''എന്റെ സ്‌കൂള്‍ സഹപാഠികളുടെ സംഗമമായിരുന്നു കഴിഞ്ഞമാസം. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും തുടങ്ങി സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തിയ ഒട്ടേറെപ്പേരുണ്ടായിരുന്നു. എന്നാല്‍ കൃഷിക്കാരിയായ എനിക്കാണ് കൂട്ടത്തില്‍ ഏറ്റവും പ്രശംസ കിട്ടിയത്. ജോലിയില്‍നിന്ന് വിരമിച്ചശേഷം കൃഷിചെയ്യാന്‍ ആഗ്രഹമുള്ളവരായിരുന്നു അവരെല്ലാം, ഞാനത് മുമ്പേ തുടങ്ങി''പറയുന്നത് പാലക്കാട് കുളക്കാട്ടുകുറിശ്ശി സ്വദേശിയായ സ്വപ്ന ജയിംസ് എന്ന നാല്പതുകാരി.

എം.എ. ഇംഗ്ലീഷ് പാസായ സ്വപ്ന രണ്ടുപതിറ്റാണ്ടോളമായി ആറ് ഏക്കറില്‍ വിവിധ വിളകള്‍ സമ്പൂര്‍ണ ജൈവരീതിയില്‍ കൃഷിചെയ്യുകയാണ്. തെങ്ങ്, കവുങ്ങ്, ജാതി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍, 40 ഇനം മാവുള്‍പ്പെടെയുള്ള ഫലവര്‍ഗങ്ങള്‍ എന്നിവ പലതട്ടുകളായി സമ്മിശ്രരീതിയില്‍ പരിപാലിക്കുന്നു. സ്പ്രിങ്ക്‌ളര്‍ നനയാണ്. കൃഷിയവശിഷ്ടങ്ങളൊക്കെ തടങ്ങളില്‍ ചേര്‍ത്തു ജലസംരക്ഷണവും ഉറപ്പാക്കുന്നു. 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മഴമറയ്ക്കുള്ളില്‍ പച്ചക്കറി കൃഷിചെയ്യുന്നു. കുളങ്ങളുടെ തിട്ടകളില്‍ ഗ്രോബാഗുകളില്‍ പച്ചക്കറിക്കൃഷിയുമുണ്ട്. ഒരേക്കര്‍ വിസ്തൃതിയുള്ള വയലില്‍ ജൈവനെല്‍ക്കൃഷിയാണ് ചെയ്യുന്നത്.

നാല് നാടന്‍ പശുക്കളുണ്ട്. ഇവയുടെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ജീവാമൃതം, ഖനജീവാമൃതം, പഞ്ചഗവ്യം എന്നിവയുണ്ടാക്കി വിളകള്‍ക്കു നല്‍കുന്നു. ഗോമൂത്രം നേര്‍പ്പിച്ചതും തടങ്ങളില്‍ ഒഴിക്കുന്നു. കൃഷിയവശിഷ്ടങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന തുമ്പൂര്‍മുഴി കമ്പോസ്റ്റാണ് വിളകള്‍ക്കു നല്‍കുന്ന മറ്റൊരു പ്രധാന വളം.

സൗരോര്‍ജ വിളക്കുകെണിയും ജൈവകീടനാശിനികളും ഫിഷ് അമിനോയും എഗ് അമിനോയും ഗോമൂത്രവുമൊക്കെ കീടരോഗശല്യമകറ്റുന്നു. വിളകളുടെ പരാഗണം ഉറപ്പാക്കാനും അധികവരുമാനമാര്‍ഗമായും തോട്ടത്തില്‍ 50ഓളം ചെറുതേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.

മുപ്പതോളം ആടുകളും നാടന്‍കോഴികളും താറാവുകളും ജൈവവളത്തിന്റെ സ്രോതസ്സാണ്. പുല്‍കൃഷിയുള്ളതിനാല്‍ പശുക്കള്‍ക്കും ആടുകള്‍ക്കും തീറ്റച്ചെലവ് കുറവാണ്. നിര്‍ലോഭമായ വിളവാണ് ജൈവവളങ്ങളുടെ കരുത്തില്‍ വിളകളില്‍നിന്ന് ലഭിക്കുന്നത്. കാര്‍ഷികോത്പന്നങ്ങളും അവയില്‍നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളും കൃഷിയിടത്തില്‍ നിന്നു തന്നെ ചെലവാകുന്നു.