മക്കള്‍ വികസിപ്പിച്ച 'സിമ്പിള്‍ ഹൈഡ്രോപോണിക്‌സ്' കൃഷിരീതി  ഉപയോഗപ്പെടുത്തി  മണ്ണില്ലാകൃഷിയിലേക്ക് കടന്നിരിക്കുകയാണ് കേരകര്‍ഷകന്‍ കൂടിയായ  പാലക്കാട് മീനാക്ഷിപുരം സ്വദേശി ജഗദീശന്‍. വീട്ടിലെ 25 പശുക്കള്‍ക്കുള്ള തീറ്റപ്പുല്‍ കണ്ടെത്തുന്നതിനാണ് അച്ഛനും മക്കളും ചേര്‍ന്ന് പുതിയ കൃഷിരീതിയിലേക്ക് കടന്നിരിക്കുന്നത്.

ലക്ഷങ്ങള്‍ വിലയുള്ള  ഹൈഡ്രോപോണിക്‌സ് യന്ത്രത്തിനു പകരം മക്കളായ ശരവണനും  സര്‍ഗുണനും  വികസിപ്പിച്ചെടുത്ത സംവിധാനത്തിലൂടെയാണ് തീറ്റപ്പുല്‍ ഉത്പാദിപ്പിക്കുന്നത്. മണ്ണും വളവുമില്ലാതെ വളരെക്കുറച്ച് വെള്ളത്തിന്റെ സഹായത്തോടെയാണ് ഉത്പാദനം. പി.വി.സി. പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച തട്ടുകളില്‍ പ്ലാസ്റ്റിക് ട്രേകകള്‍ വെച്ച് അതിലാണ് ഉത്പാദനം. 40,000 രൂപ ചെലവിലാണ് ഇത് നിര്‍മിച്ചെടുത്തത്.

അത്യുത്പാദനശേഷിയുള്ള മക്കചോളം 20 മണിക്കൂര്‍ തുണിയില്‍ക്കെട്ടി വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്തശേഷം ഒഴിഞ്ഞ ട്രേകളില്‍ ഇടും. ഒരു ട്രേയില്‍ 600 മുതല്‍ 750 ഗ്രാം വരെ ഇടാം. തുടര്‍ന്ന് ദിവസവും രണ്ടുപ്രാവശ്യം നനയ്ക്കും. ട്രേ വയ്ക്കാനായി സജ്ജീകരിച്ച പൈപ്പുകളിലൂടെത്തന്നെയാണ് ഇവയ്ക്ക് തുള്ളിനന നല്‍കുന്നത്. ഇത് എട്ടുദിവസംവരെ തുടരും. എട്ടാംദിവസം പുല്ലിന് ഒരടിയോളം നീളംവരും. ഇവയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ഒരു ട്രേയില്‍നിന്ന് ഏകദേശം ഒരുകിലോയോളം പുല്ലുകിട്ടും. 

Content highlights: Agriculture, Hydroponics system, Animal husbandry

  (ഫോണ്‍:  7558022733)