കാസര്‍ക്കോടു മുതല്‍ കന്യാകുമാരിവരെ കാന്താരിമുളക് കൃഷി ചെയ്യുന്നവരുടെ വിത്തു വിപണി ഇങ്ങ് വയനാട്ടിലാണ്. തരുവണ മഴുവന്നൂരിലെ തറവോട്ടുമഠത്തില്‍ കാന്താരിമുളക് കൃഷിയുടെ പെരുമയറിഞ്ഞ് വിത്തിനായി ഇപ്പോഴും ഒട്ടേറെപ്പേരെത്തുന്നു. കൃഷ്ണന്‍ നമ്പൂതിരിയും സത്യഭാമ അന്തര്‍ജനവുമാണ് നാലുവര്‍ഷത്തോളമായി കാന്താരിമുളക് കൃഷിയിലൂടെ വരുമാനം നേടുന്നത്. 

വീടിനടുത്ത കൃഷിയിടത്തില്‍ അധികം ചെലവൊന്നുമില്ലാതെ വരുമാനദായകമായ ഒരു കൃഷി. രാസവളങ്ങള്‍ തീരേ വേണ്ട. ജൈവലായനിയും ചാണകവും മതി. രണ്ടുമൂന്നുവര്‍ഷത്തോളം സ്ഥിരമായി കാന്താരിമുളക് വിളവെടുക്കാന്‍ ഇതുതന്നെ ധാരാളം. കാന്താരിമുളകിന് പ്രിയം കൂടിയതോടെ ചെറുതായി തുടങ്ങിയ കൃഷി വിപുലപ്പെടുത്തി. ഇപ്പോള്‍ അരയേക്കറോളം സ്ഥലത്ത് കൃഷിയുണ്ട്. ഇതിനിടയില്‍ ചേനയും ചേമ്പുമെല്ലാം നട്ടതോടെ അങ്ങനെയും വരുമാനമായി. 

മറ്റു വിളകള്‍ക്കൊപ്പം വിലത്തകര്‍ച്ചയും വിളനാശവും വലിയൊരു പ്രതിസന്ധിയാകുമ്പോള്‍ വീട്ടമ്മമാര്‍ക്കുപോലും വീട്ടുമുറ്റത്തുനിന്ന് വരുമാനമുണ്ടാക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അഞ്ചുസെന്റ് കൃഷിയിടത്തില്‍നിന്ന്  വര്‍ഷത്തില്‍ മുന്നൂറു കിലോയോളം വിളവെടുപ്പ് നടത്താം. ചെടി നട്ടുകഴിഞ്ഞാല്‍ ആറുമാസമാകുമ്പോഴേക്കും മുളക് കായ്ച്ചുതുടങ്ങും. 15 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം.  കിലോയ്ക്ക് ശരാശരി 150 രൂപ ഏതുകാലത്തും ലഭിക്കും. കിലോയ്ക്ക് 400 രൂപ മുതല്‍ 1000 രൂപവരെയും  ഉയര്‍ന്ന സീസണുമുണ്ട്. വയനാട്ടില്‍ ബത്തേരിയിലാണ് വിപണി. എന്നാല്‍, കൂടുതല്‍ പ്രിയം കുറ്റ്യാടി, കോഴിക്കോട് എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളിലാണ്. ഇപ്പോള്‍ ഏതുമാര്‍ക്കറ്റിലും കാന്താരി മുളകിന് ആവശ്യക്കാര്‍ ഏറെയുണ്ട്. 

മറുനാട്ടിലും വിദേശത്തുമെല്ലാം വന്‍പ്രിയമുണ്ട്. മറ്റ് ജൈവപച്ചക്കറി കൃഷികള്‍ക്കൊപ്പം കാന്താരിയും വ്യാപിപ്പിച്ചതോടെ അടുക്കളത്തോട്ടംപോലെയുള്ള ചെറുസംരംഭങ്ങളില്‍ കാന്താരിയെ നിസ്സാരമായി കാണാനാകില്ലെന്നാണ് കൃഷിയെ സ്‌നേഹിക്കുന്ന ഈ കുടുംബത്തിന് പറയാനുള്ളത്. മക്കളായ രജിത്ത്കുമാറും ശിവകുമാറും ഈ ഉദ്യമത്തില്‍ പിന്തുണയായുണ്ട്.