കല്പകഞ്ചേരി: വിദേശ പഴങ്ങള്‍ വിളയിച്ചെടുക്കുന്നതില്‍ ഏറെ താത്പര്യമുള്ള വൈലത്തൂര്‍ പൊന്‍മുണ്ടം സ്റ്റേജ്പടിയിലെ മണ്ണിങ്ങല്‍ മുഹമ്മദ് ഹനീഫയുടെ കൃഷിയിടത്തില്‍ ഇനി ഡ്രാഗണ്‍ ഫ്രൂട്ടും. 

അമേരിക്ക, ചൈന, വിയറ്റ്‌നാം, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപകമായി കൃഷിചെയ്യുന്ന മെക്‌സിക്കന്‍ ഇനമായ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തണ്ട് മൂന്നുവര്‍ഷം മുന്‍പാണ് ഹനീഫ നട്ടുപിടിപ്പിച്ചത്. ഒരു മലേഷ്യന്‍ സുഹൃത്ത് സമ്മാനിച്ചതായിരുന്നു ഇത്. ജൈവവളവും വെള്ളവുംനല്‍കി വളരെ സൂക്ഷ്മതയോടെ പരിപാലിച്ച ഡ്രാഗണ്‍ചെടി വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പൂത്ത് കായ്ച്ചത് ഹനീഫയ്ക്ക് ഏറെ സന്തോഷം നല്‍കുന്നു. 

ലോംഗന്‍ പഴം, തായ്‌ലന്റ് പുളി, മെറാക്കിള്‍ ഫ്രൂട്ട്, ബ്ലാക്ക്‌ബെറി, ഹൂഗ് പ്ലംസ്, ഗ്ലാബ്, സാന്റോള്‍ ഫ്രൂട്ട്, ആസ്‌ത്രേലിയന്‍ ചെറി, സ്‌നേക്കര്‍ ഫ്രൂട്ട്, ലിക്കോട്ട, സ്‌ട്രോബറി, കിവി, മലേഷ്യന്‍ പപ്പായ, ഗള്‍ഫ് ഞാവല്‍, പിസ്ത, സാലഡ് തക്കാളി, ചുവന്ന സീതപ്പഴം, റെഡ് ഇഞ്ചി, ബ്ലാക്ക് ഇഞ്ചി, ദുരിയാന്‍, റെഡ് മാംഗോസ്റ്റീന്‍, മധുര അമ്പഴങ്ങ, തിപ്പല്ലി, ഊദ്, തുടങ്ങിയ അപൂര്‍വവും വൈവിധ്യവുമായ നിരവധി ഇനങ്ങളാണ് മുന്‍ പ്രവാസിയായ ഹനീഫയുടെ വീടിനോടുചേര്‍ന്നുള്ള വിശാലമായ കൃഷിയിടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇത് കൂടാതെ പശു, ആട്, കോഴി, കാട, താറാവ് തുടങ്ങിയവയേയും വളര്‍ത്തുന്ന ഈ കൃഷിസ്‌നേഹിക്ക് ഭാര്യ സുബൈദയും കുടുംബവും പൂര്‍ണ പിന്തുണയും സഹായവും നല്‍കുന്നു.