന്നെ ഈര്‍പ്പം കെട്ടി നിന്ന് മേല്‍ക്കൂരയ്ക്ക് ദോഷമുണ്ടാകുമെന്ന ഭയവും വേണ്ട.

ഇരുമ്പ് പൈപ്പുകൊണ്ട് തട്ടൊരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചുടുകല്ലോ ഹോളോബ്രിക്സ് കട്ടയോ നിരത്തി അതിനു മുകളില്‍ ചട്ടികളോ പാത്രങ്ങളോ സഞ്ചിയോ വയ്ക്കാം. 

മണ്ണൊരുക്കാം

മണ്ണും ചാണകപ്പൊടിയും ചാരവും ചേര്‍ത്ത മിശ്രിതമാണ് നിറയ്ക്കേണ്ടത്. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകുകയോ നാല്- അഞ്ച് ഇലകള്‍ വിരിഞ്ഞ തൈകള്‍ പറിച്ചു നടുകയോ ആകാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനയ്ക്കണം.

organic farmingവിത്തിടാം

ചീര, വഴുതന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി മഞ്ഞള്‍പ്പൊടി, തരിയായി പൊടിച്ച അരി, റവ എന്നിവയുമായി കൂട്ടിക്കലര്‍ത്തി വിതറുന്നതാണ് നല്ലത്.

തൈകള്‍ പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.

സംരക്ഷിക്കാം

ആഴ്ചയിലൊരിക്കല്‍ ചാണകപ്പൊടിയോ മുട്ടത്തോട് പൊടിച്ചതോ ഇട്ടുകൊടുത്താല്‍ ചെടികള്‍ കരുത്തോടെ വളരും.

ചിട്ടയായി ആവശ്യത്തിനു വെള്ളം നനയ്ക്കണം. ചാക്കില്‍ നിന്നോ ചട്ടിയില്‍ നിന്നോ വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്.

ഒരേ ചാക്കിലും ചട്ടിയിലും തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഫലം കുറയും. മൂന്നോ നാലോ തവണ വിളവെടുത്തശേഷം അടുത്ത തവണ ചെടി നടാറാകുമ്പോള്‍ ചാക്കില്‍ നിന്നോ ചട്ടിയില്‍ നിന്നോ മണ്ണ് തട്ടിയിളക്കി ചാരവും ചാണകപ്പൊടിയും മുട്ടത്തോട് പൊടിച്ചതും ചേര്‍ത്ത് ഇളക്കി വീണ്ടും നിറയ്ക്കണം.

ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.